തെളിവ് നശിപ്പിക്കുമെന്ന വാദം കോടതി ഗൗരവത്തില്‍ എടുത്തു; മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ വിശദ ചോദ്യം ചെയ്യലിന് പോലീസ്; നോബിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നല്‍കുന്നത് കുറ്റകൃത്യം ഗൗരവമുള്ളത് എന്ന്; ഷൈനിയുടെയും കുട്ടികളുടേയും മരണത്തില്‍ പ്രോസിക്യൂഷന് നിര്‍ണ്ണായക നേട്ടം
കോട്ടയം: ഏറ്റുമാനൂര്‍ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ പ്രതി നോബി ലൂക്കോസ് ജയിലില്‍ തുടരും. നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ വിശദ ചോദ്യം ചെയ്യല്‍ നടക്കും. നോബിയുടെ മറ്റ് കുടുംബാഗങ്ങളിലേക്കും അന്വേഷണം നീളും. നോബിയ്ക്ക് ജാമ്യം നിഷേധിച്ചത് പ്രോസിക്യൂഷനും നേട്ടമാകും. പ്രാഥമികമായി കേസ് നിലനില്‍ക്കുമെന്ന കൂടി വ്യക്തമാകുകയാണ്.
കേസില്‍ ഭര്‍ത്താവ് നോബിക്ക് ജാമ്യം നല്‍കരുതെന്ന് ഏറ്റുമാനൂര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത് കോടതി അംഗീകരിച്ചു. ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയില്‍ നോബി ഷൈനിയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് അമ്മയും മക്കളും ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റിലേക്ക് പോയത്. അതേസമയം, ഷൈനി വായ്പ എടുത്തത് ഭര്‍ത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല. ഷൈനിയുടെ ആവശ്യത്തിന് എന്നു പറഞ്ഞ് ഇവര്‍ കൈയൊഴിഞ്ഞു.
ഷൈനിയുടെ പേര്‍ക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നല്‍കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജു പറഞ്ഞു. ഇതും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്.