പി പി ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായി; പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം; ദിവ്യ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നും ഉള്ള വാദങ്ങള്‍ അംഗീകരിച്ച് കോടതി; ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം; ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും കോടതി
പി പി ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായി
കണ്ണൂര്‍: പി പി ദിവ്യയുടെ പ്രസംഗം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലാണ് പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍ ഉള്ളത്. ദിവ്യ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.
ദിവ്യയുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം അപമാനിക്കലായിരുന്നു. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചുയ തന്റെ സഹപ്രവര്‍ത്തക്കാരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനം നൊന്ത് മറ്റു വഴികള്‍ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. പ്രവൃത്തിയുടെ പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ഗൗരവമേറിയ സംഭവമെന്നും കോടതി നിരീക്ഷിച്ചു. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
നവീന്‍ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്. ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടു വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നവീന്റെ പത്തനംതിട്ടയിലെ വീട്ടിലും പ്രസംഗ ദൃശ്യം പ്രചരിപ്പിച്ചു. ഇതിലൂടെ ദുരുദ്ദേശ്യം വ്യക്തം.
യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ബാബു അപമാനിതനായി. അഴിമതിയെക്കുറിച്ച് അറിവു ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്.
ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ദിവ്യ കീഴടങ്ങാനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ നടത്തിയ ആറ് മിനിറ്റ് പ്രസംഗം ആസൂത്രിത ഗൂഢാലോചനയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ വാദം. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടുകയും ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്ത ദിവ്യയുടെ പ്രവൃത്തി ഗുരുതര അഴിമതിയാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി.ദിവ്യയുടെ വ്യക്തിപ്രഭാവവും അഴിമതിവിരുദ്ധ പ്രവര്‍ത്തനവും ഉയര്‍ത്തിയ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ദിവ്യയുടെ പ്രസംഗം സദുദ്ദേശപരമാണെന്നാണ് വാദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മകളും അസുഖബാധിതനായ അച്ഛനും വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു