"പാവപ്പെട്ടവൻ കള്ളിനെ 'കള്ള്' എന്ന് വിളിച്ചാൽ 50,000 ഫൈൻ! വമ്പന്മാർ 'സോമരസമെന്ന്' വിളിച്ചാൽ പുണ്യം! എക്സൈസിന്റേത് ഇരട്ടനീതിയെന്ന് 'അൽ ഫുഡി സൂരജ്'; ഇത് ആടിനെ പട്ടിയാക്കുന്ന രീതിയെന്നും വിമർശനം; താൻ നേരിട്ട വലിയൊരു നിയമനടപടി ആദ്യമായി വെളിപ്പെടുത്തി വ്‌ളോഗർ; സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച

Update: 2026-03-13 15:47 GMT

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ ഭക്ഷ്യരുചികൾ പരിചയപ്പെടുത്തി ശ്രദ്ധേയനായ വ്‌ളോഗർ 'അൽ ഫുഡി സൂരജ് ടിവിഎം' തനിക്ക് നേരിടേണ്ടി വന്ന കടുത്ത നിയമനടപടിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ ചർച്ചയാവുകയാണ്. തിരുവനന്തപുരം സ്വദേശിയായ സൂരജ്, സാധാരണക്കാരന്റെ രുചികളും നാടൻ ഭക്ഷണശാലകളും പരിചയപ്പെടുത്തിക്കൊണ്ടാണ് ആരാധകരെ നേടിയത്. എന്നാൽ, ഒരു കള്ള് ഷാപ്പ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച വീഡിയോ വലിയൊരു നിയമക്കുരുക്കിലേക്കും കനത്ത പിഴയിലേക്കുമാണ് അദ്ദേഹത്തെ എത്തിച്ചത്.

യൂട്യൂബ് ചാനലുകളിൽ വലിയ വലിയ പ്രോഗ്രാമുകളിലും പ്രശസ്തരായ വ്ലോഗർമാരുടെ പേജുകളിലും കള്ള് ഷാപ്പുകളെയും കള്ളിനെയും കുറിച്ചുള്ള വീഡിയോകൾ സ്ഥിരമായി വരാറുണ്ട്. ഇത് കണ്ടിട്ടുള്ള പ്രേരണയാലാണ് 2024-ൽ താനും ഒരു കള്ള് ഷാപ്പിൽ പോയി വീഡിയോ ചെയ്തതെന്ന് സൂരജ് പറയുന്നു. എന്നാൽ, വീഡിയോ പങ്കുവെച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും വിളിയെത്തി. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വീഡിയോ ചെയ്തു എന്നതായിരുന്നു പരാതി.


"ഞാൻ ലഹരി ഉപയോഗിക്കുന്ന ആളല്ല. മദ്യവും കള്ളും ഒരേ കാറ്റഗറിയിൽ വരുന്നതാണെന്നോ, കള്ളിനെക്കുറിച്ച് വീഡിയോ ചെയ്യുന്നത് ഇത്ര വലിയ കുറ്റമാണെന്നോ എനിക്ക് അറിയില്ലായിരുന്നു," സൂരജ് തന്റെ അവസ്ഥ വ്യക്തമാക്കുന്നു. പല കുടുംബങ്ങളും കള്ള് ഷാപ്പുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിന്റെയും കള്ളുകുടിക്കുന്നതിന്റെയും വീഡിയോകൾ പങ്കുവെക്കാറുണ്ട്. അവരൊന്നും നേരിടാത്ത നടപടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യാതൊരു മുന്നറിയിപ്പും നൽകാതെ 50,000 രൂപയാണ് എക്സൈസ് വകുപ്പ് പിഴയായി ചുമത്തിയത്. കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരാളെ സംബന്ധിച്ച് ഈ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് അദാലത്തിൽ വിളിപ്പിച്ചപ്പോൾ പിഴ തുക 25,000 രൂപയായി കുറച്ചു നൽകിയെങ്കിലും, അത് അടയ്ക്കാൻ താൻ നിർബന്ധിതനായി. "25,000 രൂപ എന്നത് എഴുതി വിടുന്നവർക്ക് നിസ്സാരമായിരിക്കാം, പക്ഷേ പണിയെടുത്ത് ഉണ്ടാക്കുന്നവന് അത് വലിയ തുകയാണ്. എനിക്ക് മാത്രം എന്താണ് ഈ ശിക്ഷ? നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?" സൂരജ് ചോദിക്കുന്നു.

മദ്യപാനത്തെയും ലഹരിയെയും ഇത്രത്തോളം ഗൗരവത്തോടെ കാണുന്ന അധികൃതർ എന്തുകൊണ്ടാണ് ഇതിന്റെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യമാണ് സൂരജ് ഉയർത്തുന്നത്. ഓണത്തിനും ക്രിസ്മസിനും പുതുവർഷത്തിനും എത്ര കോടിയുടെ മദ്യം വിറ്റു എന്ന് റെക്കോർഡ് കണക്കുകൾ വാർത്തയായി വരാറുണ്ട്. പുതിയ ബ്രാൻഡുകൾ ഇറക്കി പ്രൊമോഷൻ നൽകുന്നു. സിനിമകളിൽ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും യഥേഷ്ടം കാണിക്കുന്നു. ഇതൊന്നും പ്രശ്നമല്ലാത്ത നാട്ടിലാണ് തന്റെ 24 മണിക്കൂർ മാത്രം നീണ്ടുനിന്ന ഒരു വീഡിയോയ്ക്ക് ഇത്രയും വലിയ ശിക്ഷ നൽകിയതെന്ന് അദ്ദേഹം ആഞ്ഞടിച്ചു.

ഇപ്പോൾ പല വ്ലോഗർമാരും കുടിക്കുന്നത് മദ്യമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, വീഡിയോയിൽ അതിനെ 'കഞ്ഞിവെള്ളം', 'കാടിവെള്ളം', 'സോമരസം' എന്നിങ്ങനെ വിളിച്ച് നിയമത്തിൽ നിന്ന് രക്ഷപ്പെടുകയാണ്. താൻ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചത് കൊണ്ടാണോ ഇത്ര വലിയ പിഴയെന്നും സൂരജ് ചോദിക്കുന്നു. കള്ള് ഷാപ്പുകളിൽ ലഭിക്കുന്ന വിവിധതരം മിക്സഡ് കള്ളുകളെക്കുറിച്ചും (മുന്തിരിക്കള്ള്, ഇഞ്ചി കള്ള്) നിയമവിരുദ്ധമായി അവ വിൽക്കുന്നതിനെക്കുറിച്ചും തനിക്ക് എക്സൈസ് ക്ലാസ് എടുത്തു തന്നു. എന്നാൽ പുറത്ത് ഈ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം പറയുന്നു.

തന്റെ കേസിൽ കാണിച്ച ആവേശവും ആത്മാർത്ഥതയും എല്ലാ നിയമലംഘനങ്ങൾക്കും എതിരെ കാണിക്കാൻ എക്സൈസ് തയ്യാറാവണം. പണമുള്ളവനും ഇല്ലാത്തവനും രണ്ട് തരം നീതി നടപ്പിലാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, സാധാരണക്കാരനെ ദ്രോഹിക്കുന്ന ഈ നടപടി വേദനിപ്പിക്കുന്നുവെന്നും പറഞ്ഞാണ് സൂരജ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അൽ ഫുഡി സൂരജിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...

അങ്ങനെ അടിച്ചു കിട്ടി 50000 രൂപ അടക്കേണ്ടത് അദാലത്തിൽ വിളിപ്പിച്ചു 25000/രൂപ അടപ്പിച്ചു ഒരു മനസാക്ഷി ഇല്ലേ ഈ ചെറിയ തെറ്റിന് ആണോ ഇത്രയും വലിയ ഫൈൻ തന്നത് അങ്ങനെ എങ്കിൽ എനിക്ക് മാത്രം എന്തെ തന്നത് ഞാൻ മാത്രം ആണോ ഈ തെറ്റ് ചെയ്തത് വേറെ ആരും ചെയ്തിട്ടില്ലേ ചെയ്യുന്നില്ലേ അറിയാതെ ചെയ്തതിനു ഇത്രയും വേണമായിരുന്നോ 25000രൂപ എന്ന് പറയുന്നത് നിങ്ങൾക്ക് നിസ്സാരം ആണോ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവനെ അറിയൂ എഴുതി വിടുന്നവർക്ക് അത് അറിയില്ല പണമുള്ളവർക്കും പണമില്ലാത്തവർക്കും കിട്ടുന്ന ഇരട്ട നീതി.

2024ഇൽ കള്ള് ഷാപ്പിൽ പോയി ഞാൻ ഒരു vlog ചെയ്തു രണ്ട് ദിവസം കഴിഞ്ഞപ്പോൾ നെയ്യാറ്റിൻകര exsice ഓഫീസിൽ നിന്നും വിളിവന്നു നിങ്ങളെ പറ്റി പരാതി കിട്ടി സമൂഹ മാധ്യമങ്ങളിൽ ലഹരി ഉപയോഗിച്ച് വീഡിയോ ചെയ്തു കള്ളും മദ്യവും ഓരേ കാറ്റഗരിയിൽ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു ഞാൻ ഇതൊന്നും ഉപയോഗിക്കുന്ന ആൾ അല്ല ഞാൻ പലരുടെയും vlog കണ്ടിട്ടുണ്ട് കള്ളിന്റെ വീഡിയോ അതിൽ വ്യക്തമായി കൃത്യമായി പറയുന്നുണ്ട് കള്ളിനെ കുറിച്ച് അത് കൊണ്ട് തന്നെ ഞാനും അത് ശ്രെദ്ധിച്ചില്ല നിങ്ങളിൽ പലരും കുടുംബത്തോടെ പോയി കള്ള് ഷാപ്പിൽ പോയി ഫുഡ് കഴിച്ച് കള്ളും കുടിച്ചിട് അതിന്റ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടില്ലേ (പോയവരെ മാത്രം )നിങ്ങൾ അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത് അങ്ങനെ എങ്കിൽ നിങ്ങളും തെറ്റുകാരല്ലേ.

യൂട്യൂബിൽ വലിയ വലിയ channel പ്രോഗ്രാം നോക്കിയാൽ അറിയാം കള്ളിന്റെ വീഡിയോ ഇതൊന്നും എന്താ പ്റബ്ലം ഇല്ലാത്തത് ഒരു അവസരം പോലും എനിക്ക് തന്നിട്ടില്ല പിടിക്കുന്നു 50000 ഫൈൻ അടിച്ചു തരുന്നു ഒരു mariyathe വേണ്ടേ ചെറിയ ഇത്രയും വിഷം ഉള്ള സാധനം ആണെങ്കിൽ എന്തിനാ സർക്കാരെ വിൽക്കുന്നത് പുതിയ പുതിയ ബ്രാൻഡ് ഇറക്കുന്നു പേര് ഇടുന്നു പ്രൊമോഷൻ ചെയ്യുന്നു ഓണം xmus ന്യൂയർ ഏത് ജില്ലയിൽ ആണ് റെക്കോർഡ് colletion എന്ന് പറഞ്ഞു വാർത്ത കൊടുക്കുന്നു ഇനി അവധി ദിവസം വന്നാൽ അത് ചാനൽ വഴിയും പത്രം വഴിയും മുൻകൂട്ടി അറിയിക്കുന്നു സ്വന്തം കാശിനു വാങ്ങുന്ന സാധനം സ്വന്തം പേജിൽ പോസ്റ്റ്‌ ചെയ്യാനോ പാടില്ല പോലീസിന് ഡ്യൂട്ടി സമയത്തു ജീപ്പിൽ ഇരുന്നു അടിക്കാം ഇനി സിനിമയിൽ നോക്കിയാൽ വെള്ളമടി പെണ്ണ് പിടി കഞ്ചാവ് mdma കൊലപാതകം എല്ലാം ഉണ്ട് അതൊന്നും യാതൊരുവിത പ്രേശ്നവും ഇല്ല 24hr മാത്രം എന്റെ പേജിൽ അറിയാതെ ഇട്ട ഒരു കള്ള് ഷാപ്പ് വിഡിയോക്ക് 50000ഫൈൻ കൊള്ളാം പിന്നെ കള്ള് ഷാപ്പ് വീഡിയോ ഇടുന്നതിൽ കുഴപ്പം ഇല്ല കള്ള് എന്ന് പറയാതിരുന്നാൽ mathi വേണമെങ്കിൽ കഞ്ഞിവെള്ളം എന്നോ അമൃത് എന്നോ സോമരസം എന്നോ പറഞ്ഞു വീഡിയോ ഇട്ടാൽ കുഴപ്പം ഇല്ല ആടിനെ പട്ടി ആക്കും എന്ന് കേട്ടിട്ടില്ലേ അത്.

കള്ള് ഷാപ്പിൽ ചെത്തിയ കള്ള് മാത്രമേ കൊടുക്കാവു മുന്തിരി കള്ള് ഇഞ്ചി കള്ള് അങ്ങനെ മിക്സ്‌ വെറൈറ്റി കൊടുക്കാൻ പെർമിഷൻ ഇല്ല എന്നാണ് എന്നോട് പറഞ്ഞു അങ്ങനെ ആണോ കൊടുക്കുന്നത് പണ്ട് ഒരു youtuber നെ excise പൊക്കി മദ്യത്തിന്റ വീഡിയോ ഇട്ടതിനു ജയിലും ആക്കി ippo കറുത്ത പെപ്സി വെള്ളം പെപ്സി പച്ചവെള്ളം തോട്ടിലെ വെള്ളം എന്ന് പറഞു വീഡിയോ ഇടുന്നു കാണുന്ന എനിക്കും നിങ്ങൾക്കും സാറുമാർക്കും അറിയാം പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ല അതുപോലെ ആണ് ഇപ്പോൾ പലരും വീഡിയോ ചെയ്യുന്നത് കഞ്ഞിവെള്ളം കാടിവെള്ളo എന്നൊക്കെ പറഞ്ഞോണ്ട് എന്റെ കേസിൽ കാണിച്ച ആത്മാർത്ഥത മൊത്തത്തിൽ കാണിച്ചാൽ കൊള്ളാം നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ.

Tags:    

Similar News