കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം; മസ്തിഷ്‌ക ജ്വരത്തിന് ചികില്‍സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം; ആശങ്ക ഒഴിയുമ്പോഴും ഇത് നിപയില്‍ ജാഗ്രത തുടരേണ്ട കാലം
കോഴിക്കോട്: കോഴിക്കോട് നിപാ ഭീതി അകന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തൊന്നുകാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അവര്‍.
കേരളം ഭീതിയോടെ മാത്രം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാലഘട്ടമാണ് നിപ. 2018ലാണ് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി നിപ വൈറസ് ബാധ പടര്‍ന്നുപിടിച്ചത്. 18 പേരായിരുന്നു അന്ന് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. പിന്നീടും പലതവണ വിവിധയിടങ്ങളിലായി നി റിപ്പോര്‍ട്ട് ചെയ്തു. കേരളം നിപ ബാധക്ക് സാധ്യതയുള്ള മറ്റൊരു സീസണിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ കേസും വരുന്നത്. സ്രവപരിശോധനാ റിപ്പോര്‍ട്ടിലൂടെ ആശങ്ക ഒഴിയുകയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്. വയനാട് ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിപ പരിവീക്ഷണ പ്രവര്‍ത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്നാണ് ആവശ്യം. മുന്‍കരുതലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിലത്ത് വീണ പഴങ്ങള്‍ , അടക്ക മുതലായവ എടുക്കുമ്പോള്‍ നിര്‍ബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തില്‍ വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളില്‍ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കണം
വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ ഭയചകിതരാക്കുകയും കൂടുതല്‍ ശരീര സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ വവ്വാലുകള്‍ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 മേയ് മാസത്തിലായിരുന്നു കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടെന്ന് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്.
കോഴിക്കോട്ടെ ചെങ്ങരോത്ത് എന്ന ഗ്രാമമായിരുന്നു പകര്‍ച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് സര്‍ക്കാര്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു.