കൈവെട്ടിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നത് മാധ്യമം പത്രം; വഖഫ് സംരക്ഷണ റാലിക്ക് പിന്നില്‍ അവരുടെ അജണ്ട; മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമെന്ന പ്രചാരണം തുടങ്ങിയതും ഇതേ ശക്തികള്‍; ജമാഅത്തെ ഇസ്ലാമിയുടെ പോയ്മുഖം പിച്ചിച്ചീന്തി പി ജയരാജന്റെ പുസ്തകം

Update: 2024-10-28 08:13 GMT

കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ കുറേക്കാലത്തിനുശേഷം, ഏറ്റവുമധികം ചര്‍ച്ചയായ ഒരു പുസ്തകമാണ്, സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ രചിച്ച, 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്നത്. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കോഴിക്കോട് പ്രകാശനം ചെയ്ത പുസ്തകം വിവാദത്തിലായത് അതില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ തീവ്രവാദ ബന്ധം ജയരാജന്‍ തുറന്ന് എഴുതിയതിന്റെ പേരിലാണ്. ഇതിന്റെ പേരില്‍ പിഡിപി പ്രവര്‍ത്തകര്‍, പുസ്തകം കത്തിച്ച് പ്രതിഷേധിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ മുമ്പ് തീവ്രവാദ നിലപാടുകള്‍ മദനി എടുത്തുവെന്നത് ചരിത്രമാണെന്നും, അദ്ദേഹം ആ നിലപാട് പിന്നീട് മാറ്റിയെന്നുമാണ് ജയരാജന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറയുന്നത്.

പക്ഷേ പുസ്തകത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തുന്നത്. തീര്‍ത്തും മതരാഷ്ട്രവാദികളായ ഇവരാണ് കേരളീയ സമൂഹത്തില്‍ വലിയ രീതിയില്‍ വിഭജനം ഉണ്ടാക്കുന്നതെന്നും ജയരാജന്‍ ആരോപിക്കുന്നു. കൃത്യമായ മൗദുദിയന്‍ അജണ്ടവെച്ച്, ജമാഅത്തെ ഇസ്ലാമി കേരളീയ സമൂഹത്തിലും വിഷം കലര്‍ത്തുകയാണെന്ന് ജയരാജന്‍ ആരോപിക്കുന്നു. പക്ഷേ പിഡിപി വിവാദത്തിന്റെ മറവില്‍ ഈ ജമാഅത്തെ വിമര്‍ശനം മുങ്ങിപ്പോവുകയാണ് ഉണ്ടായത്.

ജമാഅത്തെയുടെ തനിനിറം

ജമാഅത്തെ ഇസ്ലാമി അടിസ്ഥാനമായി ജനാധിപത്യവിരുദ്ധര്‍ ആണെന്ന്, ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. -''മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമാണെന്ന ഇന്നും തുടരുന്ന പ്രചാരണം ജമാഅത്തെ ഇസ്ലാമി അതിന്റെ സംസ്ഥാപനം മുതല്‍ ആരംഭിച്ചതാണ്. ഇന്ത്യന്‍ ജനാധിപത്യം പൈശാചിക ഭരണ (താഗൂത്ത്) മാണെന്ന മൗദൂദിയുടെ ആശയം, സര്‍ക്കാര്‍ ജോലി ഹറാമാണ് എന്ന മൗദൂദിയന്‍ വാദം, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ട് ചെയ്യലും വിലക്കിയുള്ള തീരുമാനം, ജനാധിപത്യത്തെയും മതേതരത്വത്തെയും തിരസ്‌കരിക്കല്‍ തുടങ്ങിയവ കേരളത്തിലും ജമാഅത്തെ ഇസ്ലാമി നടപ്പാക്കിയിരുന്നുന്നു. എന്നാല്‍, മുസ്ലിം സമുദായം ആധുനിക വിദ്യാഭ്യാസം നേടാനും സര്‍ക്കാര്‍ ജോലി നേടാനും മുന്നോട്ടുവന്നപ്പോള്‍ തങ്ങളുടെ സ്ഥിതി വഷളാകും എന്നു തിരിച്ചറിഞ്ഞ മൗദൂദികള്‍ അവരുടെ നിലപാടിന്റെ അടിസ്ഥാന സ്വഭാവം തന്നെ ത്യജിക്കാനും മുന്‍നിലപാടുകളും വാദങ്ങളുടെ സത്ത തന്നെയും വിഴുങ്ങാനും ഒരു മടിയും കാണിച്ചില്ല''- ജയരാജന്‍ തുറന്നടിക്കുന്നു.

ജമാഅത്തെ ഇസ്ലാമി സ്ഥാപനനായ മൗലാന മൗദൂദിയുടെ ഒരു ഞെട്ടിക്കുന്ന മൊഴി പുസ്തകം ക്വാട്ട് ചെയ്യുന്നുണ്ട്. -''1953-ല്‍ പാക്കിസ്ഥാനിലുണ്ടായ അഹമ്മദീയ വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപം കൊണ്ട ജസ്റ്റിസ് മുനീര്‍ കമീഷന്‍ മുമ്പാകെ ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗലാന മൗദൂദി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.മൗദൂദിയോട് ജസ്റ്റിസ് മുനീര്‍ ചോദിച്ചു, 'ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും അവിടുത്തെ മുസ്ലിംകള്‍ അടക്കമുള്ള അഹിന്ദു ന്യൂനപക്ഷത്തെ രണ്ടാംതരം പൗരന്മാരായി കണക്കാക്കി അവര്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? 'അങ്ങനെ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല' എന്നായിരുന്നു മൗദൂദിയുടെ മറുപടി''.

ഒരു ആഗോള അജണ്ടയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന, സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നും ജയരാജന്‍ ഓര്‍മ്മിപ്പിക്കുന്നു. ''കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ പോളണ്ടിലെ അതേ മാതൃകയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന പേരില്‍ത്തന്നെ ജമാഅത്തെ ഇസ്ലാമി സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായി ദലിത് മുന്നേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സമരങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചു. മുന്‍കാല നക്സലൈറ്റുകളെയും റോയിസ്റ്റുകളെയും തങ്ങളുടെ മാധ്യമസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് മതേതര പുരോഗമന മുഖം സൃഷ്ടിക്കാനും അതുവഴി കേരളത്തിന്റെ സാമൂഹികാംഗീകാരം നേടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജമാഅത്തിന്റെ രാഷ്ട്രീയ മുഖമായി, ആര്‍.എസ്.എസ്- ബി.ജെ.പി എന്നപോലെ അമുസ്ലിംകളെ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ വലതുമുന്നണിയുടെ സഹായസംഘമായി പങ്കെടുക്കുകയും ചെയ്യുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും മുസ്ലിം ലീഗിന്റെയും അതുവഴി യു.ഡി.എഫിന്റെയും സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചുവരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇതിനോട് വിയോജിപ്പുണ്ടെങ്കിലും മുന്നണിയിലെ ശക്തരായ മുസ്ലിം ലീഗിനെ എതിര്‍ക്കാന്‍ ശേഷിയില്ലാത്തതുകൊണ്ട് ലീഗ് തീരുമാനങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു''.- ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു.

ടി ജെ ജോസഫിന്റെ കൈവെട്ടിച്ചതാര്?

മാധ്യമ പത്രം തുടങ്ങി കപട മതേരര മുഖം സൃഷ്്ടിക്കാനാണ് ജമാഅത്തെ ശ്രമിച്ചതെന്നും പി ജയരാജന്‍ ആരോപിക്കുന്നു. ''1987-ല്‍ മാധ്യമം പത്രം ആരംഭിക്കുകയും രാഷ്ട്രീയത്തിന് അതീതമായ നിഷ്പക്ഷ നിലപാടാണ് തങ്ങളുടേത് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ലിബറല്‍, പുരോഗമന നിലപാടുകാരെയും, ഇടതുപക്ഷ മതേതതര നിലപാടുകള്‍ സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ള പൊതുബുദ്ധിജീവികളെയും പത്രവുമായും അതേ പേരിലിറക്കിയ ആനുകാലികവുമായും നിരന്തരം ബന്ധിപ്പിച്ചുനിര്‍ത്തുകയും ചെയ്തു''.

2010-ല്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനുനേരെ നടന്ന കൈവെട്ടുകേസിന് കാരണക്കാര്‍ എന്ന നിലയിലും പുസ്തകത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ജയരാജന്‍ പരാമര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് തീവ്രവാദത്തിനെതിരെ വിവിധ മതസംഘടനകളെ യോജിപ്പിച്ച് മലപ്പറം കോട്ടക്കലില്‍ ചേര്‍ന്ന യോഗം എന്ന ജയരാജന്‍ എഴുതുന്നു: ''ഏഴ് മതസംഘടനകളെ ക്ഷണിച്ച യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ അടുപ്പിച്ചില്ല. അധ്യാപകന്റെ കൈവെട്ടു കേസിലേക്കു നയിച്ച പ്രചാരണങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയായ മാധ്യമം ദിനപത്രമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. മുസ്ലിം ലീഗ് വഴി സമുദായത്തിന്റെ വക്താക്കളായി മാറാന്‍ കിണഞ്ഞു ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇത് വന്‍ തിരിച്ചടിയായിരുന്നു''.

പരമ്പാരഗത സുന്നികള്‍ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രം തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നത് എന്നും, പുസ്തകം ചൂണ്ടിക്കാട്ടുന്നു. ''2014-നുശേഷം കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആര്‍.എസ്.എസ് ആക്രമണം വര്‍ധിച്ചതും മുതലെടുത്ത് ജമാഅത്തെ ഇസ്ലാമി മുസ്ലിം യുവാക്കള്‍ക്കിടയില്‍ വര്‍ഗീയ ചിന്തകള്‍ വളര്‍ത്തിക്കൊണ്ടുവരാനും അവരുടെ മതരാഷ്ട്രവാദത്തിന് പിന്തുണ വര്‍ധിപ്പിക്കാനും ശ്രമിച്ചു. വിവിധ മുസ്ലിം സംഘടനകളെ ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു, മുസ്ലിം ഐക്യം എന്ന പ്രത്യക്ഷ ആശയത്തിലൂടെ സമുദായത്തിനിടയില്‍ വര്‍ഗീയബോധം വളര്‍ത്തിക്കൊണ്ടുവരാനും ശ്രമമുണ്ടായി. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രം തിരിച്ചറിഞ്ഞ പരമ്പരാഗത സുന്നികള്‍ ബഹുസ്വരത എന്ന ആശയത്തിലൂന്നി തീവ്ര ആശയങ്ങളെ ചെറുത്തുവരുന്നു''.

വഖഫ് സംരക്ഷണ റാലിക്ക് പിന്നില്‍?

2021 ഡിസംബറില്‍ കോഴിക്കോട്ട് നടന്ന വഖഫ് സംരക്ഷണ റാലി, ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയിലൂടെ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നുവെന്ന് ജയരാജന്‍ എഴുതുന്നു:-''വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ വന്നതിനെതുടര്‍ന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. വഖഫ് ബോര്‍ഡാണ് നിയമം പി.എസ്.സി വഴിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തെ ലീഗും അംഗീകരിച്ചിരുന്നു. നിയമനം പി.എസ്.സിക്ക് വിടുമ്പോള്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം വേണമെന്നുമാത്രമാണ് ലീഗ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്. അതിനര്‍ഥം ലീഗ് നേതൃത്വം തന്നെ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു എന്നാണ്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ബഹുജനങ്ങളെ തെരുവിലിറക്കാനുള്ള പദ്ധതിക്കാണ് ലീഗ് നേതൃത്വം നല്‍കിയത്. ജമാഅത്തെ ഇസ്ലാമി ബുദ്ധിപരമായ നേതൃത്വം നല്‍കിയ അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെട്ടത്. കേരളത്തിലെമ്പാടുമുള്ള മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികളെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടി ലീഗും ജമാഅത്തെ ഇസ്ലാമിയും കൈക്കൊണ്ടത്''.

ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ രഹസ്യ കൂടിയാലോചനകള്‍ തിരിച്ചറിഞ്ഞ എസ്.കെ.എസ്.എസ്.എഫും മൂന്ന് മുജാഹിദ് സംഘടനകളും മുനവറലി തങ്ങളുടെ വീട്ടില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചു. ഏറ്റവും ഒടുവില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിന് സുന്നി സംഘടന കത്ത് നല്‍കി. മതനിരപേക്ഷ നിലപാട് അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നതിലുള്ള എതിര്‍പ്പാണ് ഇപ്പോഴും അവര്‍ പ്രകടിപ്പിക്കുന്നത്. ലീഗിനെ അനുകൂലിക്കുന്നവര്‍ പോലും ഈ അവിശുദ്ധകൂട്ടുകെട്ടിന്റെ അപകടം തിരിച്ചറിയുകയാണ്''.- പുസ്്തകം ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തില്‍ പറഞ്ഞ എല്ലകാര്യങ്ങളോടും തനിക്ക് യോജിപ്പില്ലെന്നും, ലേഖകന്റെ അഭിപ്രായം വ്യക്തിപരമാണ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും, ഫലത്തില്‍ സിപിഎമ്മിന്റെ മാറിയ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനം കൂടിയായാണ് ഈ പുസ്‌കത പ്രകാശനം വിലയിരുത്തപ്പെടുന്നത്. ഇതുവരെ കെ ഇ എന്‍ കുഞ്ഞുമുഹമ്മദിന്റെയൊക്കെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയെടുത്ത, ഒരു സാംസ്‌ക്കാരിക ധാര, സിപിഎമ്മിനെ കൃത്യമായി പൊളിറ്റിക്കല്‍ ഇസ്ലാമിനോട് യോജിച്ച് നിര്‍ത്തുന്നവരാക്കി മാറ്റുകയിരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളോട് ഐക്യപ്പെടണമെന്ന് വാദമാണ് കെ ഇ എന്‍ ഉയര്‍ത്തിയത്.

എന്നാല്‍ അതില്‍ നിന്ന് മാറി, ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടണം എന്ന കൃത്യമായ സന്ദേശമാണ് സിപിഎം ഇപ്പോള്‍ നല്‍കുന്നത്. കെ ഇ എന്‍ അടക്കമുള്ള സ്വത്വരാഷ്ട്രവാദികള്‍ക്ക് പ്രാമുഖ്യം കിട്ടാതിരുന്ന വേദിയില്‍, മതരാഷ്ട്രവാദികളെ ശക്തമായി എതിര്‍ക്കുന്ന കെ ടി ജലീല്‍ എംഎല്‍എയെപ്പോലെയുള്ളവര്‍ നിറഞ്ഞുനിന്നതും, ഒരു മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Tags:    

Similar News