കൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്; സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചന

സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ?

Update: 2025-04-26 16:42 GMT

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിന്റെ കാലത്ത്, കേരളത്തില്‍ ഉടനീളം നടന്ന കുപ്രചാരണമായിരുന്നു, മുസ്ലീങ്ങളെ നാടുകടത്താനുള്ള പദ്ധതിയായിരുന്നു ഇതെന്ന്. പക്ഷേ സിഎഎ എന്നത് പൗരത്വം കൊടുക്കാനുള്ള നിയമമാണെന്നും, അതുമൂലം ഒരാളുടെയും പൗരത്വം എടുത്തുകളയാന്‍ ആവില്ലെന്നും, ഇതുസംബന്ധിച്ച് പഠിച്ചവര്‍ ചൂണ്ടിക്കാട്ടിയിട്ടും സിപിഎം അടക്കമുള്ള കക്ഷികള്‍ ഈ കുപ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്കറിയാം, സിഎഎ വന്നിട്ടും രാജ്യത്തെ ഒരാളെപ്പോലും അത് ബാധിച്ചിട്ടില്ല എന്ന്. വല്യുപ്പാന്റെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്ന് കേരളത്തില്‍ വരെ പ്രചാരണം ഉണ്ടായിട്ടും ഒരാള്‍ക്കും വില്ലേജ് ഓഫീസ് വരെ പോലും പോകേണ്ടിവന്നില്ല.

സിഎഎ വന്നിട്ടുപോലും ഇന്ത്യയില്‍ ജീവിക്കുന്ന, സാങ്കേതികാര്‍ത്ഥത്തില്‍ പാക് പൗരന്‍മാര്‍ ആയവര്‍ക്ക് ഒരു പ്രശ്നവും വന്നിട്ടില്ല. എന്നാല്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം അവരെയും ബാധിച്ചിരിക്കയാണ്. സാങ്കേതിക കാരണങ്ങളാല്‍ പാക് പൗരന്‍മാരായിപ്പോയ കോഴിക്കോട് താമസിക്കുന്ന മൂന്ന് പേര്‍ക്ക് ഇന്ന് രാജ്യം വിടാന്‍ നോട്ടീസ് കിട്ടിക്കഴിഞ്ഞു.

അവരെ നാടുകടത്തും

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇതാണ് രേഖകളില്‍ പാക് പൗരന്‍മാരായിട്ടുള്ള വയോധികര്‍ക്ക് തിരിച്ചടിയായത്. 27-നകം നാടുവിടാനാണ് പാക് പൗരന്മാര്‍ക്കുള്ള നിര്‍ദേശം. മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് 29 വരെ സമയം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ് കിട്ടി. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേര്‍ക്കുമാണ് നോട്ടീസ്. വ്യാപാരം, വിവാഹം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നുപേരും. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.


കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.

കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്ഥാനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോളാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.

2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ഹംസയ്ക്ക് ലഭിച്ചത്. ഇവര്‍ക്കൊന്നും പാക്കിസ്ഥാന്‍ ബന്ധുക്കളോ സ്വത്തുക്കളോ ഒന്നുമില്ല. ഈ മണ്ണിനെ സ്നേഹിക്കുന്ന ഇവിടെ ജീവിച്ച് മരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. തങ്ങളെ ഡീപോര്‍ട്ട് ചെയ്താല്‍ എന്തുചെയ്യുമെന്ന് ഇവര്‍ക്കും അറിയില്ല.

അതേസമയം, പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ കോഴിക്കോട് പൊലീസ് തീരുമാനിച്ചതായി സൂചന. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം


നിയമത്തില്‍ ഇളവ് വേണം

അനധികൃതമായ ഇന്ത്യയിലേക്ക് കുടിയേറിയവരെയും, സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പാക് പൗരന്‍മാര്‍ ആയിപ്പോയവരെയും വേര്‍തിരിച്ച് കാണണം എന്നാണ് ഇത് സംബന്ധിച്ച് പഠിച്ചവര്‍ പറയുന്നത്. കാമുകനൊപ്പം ജീവിക്കാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാക്കിസഥാന്‍ സ്വദേശിനി സീമ ഹൈദറും ഇപ്പോള്‍ നാടുകടത്തല്‍ ഭീതിയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023-ലാണ് അവര്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെ കാമുകന്‍ സച്ചിന്‍ മീണയ്ക്ക് ഒപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തിയത്. സച്ചിനെ വിവാഹം ചെയ്ത അവര്‍ ഒരു കുഞ്ഞിന് ജന്മവും നല്‍കി. ഗ്രേറ്റര്‍ നോയിഡ സ്വദേശിയാണ് സച്ചിന്‍.




പുതിയൊരു വീഡിയോയില്‍ തനിക്ക് ഇനി പാക്കിസ്ഥാനിലേക്ക് മടങ്ങേണ്ടെന്നും പ്രധാനമന്ത്രിയോടും യുപി മുഖ്യമന്ത്രിയോടും തന്നെ ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സച്ചിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഹിന്ദു മതം സ്വീകരിച്ചെന്നും അവര്‍ വ്യക്തമാക്കി. താന്‍ പാക്കിസ്ഥാന്റെ മകളായിരുന്നുവെങ്കിലും ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും അവര്‍ വ്യക്തമാക്കുന്നു. പക്ഷേ സീമക്ക് ഇപ്പോഴും ഇന്ത്യന്‍ പൗരത്വം കിട്ടിയിട്ടില്ല.

പക്ഷേ സീമക്ക് ഉടന്‍ പൗരത്വം കിട്ടുമെന്നും, അവര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം ബാധകമല്ലെന്നും അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. അതേസമയം ഇവരെ പാകിസ്ഥാനിലേക്ക് മടക്കി അയക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സീമക്ക് ഇളവ് ലഭിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഇതേ രീതിയില്‍ സാങ്കേതിക കാരണത്താല്‍ പാക്കിസ്ഥാന്‍ പൗരന്‍മാരായി പോയവരെയും പരിഗണിക്കണമെന്നാണ് ആവശ്യം.

Tags:    

Similar News