സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു; അതോടെ അവള്‍ പൊട്ടിക്കരഞ്ഞുപോയി; പതിവായി ഫോണില്‍ ബന്ധപ്പെട്ട് അവളെ ആശ്വസിപ്പിക്കുന്നു; ജയിലിലെ എല്ലാ വിവരവും വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുന്നുണ്ട്; അഞ്ചുദിവസം മാത്രം ശേഷിക്കെ പ്രതീക്ഷ കൈവിടാതെ ഭര്‍ത്താവ് ടോമി തോമസ്
സന ജയില്‍ ചെയര്‍മാന്‍ നേരിട്ടെത്തി വധശിക്ഷാ തീരുമാനവും തീയതിയും നിമിഷപ്രിയയെ അറിയിച്ചു
തിരുവനന്തപുരം: യമന്‍ പൗരനെ വകവരുത്തിയെന്ന കേസില്‍, വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ 16 നാണ് യുവതിയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. തനിക്കിപ്പോഴും പ്രതീക്ഷയുണ്ടെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു.
താന്‍ നിമിഷപ്രിയയുമായി എല്ലാ ദിവസവും ഫോണ്‍ വഴി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുപിടിച്ച് ശ്രമിക്കുന്നതോടെ അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
' ഞാന്‍ നിമിഷപ്രിയയുമായി പതിവായി സംസാരിക്കുന്നുണ്ട്. അവള്‍ക്ക് ടെക്‌സ്റ്റ്, ശബ്ദസന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയും. ഇന്നലെ ഞാന്‍ ഗവര്‍ണറെ കണ്ടിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ച് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിനും ഒപ്പം ഞങ്ങളുടെ അഭിഭാഷകനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്'- ടോമി പറഞ്ഞു.
വധശിക്ഷ ജൂലൈ 16 ന് നിശ്ചയിച്ച വിവരം നിമിഷപ്രിയയെ അറിയിച്ചു. സനയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുമായി വാട്‌സാപ് ടെക്‌സറ്റ്, വോയ്‌സ് മെസേജുകളിലൂടെയാണ് ബന്ധപ്പെടുന്നത്. ജയിലിന്റെ ചെയര്‍മാന്‍ നേരിട്ട് നിമിഷപ്രിയയെ വധശിക്ഷാ തീരുമാനവും തീയതിയും അറിയിച്ചു.
' ജയില്‍ അധികൃതര്‍ വധശിക്ഷാ തീയതി അവളെ അറിയിച്ചതോടെ ആകെ പരവശയായി. വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ അവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. മോചനത്തിനായി എല്ലാ പരിശ്രമവും നടത്തുന്നുണ്ടെന്ന് അറിയിച്ചു'-ടോമി തോമസ് പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ ഏംബസി ഇതുവരെ വധശിക്ഷയുടെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്ക് യെമനില്‍ ഏംബസി ഇല്ല താനും. ഈ മേഖല വിമതപടയായ ഹൂതികളുടെ പക്കലാണ്. അതുകൊണ്ട് തന്നെ നേരിട്ടുള്ള നയതന്ത്ര ഇടപെടല്‍ സാധ്യമല്ല.
യെമനി ജയിലില്‍ തടവുകാര്‍ക്ക് പരിമിതമായ രീതിയില്‍ വാട്‌സാപ് ഉപയോഗിച്ച് കുടുംബവുമായി ആശയവിനിമയം നടത്താം. അങ്ങനെയാണ് അവിടെ നടക്കുന്നതെല്ലാം നിമിഷപ്രിയ തന്നെ അറിയിക്കുന്നതെന്നും ടോമി തോമസ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിവരങ്ങള്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് അറ്റോര്‍ണി ജനറലിനെ വിവരങ്ങള്‍ ധരിപ്പിച്ചത്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം. കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തൊഴില്‍ ഇടത്തിലെ പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയുടെ പേരിലുളള കേസ്.