2020 ജൂണ്‍ 16ന് മാതൃഭൂമി പുറത്തു വിട്ടത് 2346 സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ വാങ്ങല്‍ വാര്‍ത്ത; ജീവനക്കാരില്‍ നിന്നും 10 മാസമായി എല്ലാം തിരിച്ചു പിടിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ ആ വിവാദം രാജിയാക്കി; 2024ല്‍ 1448 പേര്‍ക്ക് ഖജനാവില്‍ നിന്നും ഇരട്ട നേട്ടം; ബാലഗോപാല്‍ ആരേയും ഒരു ചുക്കും ചെയ്യില്ല; ഇന്നലത്തേത് നവീന്‍ ബാബു കേസ് ചര്‍ച്ചയാകാതിരിക്കാനുള്ള അതിബുദ്ധി!
തിരുവനന്തപുരം: സാമൂഹികസുരക്ഷാപെന്‍ഷന്‍ അനധികൃതമായി വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്യില്ല. കഴിഞ്ഞ ദിവസം ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാരുടെ കണക്കുകള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേട്ട് ഞെട്ടിയിരുന്നു. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് ഇതിലും വലുത് 2020ല്‍ നടന്നു. അന്നും കേരളം ഭരിച്ചത് പിണറായി വിജയനാണ്. 2020ല്‍ 2346 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു കണ്ടെത്തിയത്. അത് വാര്‍ത്തയുമായി. 2024ല്‍ ഇത് 1448 ആയി കുറയുകയാണ്. 2020ല്‍ മാതൃകാപരമായ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന ഖജനാവ് നഷ്ടം. അതുകൊണ്ട് തന്നെ 2024ലും നടപടികള്‍ വകുപ്പു തലത്തില്‍ മാത്രമായി ഒതുങ്ങുമെന്ന സംശയം സജീവമാണ്.
2020ല്‍ ഒരു കര്‍ശന നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് വ്യക്തമാണ്. ഇത്തരത്തില്‍ വിവാദമുണ്ടാവുകയും അതിന് 2020ല്‍ കീഴ് വഴക്കം സൃഷ്ടിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ 2024ലെ വില്ലന്മാര്‍ക്കും 10 തുല്യ തവണകളായി പണം തിരിച്ചടച്ചാല്‍ മതിയാകും. അതിന് അപ്പുറത്തേക്കൊന്നും സര്‍ക്കാര്‍ ചെയ്യില്ല. അതിനിടെ വാര്‍ത്ത തിരിച്ചു വിടാനുള്ള കുതന്ത്രമാണോ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ കണക്ക് പുറത്തു വിട്ടതെന്ന സംശയവും ശക്തമാണ്. നവീന്‍ ബാബു വിഷയവും ഹൈക്കോടതി തീരുമാനവും വലിയ വാര്‍ത്തയായി കത്തി പടരുമ്പോഴാണ് പെട്ടെന്ന് പെന്‍ഷന്‍ തട്ടിപ്പുമായി ധനവകുപ്പ് വാര്‍ത്തകളെ വഴിതിരിച്ചു വിട്ടത്.
2020 ജൂണ്‍ 16 ന് വന്ന മാതൃഭൂമിയും ക്ഷേമ പെന്‍ഷനിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നിരുന്നു. അന്ന് 2346 സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണമായിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ 4 വര്‍ഷമായിട്ടും 2346 ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇന്ന് പുറത്ത് വന്ന 1458 ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല. പിച്ചചട്ടിയെടുത്ത് തെണ്ടേണ്ടി വരുന്ന പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലാണ് ലക്ഷങ്ങള്‍ ശമ്പളമായും കിമ്പളമായും വാങ്ങുന്നവര്‍ കയ്യിട്ട് വാരുന്നത് എന്ന് ഓര്‍ക്കുന്നത് മാത്രം നന്നായിരിക്കുമെന്നാണ് ഇതിനോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
ആ പഴയ വാര്‍ത്തയും ചര്‍ച്ചകളില്‍ നിറയുന്നു. അന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും തുക തിരിച്ചു പിടിക്കുമെന്ന സൂചനകളുമായി പി ആര്‍ ഡി വാര്‍ത്താ കുറിപ്പും ഇറക്കിയിരുന്നു. അന്ന് കണ്ടെത്തിയവര്‍ ആരെങ്കിലും 2024ലെ പട്ടികയിലുണ്ടോ എന്നതും നിര്‍ണ്ണായക ചോദ്യമാണ്. കാലാകാലങ്ങളായി കേരളത്തില്‍ നടക്കുന്ന സംഭവമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ വാങ്ങല്‍. ഇതെല്ലാം ധന വകുപ്പിനും അറിയാം. എന്നിട്ടും വലിയ സംഭവമായി അവതരിപ്പിച്ചു. 2020ല്‍ കര്‍ശന നിലപാട് എടുക്കാത്തതാണ് ഇതിനെല്ലാം കാരണമെന്നും വ്യക്തം.
നവീന്‍ ബാബു കേസില്‍ സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത് കഴിഞ്ഞ ദിവസമാണ്. എഡിഎമ്മിന്റെ കുടുംബം സര്‍ക്കാരില്‍ അവിശ്വാസം കാട്ടിയാണ് ഹൈക്കോടതിയിലേക്ക് പോയത്. അതിനിടെ സിബിഐയെ വിശ്വാസമില്ലെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. ഇതെല്ലാം ചര്‍ച്ചയാകുന്നത് സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയുമായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് ക്ഷേമ പെന്‍ഷനിലെ ഞെട്ടിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നത്.
2020 ജൂണ്‍ 16 ന് വന്ന മാതൃഭൂമി വാര്‍ത്ത ചുവടെ
പാലക്കാട്: സാമൂഹികസുരക്ഷാപെന്‍ഷന്‍ അനധികൃതമായി വാങ്ങിയവരില്‍ 2346 സര്‍ക്കാര്‍ ജീവനക്കാരെന്ന് ധനകാര്യവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരായ 2087 പേരും താത്കാലിക സര്‍ക്കാര്‍ജീവനക്കാരായ 259 പേരുമാണ് വാങ്ങിയത്. സ്പാര്‍ക്കിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റാബേസും പെന്‍ഷന്‍ വാങ്ങുന്നവരുടെ ട്രഷറിയിലുള്ള വിവരങ്ങളും ഒത്തുനോക്കിയാണ് ഇത്തരക്കാരെ കണ്ടെത്തിയത്.
അനര്‍ഹമായി സാമൂഹികസുരക്ഷാപെന്‍ഷന്‍ വാങ്ങുന്ന സര്‍വീസ്, കുടുംബപെന്‍ഷനര്‍മാരുടെ വിവരങ്ങളും ശേഖരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, കുടുംബപെന്‍ഷനര്‍മാര്‍ എന്നിവര്‍ സാമൂഹികസുരക്ഷാപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നത് അച്ചടക്കലംഘനമാണ്. 2000 രൂപയില്‍ താഴെ ഔദാര്യമായി കുടുംബപെന്‍ഷന്‍ (എക്സ് ഗ്രേഷ്യ കുടുംബപെന്‍ഷന്‍) ലഭിക്കുന്നവര്‍ക്ക് സാമൂഹികസുരക്ഷാപെന്‍ഷന് അര്‍ഹതയുണ്ട്.
സാമൂഹികസുരക്ഷാപെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ അറിയിച്ച് പെന്‍ഷന്‍ റദ്ദുചെയ്യണം. ഇത്തരത്തില്‍ കൈപ്പറ്റിയ തുക ഏത് മാസം മുതല്‍ അനര്‍ഹമായി കൈപ്പറ്റിയോ ആ മാസം മുതല്‍ തിരിച്ചടയ്ക്കണം. സ്വമേധയാ തിരിച്ചടച്ചില്ലെങ്കില്‍ തുക സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുതലവന്മാരെ അറിയിക്കണം. ഇവര്‍ ഈ തുക സ്പാര്‍ക് മുഖാന്തരം ശമ്പളത്തില്‍നിന്ന് കുറവ് െചയ്ത് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ നടപടിയെടുക്കും.
അനര്‍ഹമായി കൈപ്പറ്റിവരുന്ന സാമൂഹികസുരക്ഷാപെന്‍ഷന്‍ തുക സ്വമേധയാ തിരിച്ചടച്ചില്ലെങ്കില്‍ സര്‍വീസ് പെന്‍ഷന്‍ തുകയില്‍നിന്ന് കുറവുചെയ്ത് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ട്രഷറി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്തയെ തുടര്‍ന്ന് നടപടികളിലേക്കും സര്‍ക്കാര്‍ കടന്നിരുന്നു. 2020 ഓഗസ്റ്റ് 14ന് വന്ന പി ആര്‍ ഡി വാര്‍ത്ത ഇതിന് തെളിവാണ്. ആ വാര്‍ത്ത ചുവടെ
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: അനധികൃതമായി വാങ്ങിയ തുക തിരിച്ചടയ്ക്കണം
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍മാര്‍/ ഫാമിലി പെന്‍ഷണര്‍മാര്‍ എന്നിവര്‍ക്ക് കൈപ്പറ്റിയ തുക കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ പേരില്‍ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 001101023000269 (ഐ.എഫ്.എസ് കോഡ് - കെഎസ്ബികെ 0000101) സ്വമേധയാ തിരികെ അടയ്ക്കാന്‍ സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചു. തുക തിരികെ അടയ്ക്കാത്തവരുടെ ശമ്പളത്തില്‍ നിന്ന്/ സര്‍വീസ് പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ തുകയില്‍ നിന്ന് 10 തുല്യ തവണകളായി തിരികെ ഈടാക്കും. താത്കാലിക ജീവനക്കാരായിരുന്നവര്‍ അനര്‍ഹമായി കൈപ്പറ്റിയ തുക തിരികെ അടച്ചതിനു ശേഷം മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ പുനസ്ഥാപിച്ച് നല്‍കൂ.
മന്ത്രി ബാലഗോപാല്‍ ഇപ്പോള്‍ പറയുന്നത്
പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.
സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമൊക്കെ പെന്‍ഷന്‍ വാങ്ങിയവരില്‍ ഉള്‍പ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോള്‍ സര്‍വീസിലുള്ളവരാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചുവെന്നാണ് വാര്‍ത്ത. മാസം 1600 രൂപയാണ് നിലവില്‍ ക്ഷേമപെന്‍ഷന്‍. അനര്‍ഹരായ 1458 പേര്‍ക്ക് നല്‍കുമ്പോള്‍ സര്‍ക്കാരിന് മാസം നഷ്ടം 23 ലക്ഷം രൂപയോളം. ക്ഷേമപെന്‍ഷനില്‍ അഞ്ചുവിഭാഗങ്ങളുണ്ട്. വാര്‍ധക്യ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, ഭിന്നശേഷി, വിധവ, അവിവാഹിത പെന്‍ഷന്‍. ഇതില്‍ ഭിന്നശേഷി, വിധവ പെന്‍ഷന് പ്രായപരിധി ബാധകമല്ല. 50 കഴിഞ്ഞ അവിവാഹിതകള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം. വാര്‍ധക്യ- കര്‍ഷകത്തൊഴിലാളി പെന്‍ഷന് 60 വയസ്സ് കഴിഞ്ഞാല്‍ അപേക്ഷിക്കാം.