വി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ 'ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം'; എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ചര്‍ച്ചയിലേക്ക് തുഷാറിന്റെ വരവോടെ എന്‍എസ്എസിലേക്ക് ബിജെപിയുടെ ഇടപെടലും ഭയന്നു; എന്തിനാണ് രാഷ്ട്രീയക്കാരനായ തുഷാറിനെ ചര്‍ച്ചക്ക് പറഞ്ഞു വിട്ടതെന്ന ചോദ്യമുയര്‍ത്തി സുകുമാരന്‍ നായരുടെ പിന്‍മാറ്റം

എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം!

Update: 2026-01-26 09:04 GMT

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യ ആഹ്വാനത്തിന് ആയുസ് ഒമ്പത് ദിവസം മാത്രം. മുന്‍കാലങ്ങളിലേത് പോലെ ഐക്യം വെറും ജലരേഖയായി മാറി. ഇനി ചരിത്രം ആവര്‍ത്തിക്കുന്ന വിധത്തില്‍ ഇരു നേതാക്കളും തമ്മില്‍ വാക്കുകകള്‍ കൊണ്ടു കോര്‍ക്കുമോ എന്നാണ് അറിയേണ്ടത്. മുന്‍കാലങ്ങളില്‍ ക്രൈസ്തവ സമുദായത്തോടുള്ള എതിര്‍പ്പ് മുന്‍നിര്‍ത്തിയാണ് അന്ന് ഐക്യനീക്കം ഉണ്ടായത്. ഇക്കുറി ഇതിന് കാരണമായത് വി ഡി സതീശനോടുള്ള എതിര്‍പ്പും മുസ്ലിംലീഗിനോടുള്ള അതൃപ്തിയുമായിരുന്നു. എന്നാല്‍, പതിവുതെറ്റിക്കാതെ ഈ ഐക്യവും വെള്ളത്തില്‍ വരച്ച വരപോലെയായി.

ജനുവരി 18നാണ് എന്‍.എസ്.എസുമായി ഐക്യം രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. ഐക്യത്തോട് വളരെ പെട്ടെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചതും. കൂടാതെ, ഐക്യ ചര്‍ച്ചക്ക് ദൂതനായി തുഷാറിനെ അയക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും തുഷാറിനെ മകനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരന്‍ നായരും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

തുഷാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്നും ഐക്യം സംബന്ധിച്ച അന്തിമ നിലപാട് എടുക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്നാല്‍, ഐക്യത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് എന്‍.ഡി.എ കണ്‍വീനറായ തുഷാറുമായുള്ള കൂടിക്കാഴ്ച നടക്കും മുമ്പ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത് ഐക്യനീക്കത്തില്‍ നിന്ന് പിന്മാറുന്നതായി സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്നതിന് പിന്നില്‍.

എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം സാധ്യമാകില്ല എന്നതിന്റെ വ്യക്തമായ നിരീക്ഷണമാണ് എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്. ''പല കാരണങ്ങളാലും പല തവണ എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എന്‍.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എന്‍.ഡി.പിയോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം'' -വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

നായര്‍ -ഈഴവ ഐക്യം അനിവാര്യമാണെന്ന് ജനുവരി 18ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി നടേശ, മുസ്‌ലിം ലീഗാണ് എന്‍.എസ്.എസ്സിനെയും എസ്.എന്‍.ഡി.പിയെയും തെറ്റിച്ചതെന്നും ആരോപിച്ചു. നായര്‍ -ഈഴവ ഐക്യം മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ല. ആദ്യം മുതല്‍ക്കേ എസ്.എന്‍.ഡി.പി ഉയര്‍ത്തിയ വാദമാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ യോജിപ്പ്. ലീഗ് നേതൃത്വം എസ്.എന്‍.ഡി.പി യോഗത്തെ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തി. നായര്‍ - ഈഴവ ഐക്യത്തോട് അവര്‍ യോജിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ആഹ്വാനത്തെ അനുകൂലിച്ച സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാവുമെന്നും വ്യക്തമാക്കി. എന്‍.എസ്.എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടംതട്ടാതെ എസ്.എന്‍.ഡി.പിയുമായുള്ള ഐക്യം യാഥാര്‍ഥ്യമാക്കും. പ്രബല ഹിന്ദുസമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഐക്യത്തില്‍ ആശങ്ക രാഷ്ട്രീയകാര്‍ക്ക് മാത്രമാണ്.

തുഷാറിനെ രാഷ്ട്രീയ നേതാവായി കരുതാതെ വെള്ളാപ്പള്ളിയുടെ മകനായി സ്വീകരിക്കും. എസ്.എന്‍.ഡി.പിയുമായി ഐക്യമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. തുഷാര്‍ വന്നശേഷം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐക്യം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും. എസ്.എന്‍.ഡി.പിയുമായി മുമ്പ് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴതില്ല. നേരത്തെ ഐക്യമുണ്ടായപ്പോള്‍ സംവരണ വിഷയങ്ങളിലാണ് ഭിന്നതയുടലെടുത്തത്. ഇവിടെ രാഷ്ട്രീയം വിഷയമല്ല. സമുദായ സംഘടനകളുടെ ഐക്യം സി.പി.എമ്മിനെയോ മറ്റു രാഷ്ട്രീയകക്ഷികളെയോ സഹായിക്കാനല്ല. എന്‍.എസ്.എസ് എന്നും സമദൂരത്തിനൊപ്പമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതോടെ, വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും പ്രതികരണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എല്‍.ഡി.എഫിന് ആശ്വാസവും യു.ഡി.എഫിനും ബി.ജെ.പിക്കും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതുമായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണങ്ങള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവരണ വിഷയത്തില്‍ തെറ്റിയ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വീണ്ടും ഒരുമിക്കാനുള്ള നീക്കം നടത്തുന്നത് തുടര്‍ച്ചയായി മൂന്നാമതും അധികാരം സ്വപ്നം കാണുന്ന എല്‍.ഡി.എഫിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. കുറച്ചുനാളുകളായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ഇടത് സര്‍ക്കാര്‍ അനുകൂല നിലപാടിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഈ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫും സി.പി.എമ്മും. നായര്‍, ഈഴവ വോട്ടുകള്‍ കുറയുന്നെന്ന പരാതി കഴിഞ്ഞ കുറച്ചുനാളായി സി.പി.എമ്മിനുണ്ട്. അതിനാല്‍ സമുദായ ഐക്യം എന്ന ആശയത്തെ പിന്തുണക്കുന്ന നിലപാടാകും സി.പി.എമ്മിന്റേത്.

എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ അതിന്റെ വക്കാലത്തെടുത്തും ശബരിമല ഉള്‍പ്പെടെ വിശ്വാസ സംരക്ഷണത്തില്‍ പിന്തുണച്ചതിനാല്‍ എന്‍.എസ്.എസിന്റെ പ്രീതിയുണ്ടാകുമെന്നുമൊക്കെ പ്രതീക്ഷിച്ച് നീങ്ങുന്ന ബി.ജെ.പിക്കും അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന യു.ഡി.എഫിനും ഈ നീക്കം കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള രഹസ്യ അജണ്ടയും ഐക്യനീക്കത്തില്‍ സംശയിക്കപ്പെട്ടിരുന്നു.

അതിനിടെ എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ കാരണം പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടെന്ന് ജി.സുകുമാരന്‍ നായന്‍ പിന്‍മാറുമ്പോള്‍ വിശദീകരിക്കുന്നത്. തങ്ങളുമായി ചര്‍ച്ച നടത്താന്‍ വെള്ളാപ്പള്ളി നടേശന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പറഞ്ഞച്ചതടക്കമുള്ള കാര്യങ്ങള്‍ സംശയങ്ങള്‍ക്കിടയാക്കിയെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകള്‍ യോജിക്കണമെന്ന് താന്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ ഐക്യം ഉന്നയിച്ച ആളുകള്‍ക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. തുഷാര്‍ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

'പിന്നില്‍ രാഷ്ട്രീയമായ നീക്കങ്ങളുണ്ടെന്ന് മനസ്സിലാക്കി. അടിസ്ഥാനമൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമദൂരം. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള പ്രമേയം ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്.അച്ഛന്‍ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോള്‍ എന്തിനാണ് എന്‍ഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തില്‍ ഞങ്ങള്‍ക്ക് സംശയം തോന്നി' സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് വന്നാലും ഞങ്ങള്‍ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷണ്‍ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Tags:    

Similar News