പാകിസ്ഥാന്‍ വലിയൊരു ആക്രമണം നടത്താന്‍ പോകുന്നെന്ന് ജെ.ഡി.വാന്‍സ് വിളിച്ചു പറഞ്ഞു; കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കി; ഇന്ത്യ - പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല; പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് കേണപേക്ഷിച്ചത്; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങളടക്കം തള്ളി നരേന്ദ്ര മോദി; രാഹുലിന്റെ വെല്ലുവിളിക്കും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി

രാഹുലിന്റെ വെല്ലുവിളിക്കും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി

Update: 2025-07-29 15:45 GMT

ന്യൂഡല്‍ഹി: ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വെല്ലുവിളിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തലിന് ട്രംപ് ഇടപെട്ടില്ലെന്ന് ലോക്‌സഭയില്‍ പറയാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു മോദിക്ക് മുന്‍പ് സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചത്. മോദിയുടെ പ്രതിച്ഛായ നിര്‍മ്മിതിക്കായി ആയിരുന്നു ഓപ്പറേഷന്‍ സിന്ദുരെന്ന ഗുരുതര വിമര്‍ശനവും രാഹുല്‍ സഭയില്‍ ഉന്നയിച്ചിരുന്നു.

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടന്നതടക്കം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് തന്നെ വിളിച്ച കാര്യവും പറയുകയുണ്ടായി. ഒരു വലിയ ആക്രമണം പാകിസ്ഥാന്‍ നടത്താന്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചെന്നും കനത്ത തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

മേയ് 9-ന് രാത്രിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് (ജെ.ഡി വാന്‍സ്) എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്ന് നാലു തവണ അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ സായുധ സേനയുമായുള്ള കൂടിക്കാഴ്ചകളുടെ തിരക്കിലായത് കാരണം കോളെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് യുഎസ് വൈസ് പ്രസിഡന്റിനെ തിരികെ വിളിച്ചു. പാകിസ്ഥാന്‍ വലിയ ഒരു ആക്രമണത്തിന് പോകുന്നുവെന്ന് അദ്ദേഹം എന്നെ അറിയിച്ചു. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ അതിനേക്കാള്‍ വലിയൊരു തിരിച്ചടി ഞങ്ങള്‍ നല്‍കുമെന്ന് ഞാന്‍ മറുപടി നല്‍കി. അതാണ് അവരുടെ പദ്ധതിയെങ്കില്‍ വലിയ വില അവര്‍ നല്‍കേണ്ടി വരും' എന്നായിരുന്നു മറുപടി. ഭീകരതയ്‌ക്കെതിരായ പ്രതിരോധ നടപടികളില്‍ ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചത് 190-ല്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനയച്ച ആയിരം മിസൈലുകളും ഡ്രോണുകളുമാണ് ഇന്ത്യ തകര്‍ത്തത്. നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാകിസ്ഥാന്റെ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തു. മെയ് ഒമ്പതിന് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 1000 മിസൈലുകളും ഡ്രോണുകളുമാണ്. പക്ഷെ, എല്ലാത്തിനെയും അന്തരീക്ഷത്തില്‍വെച്ച് തന്നെ തകര്‍ത്തുകളഞ്ഞു- മോദി പറഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ തകര്‍ന്നു. അവയിപ്പോഴും ഐസിയുവിലാണ്. പഹല്‍ഗാം ആക്രമണത്തിന്റ സൂത്രധാരന്മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്.

പാകിസ്ഥാന്‍ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാള്‍ വലിയ തിരിച്ചടി നല്‍കുമെന്ന് മറുപടി നല്‍കിയെന്നും മോദി വിശദീകരിച്ചു. ഒരു രാജ്യത്തിന്റെയും മധ്യസ്ഥത, ഇന്ത്യ - പാക് വെടിനിര്‍ത്തലില്‍ ഉണ്ടായിട്ടില്ല. ഇന്ത്യയോട് സൈനിക നീക്കം നിര്‍ത്താന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ രക്ഷയില്ലാതെ പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് കേണപേക്ഷിച്ചതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. അങ്ങനെയാണ് ഇന്ത്യ വെടിനിര്‍ത്തലിലേക്ക് നീങ്ങിയതെന്നും മോദി വിവരിച്ചു.

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച മോദി, പ്രതിപക്ഷം ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണെന്നടക്കം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഇറക്കുമതി ചെയ്ത് ഏറ്റെടുക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ മോദി പറഞ്ഞു. പാകിസ്ഥാന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് സൈന്യത്തിന്റെ മനോവീര്യം തര്‍ക്കുകയാണ് പ്രതിപക്ഷമെന്നതടക്കമുള്ള അതിരൂക്ഷ വിമര്‍ശനവും മോദി നടത്തി. പാകിസ്ഥാനെതിരായ ആക്രമണം മുതല്‍ ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പരത്തുന്നത് അതിര്‍ത്തിക്കപ്പുറമുള്ളവരുടെ വാക്കുകള്‍ തന്നെയാണ്. പാക് തന്ത്രങ്ങളുടെ പ്രചാരകരായി കോണ്‍ഗ്രസ് മാറി. അവിശ്വാസം പരത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും ഇതുകൊണ്ടാണ് കോണ്‍ഗ്രസിന് ജനഹൃദയങ്ങളില്‍ സ്ഥാനമില്ലാത്തതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരരുടെ ആസ്ഥാനം തകര്‍ത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താന്‍ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കും. പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. സേനകള്‍ക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നല്‍കിയെന്നും മോദി പറഞ്ഞു. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ്. 22 മിനിറ്റില്‍ ഏപ്രില്‍ 22 ലെ ആക്രമണത്തിന് മറുപടി നല്‍കി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി പാര്‍ലമെന്റിലെ ചര്‍ച്ചക്കുള്ള മറുപടിയില്‍ വിവരിച്ചു.

Tags:    

Similar News