ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്‌കൂളില്‍ കടന്നുകയറി; കുട്ടികളുടെയും അദ്ധ്യാപകരുടെയും വസ്ത്രധാരണത്തെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതി; പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ സംഭവത്തില്‍ മൂന്നു വി എച്ച് പി നേതാക്കള്‍ റിമാന്‍ഡില്‍
സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വി എച്ച് പി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറസ്റ്റില്‍. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്മസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമെന്നാണ് ആരോപണം. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍, തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.
അറസ്റ്റിലായ കെ. അനില്‍കുമാര്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വി. സുശാസനന്‍ ബജരംഗദള്‍ ജില്ലാ സംയോജകും കെ. വേലായുധന്‍ വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്.
നല്ലേപ്പുള്ളി ഗവ യുപി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവര്‍ സംഘം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.