ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?
പിജെയുടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?
കോഴിക്കോട്: കേരളത്തിന്റെ ന്യൂസ് ചാനലുകളുടെ പ്രൈം ടൈമില്‍ ഇടം പിടിച്ച ഒരു പുസ്തകപ്രകാശനം എന്ന നിലയില്‍ ചരിത്രം കുറിച്ചതാണ്, സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ രചിച്ച, 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പുസ്തകം സത്യത്തില്‍, സിപിഎമ്മിന്റെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ മാറുന്ന കാഴ്ചപ്പാട് തന്നെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അവഗണന നേരിട്ട പി ജയരാജന്റെ തിരിച്ചുവരവ് കൂടിയായി പുസ്തക പ്രകാശനം.
പുസ്തകത്തില്‍ പറഞ്ഞ എല്ലകാര്യങ്ങളോടും തനിക്ക് യോജിപ്പില്ലെന്നും, ലേഖകന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, ഫലത്തില്‍ അത് സിപിഎമ്മിന്റെ മാറിയ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ കെ ഇ എന്‍ കുഞ്ഞുമുഹമ്മദിന്റെയൊക്കെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയെടുത്ത, ഒരു സാംസ്‌ക്കാരിക ധാര, സിപിഎമ്മിനെ കൃത്യമായി പൊളിറ്റിക്കല്‍ ഇസ്ലാമിനോട് യോജിച്ച് നിര്‍ത്തുന്നവരാക്കി മാറ്റുകയിരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളോട് ഐക്യപ്പെടണമെന്ന് വാദമാണ് കെ ഇ എന്‍ ഉയര്‍ത്തിയത്. എന്നാല്‍ അതില്‍ നിന്ന് മാറി, ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടണം എന്ന കൃത്യമായ സന്ദേശമാണ് സിപിഎം ഇപ്പോള്‍ നല്‍കുന്നത്. കെ ഇ എന്‍ അടക്കമുള്ള സ്വത്വരാഷ്ട്രവാദികള്‍ക്ക് പ്രാമുഖ്യം കിട്ടാതിരുന്ന വേദിയില്‍, മതരാഷ്ട്രവാദികളെ ശക്തമായി എതിര്‍ക്കുന്ന കെ ടി ജലീല്‍ എംഎല്‍എയെപ്പോലെയുള്ളവര്‍ നിറഞ്ഞുനിന്നതും, ഒരു മാറ്റത്തിന്റെ സൂചനയാണ്.
ന്യൂനപക്ഷ വര്‍ഗീയതയോടും സന്ധിയില്ല
ഭൂരിപക്ഷ വര്‍ഗീയതോട് അതിശക്തമായി പ്രതികരിക്കുന്ന സിപിഎം, ന്യൂനപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്നുവെന്ന ആരോപണം, പാര്‍ട്ടിക്ക് വന്‍ തോതില്‍ തിരിച്ചടിയുണ്ടാക്കിയിരുന്നു. വടകര ലോക്സഭാ മണ്ഡലമടക്കമുള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച സിപിഎം മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ പേരിലാണ് തങ്ങളുടെ ചെറുപ്പക്കാര്‍ ബിജെപിയിലേക്ക് മാറുന്നത് എന്ന്. സിപിഎം തിരിച്ചറിയുണ്ട്. അതിന്റെ ഭാഗമായുള്ള ഒരു നയംമാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.
അധികാരത്തില്‍ പിടിമുറുക്കിയ ഹിന്ദുത്വശക്തികളെപ്പോലെ തന്നെ കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമും ദോഷകരമായി സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചാണ് പി ജയരാജന്‍ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദുത്വ തീവ്രവാദശക്തികളുടെ സമൂഹത്തിലെ നുഴഞ്ഞുകയറ്റത്തെ കുറിച്ചു 2003-ല്‍ ചിന്താ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയമെന്ന വായനക്കാരില്‍ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെന്ന് പി ജയരാജന്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന തിരിച്ചറിവില്‍ നിന്നാണ് തുടര്‍ച്ചയായി മറ്റൊരു പുസ്തകം കൂടി എഴുതിയത് എന്ന് അദ്ദേഹം പറയുന്നു. ജമാത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേര് പറഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ അണിയറയില്‍ മതരാഷ്ട്രവാദം കുത്തിവയ്ക്കുകയാണെന്നാണ് പി.ജയരാജന്റെ പുസ്തകത്തിലെ വിമര്‍ശനത്തിന്റെകാതല്‍.
പ്രസിദ്ധീകരിക്കുന്നതിന് മുന്‍പെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെക്ക് യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതായി പി ജയരാജന്‍ പറഞ്ഞത് വിവാദമായി. എന്നാല്‍ മുമ്പ് നടന്ന ഐഎസ് റിക്രൂട്ട്മെന്റിനെ കുറിച്ചാണ് താന്‍ പറഞ്ഞത് എന്നും ഇന്നും ഐസിസ് റിക്രൂട്ട്മെന്റ് കേരളത്തില്‍ നിലനില്‍ക്കുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിലും, ഇസ്ലാമിക സമുഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കും, പക്ഷേ തീവ്രവാദികളോട് സന്ധിയില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയും ഉയര്‍ത്തിയത്.
മദനി തീവ്രവാദം വളര്‍ത്തി
പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മദനിക്കെതിരെ കൃത്യമായ പരാമര്‍ശങ്ങള്‍ ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളര്‍ത്തുന്ന തരത്തില്‍ പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചതെന്നും ജയരാജന്‍ പുസ്തകത്തില്‍ ആരോപിക്കുന്നു. 1990-ല്‍ ആര്‍.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐഎസ്എസ്) രൂപീകരിച്ചത് മഅദനിയുടെ നേത്യത്വത്തിലാണ്, ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു.
മദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്നും അതുകൊണ്ടാണ് മുസ്ലിം തീവ്രവാദപ്രവര്‍ത്തനത്തിന്റെ അംബാസിഡറായി ആളുകള്‍ മദനിയെ വിശേഷിപ്പിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വന്തം സമുദായത്തില്‍ നിന്നുതന്നെ ഇതിനെതിരേ വിമര്‍ശനമുയര്‍ന്നുവന്നപ്പോഴാണ് ഐഎസ്എസ് പിരിച്ചുവിട്ട് കൂടുതല്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികളുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) രൂപീകരിച്ചതെന്നും ജയരാജന്‍ എഴുതുന്നുണ്ട്.
മദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കറിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത്. രാജ്യത്തെ മാവോയിസ്റ്റുകളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ മദനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് പിഡിപി പ്രവര്‍ത്തകര്‍ പ്രകാശനവേദിക്കരികെ ബഹളമുണ്ടാക്കുകയും ചെയ്തു. പുസ്തകത്തിന്റെ ചട്ടയുരിഞ്ഞ് കത്തിച്ചായിരുന്നു പിഡിപിയുടെ പ്രതിഷേധം. വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് പിഡിപി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ''വേണ്ടാ വേണ്ടാ ജയരാജ, തെമ്മാടിത്തം വേണ്ട, കത്തട്ടെ, കത്തട്ടെ'' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തക പ്രകാശന വേദിയിലേക്ക് കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും 100 മീറ്റര്‍ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മദനിക്കെതിരെ പുസ്തകത്തില്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ മുജീബ് റഹ്‌മാന്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ താന്‍ പറഞ്ഞത് അന്നത്തെ ചരിത്രമാണെന്നും, ആദ്യകാലത്ത് കടുത്ത വര്‍ഗീയ നിലപാട് എടുത്ത മദനി പില്‍ക്കാലത്ത് മാറിയെന്നും ജയരാജന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വയല്‍ക്കിളികള്‍ക്ക് പിന്നിലാര്?
കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിസ്റ്റുകളുമായി ബന്ധമെന്ന് പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു. തളിപ്പറമ്പ് കീഴാറ്റൂരില്‍ നടന്ന വയല്‍ക്കിളി സമരത്തില്‍ ഇരുകൂട്ടരും ഒരുമിച്ചു. ഇതുപോലെ ജനകീയ സമരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. ഇവര്‍ തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. 2017- ലാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മാണത്തിനെതിരെ സമരം തുടങ്ങിയത്. വയല്‍ക്കിളി സമരം എന്നാ പേരിലാണ് ഇത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. അന്ന് തന്നെ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളുമാണ് സമരത്തിന് പിന്നാലെന്ന് ആരോപണമുയര്‍ന്നിരുന്നു. 2022- ല്‍ വയല്‍ക്കിളി നേതാവായ സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു.
വ്യക്തി പൂജാ വിവാദത്തിന്റെ പേരില്‍ പാര്‍ട്ടി കണ്ണൂര്‍ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റപ്പെട്ട പി ജയരാജന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടി മുഖ്യധാരയിലുണ്ടായിരുന്നില്ല.മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെക്കാലം അകല്‍ച്ചയിലായിരുന്ന അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു ശേഷം പി ജയരാജന്‍ പാര്‍ട്ടി മുഖ്യധാരയിലേക്ക് അതിശക്തമായി തിരിച്ചു വരുന്നുവെന്ന സന്ദേശവും പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിലൂടെ നല്‍കുന്നുണ്ട്.
നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി. ജയരാജന്‍. വരുന്ന സംസ്ഥാന സമ്മേളനത്തോടെ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുമെന്ന സൂചനയുമുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശത്തിന് ശേഷമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ച് പി ജയരാജന്‍ എഴുതിയ പുസ്തകവും പുറത്തിറങ്ങുന്നത്. പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞത് മലപ്പറം പരാമര്‍ശത്തിന് വിരുദ്ധമായ കാര്യമാണ്. മുസ്ലീം ജനസമുഹത്തെയല്ല, അതിലെ തീവ്രവാദികളാണ് കൃത്യമായി എതിര്‍ക്കപ്പെടണ്ടേത് എന്ന സൂചനയാണ് മുഖ്യമന്ത്രിയും നല്‍കുന്നത്.