ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഡോ. അരുണ്‍കുമാര്‍ ഇപ്പോള്‍ മറുകണ്ടം ചാടി; കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണ്; അരുണ്‍കുമാര്‍ അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെ

ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെ

Update: 2025-07-24 10:33 GMT

കോട്ടയം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌ക്കാര ചടങ്ങില്‍ വിടപറഞ്ഞ ഉമ്മന്‍ചാണ്ടിയെ അവഹേളിച്ചു സംസാരിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരകന്‍ ഡോ. അരുണ്‍ കുമാറിനെതിരെ പ്രതിഷേധം ഇരുമ്പുകയാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു. അരുണ്‍കുമാറിന്റെ പരാമര്‍ശത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും പ്രതിഷേധവുമായി രംഗത്തുവന്നു. സഭാ വിശ്വാസികളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമികളിലാണ് അവര്‍ പ്രതിഷേധം പങ്കുവെക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പാരമ്പര്യത്തെയും മലങ്കര സഭയുടെ വിശ്വാസത്തേയും മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടറില്‍ അവതാരകന്‍ ഡോ.അരുണ്‍ കുമാര്‍ പരാമര്‍ശം നടത്തിയതെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്ന ഫേസ്ബുക്ക് പേജിലൂടെ വിശ്വാസികള്‍ ആരോപിക്കുന്നു.

കല്ലറകളില്‍ മെഴുകുതി തിരി കത്തിക്കുന്നതും പ്രാര്‍ഥിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. നാടിനെ ഭരിച്ച രണ്ടു മുഖ്യമന്ത്രിമാരെയും അവരുടെ മരണത്തെയും സഭ വേണ്ടവിധത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകാണ്. അതിനിടക്ക് പൊള്ളയായ വാക്കുകള്‍ കുത്തികയറ്റി ആരെയെങ്കിലുമോ ഏതെങ്കിലുമോ ചില പ്രത്യേക കരിവാരി തേക്കുവാന്‍ ആണ് ഉദ്ദേശം എങ്കില്‍ അതിനെതിരെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പാരമ്പര്യത്തെയും മലങ്കര സഭയുടെ വിശ്വാസത്തേയും മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചുകൊണ്ടു റിപ്പോര്‍ട്ടര്‍ എന്ന ചാനലിന്റെ അവതാരകന്‍ ഡോ.അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം ആണ്. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഈ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ന് മറുകണ്ടം ചാടി സംസ്‌കാരത്തേയും മൃതരായവരുടെ കല്ലറയില്‍ വന്നു പ്രാര്‍ത്ഥിക്കുന്നതിനേയും അവഹേളിക്കുന്നത് പ്രത്യക്ഷ താല്പര്യങ്ങളോ ആരോടെങ്കിലും വിധേയം കാണിക്കാനോ ചാനലിന്റെ റേറ്റിംഗിന്റെ പ്രശ്‌നവും ആവാം . അത് എന്തും ആവട്ടെ...

എട്ടു നാടും കീര്‍ത്തി കേട്ട പുതുപ്പള്ളി പള്ളി മലങ്കര സഭയുടെ പ്രശസ്ത ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഒന്‍പത് സഹദേന്‍മാരുടെ മധ്യസ്ഥതയുള്ള ദേവാലയം. പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ അവര്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ കല്ലറ അവിടെ ഉണ്ടെങ്കില്‍ അവിടെയും പോയി പ്രാര്‍ത്ഥിക്കുന്നുണ്ടാകും. ചിലപ്പോള്‍ മെഴുകുതിരി കത്തിക്കും.അതെ പോലെ തിരിച്ചും സഭാ വിശ്വാസികളല്ലാത്തവര്‍ അവര്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുമ്പോള്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കും.

പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതോ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതോ മെഴുകുതിരി കത്തിക്കുന്നതോ മലങ്കര സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമല്ല. സഭയുടെ വിശ്വാസആചാരങ്ങള്‍ അനുവദിക്കുന്നതുമാണ്. മൃതരായവരെ വിശുദ്ധ കുര്‍ബ്ബാനയില്‍ ഓര്‍ക്കുന്നതും അവരുടെ കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതും സഭാ പാരമ്പര്യമാണ്. മൃതരായവരെ മലങ്കര സഭ എങ്ങനെ കാണുന്നു എന്നത് താങ്കള്‍ക്ക് കൂടുതല്‍ പഠനവിധേയമാക്കാവുന്നതാണ്.

മലങ്കര സഭ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായോ, പുണ്യവാളനായോ പ്രഖാപിച്ചിട്ടില്ല . സഭയിലെ അംഗങ്ങള്‍ മാത്രമല്ല അദ്ദേഹത്തിന്റെ കല്ലറയില്‍ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും. ജനങളുടെ മനസ്സില്‍ കയറിയ നേതാവിന്റെ കല്ലറ മലങ്കര സഭയുടെ പുതുപ്പള്ളി പള്ളിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് അവിടെ ആളുകള്‍ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും കൊണ്ട് മലങ്കര സഭയെ അവഹേളിക്കുന്ന വൃത്തികെട്ട മാധ്യമ രീതിയോട് യോജിപ്പില്ല.

സ്വതാല്‍പര്യങ്ങള്‍ക്കു വേണ്ടി വായില്‍ തോന്നിയത് എന്തും വിളിച്ചു പറഞ്ഞു സഭയെ അവഹേളിക്കുവാന്‍ നോക്കിയാല്‍ പ്രതികരണങ്ങള്‍ ഉണ്ടാകും എന്നു അറിയിക്കട്ടെ . നാടിനെ ഭരിച്ച രണ്ടു മുഖ്യ മന്ത്രിമാരെയും അവരുടെ മരണത്തെയും സഭ വേണ്ടവിധത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു . അതിനിടക്ക് പൊള്ളയായ വാക്കുകള്‍ കുത്തികയറ്റി ആരെയെങ്കിലുമോ ഏതെങ്കിലുമോ ചില പ്രത്യേക കരിവാരി തേക്കുവാന്‍ ആണ് ഉദ്ദേശം എങ്കില്‍ അതിനെതിരെ പ്രതിഷേധങ്ങളും , പ്രതികരണങ്ങളും ഉണ്ടാകും.

ഭാരതത്തെ പഠിച്ച് തുടങ്ങുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂടെയാണ്.വിവിധതരം വിശ്വാസങ്ങളും വിശ്വാസാമില്ലായ്മയും എല്ലാം ഇതില്‍ പെടും എന്നാണല്ലോ? മാധ്യമ പ്രവര്‍ത്തനം പഠിച്ചോ പഠിക്കാതയോ തടികള്ളന്റെ കാശിന്റെ ബലത്തിലോ ഒക്കെ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ ആകുന്ന കാലത്ത് വിശ്വാസത്തെയും ആചാരങ്ങളെയും അപമാനിക്കുന്നതരം താരതമ്യങ്ങള്‍ എന്ത് ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരിലോ അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിലോ സംഭവിക്കുമ്പോള്‍ ഇന്ത്യയുടെ മേന്മകളില്‍ കളങ്കംചാര്‍ത്തി പോകുന്നുണ്ട്....

പുതുപ്പള്ളി പള്ളി വിശുദ്ധ ഗീവര്‍ഗീസ്സ് സഹദായുടെ നാമത്തില്‍ ഉള്ള ആരാധനാലയം ആണ് . അവിടെ ആയിരങ്ങള്‍ വന്നു പോകാറുണ്ട് ആ ആരാധനാലയത്തിനോ , സഭയ്ക്കോ പ്രത്യേക താല്പര്യങ്ങളോ ഇല്ല , അങ്ങനെ വളച്ചൊടിക്കുവാന്‍ ഏതെങ്കിലും ആളുകള്‍ ശ്രമിക്കുന്നുവെങ്കില്‍ അത് അവരുടെ മനസിന്റെ വൈകല്യമായി കാണുന്നു ...

https://qrgo.page.link/Pe76L

മലങ്കര സഭയെയും, സഭാ പാരമ്പര്യത്തേയും മുന്‍ മുഖമന്ത്രി ഉമ്മചാണ്ടിയേയും അവഹേളിക്കുവാന്‍ ശ്രമിച്ച മാധ്യമത്തോടും , മാധ്യമ പ്രവര്‍ത്തകനോടുമുള്ള ശക്തമായ പ്രതിഷേധം അറിയിക്കട്ടെ....

https://qrgo.page.link/Pe76L

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ മീഡിയ വിംഗ്


Full View

അതേസമയം വിശ്വാസികള്‍ സ്വന്തം നിലയിലാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. വിഷയത്തില്‍ സഭ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 'വിഎസ് അന്തിയുറങ്ങുന്ന മണ്ണില്‍ പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല' എന്നാണ് അരുണ്‍കുമാര്‍ ഇന്നലെ പറഞ്ഞത്. ഇത് ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു.

വിവാദം കൊഴുത്തതോടെ ആരോപണത്തിന് മറുപടി നല്‍കി അരുണ്‍കുമാര്‍ രംഗത്തുവന്നു. താന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരുവാക്ക് പറഞ്ഞിട്ടില്ലെന്നാണ് അരുണ്‍കുമാര്‍ ഇന്ന് വിശദീകരിച്ചത്. തനിക്ക് അയച്ചുതന്ന ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് വായിക്കുകയാണ് ചെയ്തത്. തികച്ചും ഭൗതികവാദിയായ വിഎസിനെ കുറിച്ചാണ് പറഞ്ഞത്. മുമ്പ് വിഎസിന് ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് വിഎസ് മറുപടി നല്‍കിയത് അമ്മയും അച്ഛനും ചെറുബാല്യത്തില്‍ നഷ്ടമയപ്പോള്‍ പിന്നെ ഈശ്വരനെ വിളിച്ചിട്ട് കാര്യമുണ്ടോ എന്നായിരുന്നു.

വിഎസിന്റ മരണ ശേഷം ഭൗതികവാദിയായ അദ്ദേഹത്തിന്റെ സ്മൃതി കൂടീരത്തില്‍ ഭക്തിയോടെ ആരും വരില്ലെന്നാണ് ഉദ്ദേശിച്ചത്. നേതാവിന്റെ ഭക്തന്‍മാരുകുന്നത് അടിമത്തതിന്റെ ലക്ഷണമാണെന്നാണ് അംബേദ്കര്‍ സൂചിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് പ്രചോദനമല്ലേ. അതിന്റെപേരില്‍ ആരാധനാലയങ്ങല്‍ ഉയരുന്നതും അതൊരു ഭക്തിയായ മാറുന്നതും അടിമത്താണ്. ആ നിലപാടാണ് തനിക്കുള്ളത്. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയുമാകാമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. താന്‍ പറഞ്ഞത് വിഎസിനെ കുറിച്ച് മാത്രമാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അരുണ്‍കുമാര്‍ മറുപടിയായി പറഞ്ഞു.

അതേസമയം വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല എന്ന പരാമര്‍ശം വ്യംഗ്യമായി ഉമ്മന്‍ ചാണ്ടിയെ താഴ്ത്തി കെട്ടുന്നതെന്നാണ് ആരോപണം. മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ തന്നെ അരുണ്‍കുമാറിന് എതിരെ പോസ്റ്റിട്ടിരുന്നു.

Tags:    

Similar News