തലയ്ക്ക് മുകളില്‍ തോക്കുചൂണ്ടി ഒപ്പിടുവിക്കാനാകില്ല! തിടുക്കത്തിലോ, സമയപരിധി വച്ചോ, ഭീഷണിക്കു വഴങ്ങിയോ ദേശീയ താല്‍പര്യങ്ങളെ അടിയറ വയ്ക്കില്ല; വ്യാപാര കരാറില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ വ്യക്തമാക്കി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി വയ്ക്കില്ലെന്നും സൂചന?

തലയ്ക്ക് മുകളില്‍ തോക്കുചൂണ്ടി ഒപ്പിടുവിക്കാനാകില്ല!

Update: 2025-10-24 15:31 GMT

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വ്യാപാരക്കരാറില്‍ ഒപ്പുവെക്കില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സമയപരിധി നിശ്ചയിച്ചോ ഭീഷണിപ്പെടുത്തിയോ കരാറുകളില്‍ ഏര്‍പ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

'ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി സജീവ ചര്‍ച്ചയിലാണ്. ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, എന്നാല്‍ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളില്‍ ഏര്‍പ്പെടാറില്ല, ഗോയല്‍ പറഞ്ഞു. സഹകരണത്തിനോട് ഇന്ത്യക്ക് തുറന്ന സമീപമാണെങ്കിലും വേഗതയുടെ പേരില്‍ ദേശീയ താല്‍പര്യങ്ങളെ അടിയറ വയ്ക്കില്ലെന്ന് അദ്ദേഹം അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി.

'ഇന്ത്യ ഒരിക്കലും തിടുക്കത്തിലോ താല്‍ക്കാലിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ തീരുമാനങ്ങള്‍ എടുക്കില്ല. ഞങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയാല്‍ ഞങ്ങള്‍ അത് അംഗീകരിക്കും. അതിനെ എങ്ങനെ മറികടക്കാമെന്ന് ഞങ്ങള്‍ നോക്കുകയാണ്, ഞങ്ങള്‍ പുതിയ വിപണികള്‍ തിരയുകയാണ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുള്ളില്‍ ശക്തമായ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു,' ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ബാഹ്യസമ്മര്‍ദ്ദത്തേക്കാളുപരി രാജ്യതാല്‍പര്യവും തന്ത്രപരമായ നിലപാടുകളും കണക്കിലെടുത്താണ് ഇന്ത്യയുടെ സമീപനം. ദേശീയ താല്‍പര്യങ്ങള്‍ അല്ലാതെ മറ്റു പരിഗണനകളുടെ പേരില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാകുമെന്ന് ഇന്ത്യ ഒരിക്കലും തീരുമാനിച്ചിട്ടുള്ളതായി താന്‍ കരുതുന്നില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ പങ്കാളിത്ത കരാറുകളെന്നും ആരുമായി വാണിജ്യം നടത്താം, നടത്താതിരിക്കാം തുടങ്ങിയ തീട്ടൂരങ്ങള്‍ രാജ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്ന പശ്ചാത്തലത്തില്‍ ഗോയലിന്റെ പ്രസ്താവന പ്രസക്തമാണ്. ഉയര്‍ന്ന യുഎസ് തീരുവകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യയും യുഎസും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരുന്നതുമായി ബന്ധപ്പെടുത്തി ചുമത്തിയ 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 50 ശതമാനമാണ് യുഎസ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിലക്കിഴിവിലുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവ ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ട്. ഈ വ്യാപാരം യുക്രെയിനിലെ റഷ്യന്‍ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാണ് അവരുടെ വാദം.

Tags:    

Similar News