തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവും മോചനത്തിന് തടസ്സം; തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ളത് കിംവദന്തികളോ? കാന്തപുരത്തിന്റെ സുഹൃത്ത് ശ്രമം തുടരുന്നു; നിമിഷപ്രിയയെ രക്ഷിക്കാന്‍ കടമ്പകള്‍ ഏറെ
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയെങ്കിലും മോചനം നേടാന്‍ കടമ്പകളേറെ. ദിയാധനമല്ല ഞങ്ങളുടെ ആവശ്യമെന്നും ഒത്തുതീര്‍പ്പിനില്ലെന്നും പറഞ്ഞ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവുമാണ് മോചനത്തിന് തടസ്സമാകുന്നത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വെല്ലുവിളികള്‍ കൂട്ടുന്നതാണ് ഇതിന് കാരണം. കരുതലോടെയാണ് വിദേശകാര്യമന്ത്രാലയം അടക്കം നീങ്ങുന്നത്. അടുത്ത രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും. യെമന്‍ പ്രസിഡന്റ് എടുക്കുന്ന നിലപാടിലാണ് ഏവരും ഉറ്റു നോക്കുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ യമനെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് കേരളത്തിലടക്കമുള്ള ചില ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നതും മോചനത്തിന് തടസ്സമാകുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, തലാലിന്റെ ജന്മദേശമായ ദമറിലും തലസ്ഥാനമായ സനായിലും മധ്യസ്ഥശ്രമങ്ങളും അനൗദ്യോഗിക ചര്‍ച്ചകളും തുടരുകയാണെന്ന് കാന്തപുരത്തിന്റെ പ്രതിനിധി സംഘം അറിയിച്ചു. ഈ ചര്‍ച്ചകള്‍ പ്രതീക്ഷയോടെയാണ് പോകുന്നത്. നിമിഷയുടെ ജീവന്‍ പണയപ്പെടുത്തിയുള്ള തര്‍ക്കങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കാന്തപുരത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി പണ്ഡിതന്റെ ഇടപെടലുകളെ നിഷേധിച്ചും അവഹേളിച്ചും ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ യമനില്‍ പ്രചരിച്ചതാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തടസ്സമായത്. ചര്‍ച്ചയ്ക്ക് തയ്യാറായ കുടുംബത്തിലെ കാരണവന്മാര്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി യുവാക്കളെത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്.
കാന്തപുരത്തിന്റെ അഭ്യര്‍ഥനപ്രകാരം യമനിലെ സൂഫി പണ്ഡിതനായ ശൈഖ് അബീബ് ഉമര്‍ബ്നു ഹഫീസുമായി നടത്തിയ ചര്‍ച്ചയിലാണ് വധശിക്ഷ നീട്ടിയത്. കേസില്‍ ഇനിയും പുരോഗതി ഉണ്ടാകേണ്ടതുണ്ട്. ശിക്ഷ മാറ്റിവയ്ക്കുന്ന ഉത്തരവേ ഉണ്ടായിട്ടുള്ളൂ. സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദരപുത്രന്‍ ഹബീബ് അബ്ദുറഹ്‌മാന്‍ മശ്ഹൂറിന്റെ നേതൃത്വത്തിലും കുടുംബാംഗങ്ങളും മറ്റുമായി ചര്‍ച്ച തുടരുകയാണെന്നും പ്രതിനിധി സംഘം അറിയിച്ചു. ദിയാധനത്തിലും മാപ്പ് നല്‍കുന്നതിലും കുടുംബം ഉറപ്പുനല്‍കേണ്ടതുണ്ട്. അതുവരെ ശ്രമം പൂര്‍ണമായി വിജയിക്കില്ല.
വധശിക്ഷ വേണമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പാക്കണം. ക്രൂരമായ കൊലപാതകവും കേസ് നീണ്ടുപോയതും വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ നിമിഷ പ്രിയയ്ക്ക് സഹതാപം നേടാന്‍ ശ്രമിക്കുകയാണ്. സത്യം മറച്ചുപിടിക്കുകയാണ് എന്നും പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് താലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരണം.
തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ ശരിയല്ല. കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. സഹതാപം നേടി പൊതുജന പിന്തുണ നേടാന്‍ ശ്രമിക്കുകയാണ് എന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി പറയുന്നു.
നീതി നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു. ബിബിസിയോട് നടത്തിയ ഈ പ്രതികരണവും തലാലിന്റെ സഹോദരന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നുമായിരുന്നു സഹോദരന്‍ നേരത്തെ നടത്തിയ പ്രതികരണം.