ഡ്യൂറന്‍ഡ് ലൈനിന് സമീപം പാക്ക് സൈന്യം ഉപേക്ഷിച്ചുപോയ സൈനിക പോസ്റ്റുകളില്‍ കണ്ടെടുത്ത പാന്റുകളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് താലിബാന്റെ പരേഡ്; താലിബാന്‍ നടത്തുന്നത് ഇന്ത്യയുടെ നിഴല്‍ യുദ്ധമെന്ന് പാക്ക് പ്രതിരോധമന്ത്രി; മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും ഖ്വാജ ആസിഫ്; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശാന്തമാകാതെ അഫ്ഗാന്‍ - പാക്ക് അതിര്‍ത്തി പ്രദേശങ്ങള്‍
ഇസ്ലമാബാദ്: അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെതിരെ നടത്തുന്നത് 'ഇന്ത്യയുടെ നിഴല്‍ യുദ്ധ'മെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. തീരുമാനങ്ങള്‍ എടുക്കുന്നത് അഫ്ഗാനിസ്ഥാനിലല്ല, ഇന്ത്യയിലാണെന്ന് പാക് മന്ത്രി ആരോപിച്ചു. അഫ്ഗാന്‍-പാക് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. സംഘര്‍ഷഭരിതമായ അഫ്ഗാന്‍- പാക്ക് അതിര്‍ത്തിയില്‍ നിലവില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച കാബൂളിലും കാണ്ഡഹാറിലും പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 15 സാധാരണക്കാരായ അഫ്ഗാനികള്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്പിന്‍-ബോള്‍ഡാക്കില്‍ താലിബാന്‍ പാകിസ്ഥാന്റെ അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഈ ആക്രമണം. തങ്ങളുടെ പോസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ പാകിസ്ഥാന്‍ സൈനികരുടെ പാന്റുകളുമായി പിന്നീട് അഫ്ഗാന്‍ തെരുവില്‍ താലിബാന്‍ സൈന്യവും പ്രവര്‍ത്തകരും പരേഡ് നടത്തിയിരുന്നു. ഡ്യൂറന്‍ഡ് ലൈനിന് സമീപം പാകിസ്ഥാന്‍ സൈന്യം ഉപേക്ഷിച്ചുപോയ സൈനിക പോസ്റ്റുകളില്‍ നിന്ന് കണ്ടെടുത്ത ഒഴിഞ്ഞ പാന്റുകള്‍ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ പ്രദര്‍ശിപ്പിച്ചു. അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത പാന്റുകളും ആയുധങ്ങളും താലിബാന്‍ പോരാളികള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ബിബിസിയുടെ അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തകനായ ദാവൂദ് ജുന്‍ബിഷ് എക്സില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചില പദ്ധതികള്‍ തയ്യാറാക്കിയെന്നും പാക് മന്ത്രി ആരോപിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം ഔദ്യോഗികമായി വ്യാപാരത്തിലും ഉഭയകക്ഷി ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെങ്കിലും, ഇതിന് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് പാക് മന്ത്രിയുടെ ആരോപണം.
48 മണിക്കൂര്‍ സമയത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷം വെടിനിര്‍ത്തല്‍ തുടരാന്‍ സാധ്യതയില്ലെന്ന് പാക് പ്രതിരോധ ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിക്കുകയും ചെയ്തു. താലിബാന്‍ ഇന്ത്യയ്ക്ക് വേണ്ടി നിഴല്‍ യുദ്ധം നടത്തുന്ന സേനയായി മാറിയെന്നാണ് ഖ്വാജയുടെ ആരോപണം. അഫ്ഗാന്‍ താലിബാന്‍ ഇന്ത്യക്ക് വേണ്ടി 'നിഴല്‍ യുദ്ധം നടത്തുകയാണെന്നും' അവര്‍ ന്യൂഡല്‍ഹിയുടെ ഒരു 'ചട്ടുകമായി' മാറിയെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
'ഈ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്, കാരണം അഫ്ഗാന്‍ താലിബാനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഡല്‍ഹിയാണ്' ഖ്വാജ ആസിഫ് പാക് മാധ്യമങ്ങളോട് പറഞ്ഞു. സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചതെങ്കിലും അത് ദുര്‍ബലമാണ്. ഇത് അധികകാലം നിലനില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളിലെ സര്‍ക്കാരുകളും ഇത് സ്ഥിരീകരിച്ചു. എന്നാല്‍, വര്‍ധിച്ചുവരുന്ന അക്രമം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടത് എതിര്‍ രാജ്യമാണെന്ന് ഇരു സര്‍ക്കാരുകളും പരസ്പരം അവകാശപ്പെടുന്നുണ്ട്. വെടിനിര്‍ത്തല്‍ കാലയളവില്‍ സങ്കീര്‍ണ്ണവും എന്നാല്‍ പരിഹരിക്കാവുന്നതുമായ പ്രശ്‌നത്തിന് ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിക്കുന്നില്ലെങ്കില്‍ കരാര്‍ പാലിക്കാന്‍ തങ്ങളുടെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ സര്‍ക്കാരും വ്യക്തമാക്കി.
അതേ സമയം അഫ്ഗാനിസ്ഥാനിലെ താലിബന്‍ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് 2021-ലെ മുന്‍ നിലപാടുകളില്‍ മാറ്റം വന്നത്. അതേസമയം, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മദ്ധ്യസ്ഥ വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ താന്‍ തയാറാണെന്നും അങ്ങനെ ചെയ്യുന്നത് ഒരു ബഹുമതിയാണെന്നും ട്രംപ് വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് അഫ്ഗാന്‍-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായത്. കാബൂളിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആരോപണം. ഇതിനുപിന്നാലെ പാകിസ്ഥാന് നേരേ താലിബാന്‍ സൈനികര്‍ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനൊപ്പം പാകിസ്ഥാനി താലിബാന്‍ എന്ന സംഘടന പാകിസ്താനിലെ പോലീസ് ട്രെയിനിങ് സ്‌കൂളിലടക്കം ചാവേര്‍ ആക്രമണവും നടത്തി. അതേസമയം, 200-ലേറെ താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. താലിബാന്റെ ഒട്ടേറെ സൈനികപോസ്റ്റുകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.