ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ? നാമജപ ഘോഷയാത്രയിലെ കേസുകള്‍ പിന്‍വലിക്കുമോ? ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം യുഡിഎഫിനെ ക്ഷണിച്ചാല്‍ മതിയെന്ന് വിഡി സതീശന്‍; ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍; ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്നും പ്രതികരണം; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് വി ഡി സതീശന്‍

Update: 2025-09-03 05:27 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നല്‍കേണ്ടതുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ? ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേഷം ക്ഷണിച്ചാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫിന്റെ നിലപാട് പറയുന്നതിനായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.

ശബരിമലയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്.ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോ ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്. ഇത്തരത്തില്‍ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോ അയ്യപ്പ സംഗമവുമായി വരുകയാണ്. രാഷ്ട്രീയമായി മറുപടി പറയണം. തദ്ദേശ സ്ഥാപന ഫണ്ടില്‍ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താന്‍ പറയുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ആവശ്യത്തിന് പണം പോലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുത്തിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതേ സമയം ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. വിശ്വാസികളെ കൂടി ചേര്‍ത്ത് വര്‍ഗ്ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലര്‍ പറയുന്നത് പോലെ വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചെമ്പഴന്തിയില്‍ അജയന്‍ രക്ത സാക്ഷി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനിയും മൃഗീയമായ വിവരങ്ങള്‍ പുറത്ത് വരാനുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നല്‍കുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ആ കുട്ടി മാനസികാവസ്ഥ തെറ്റിയ നിലയിലാണ് എന്ന് ആ പെണ്‍കുട്ടിയെ നേരില്‍ കണ്ട മാധ്യമപ്രവര്‍ത്തക വരെ പറഞ്ഞു. കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് നല്ല ധാരണ ജനങ്ങള്‍ക്കുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വര്‍ഗീയത. ഇത്തരം വര്‍ഗീയവാദികള്‍ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും യുവതി പ്രവേശനം അധ്യായമേ വിട്ടുകളഞ്ഞതാണെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം. ശബരിമല വെര്‍ച്വല്‍ ക്യൂ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിര്‍ദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പ്രത്യേകം ക്ഷണിക്കും.


ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി സംഘപരിവാര്‍

ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമവുമായി സംഘപരിവാര്‍. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആര്‍ വി ബാബു പറഞ്ഞു.

സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയില്‍ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നില്‍ക്കാനാവില്ല. ഇതെല്ലാം പാര്‍ട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കട്ടെയെന്നും ആര്‍ വി ബാബു പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തത വരുത്തേണ്ടതുണ്ട്. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്തി താല്‍പര്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. 'തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്.

പത്ത് കൊല്ലം ഈ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നല്‍കാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കില്‍ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണ്' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്‍എസ്എസും എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതിനാല്‍തന്നെ പ്രതിപക്ഷം സംഗമവുമായി സഹകരിച്ചേക്കില്ലെന്നാണ് സൂചന.എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തെ മുസ്ലിം ലീഗ് പിന്തുണച്ചിരുന്നു.

Tags:    

Similar News