വാക്കുതര്‍ക്കത്തിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞത് പ്രകോപനമായി; യുവതിയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു; കരിങ്കല്ലില്‍ തലയിടിച്ച് വീണ് ചോരവാര്‍ന്നതോടെ സുധ കരഞ്ഞു; മുഖത്ത് അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; 'ആത്മഹത്യാ ഭീഷണി' മുതലെടുക്കാന്‍ നോക്കി; കുടുംബം തകര്‍ക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നും ഷാജിയുടെ മൊഴി; ട്രാക്കിലെത്തിച്ച് തെളിവെടുപ്പില്‍ എല്ലാം വിവരിച്ച് പ്രതി
കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പനച്ചിക്കാട് മൂലേടം പൂവന്‍തുരുത്ത് മൂലക്കളത്തില്‍ വീട്ടില്‍ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ് പറഞ്ഞു. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെ.വി.ഷാജി (63) പൊലീസിനോട് വെളിപ്പെടുത്തി. അതിക്രൂരമായ മര്‍ദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തന്റെ കുടുംബം തകര്‍ക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കി.
ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കില്‍ തള്ളുകയായിരുന്നു. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണാണ് യുവതിയുടെ തലയ്ക്ക് പരിക്കേറ്റത്. ബന്ധം പുറത്തുപറഞ്ഞ് തന്റെ കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപന കാരണമായെന്നാണ് പ്രതിയുടെ മൊഴി.
സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റെയില്‍വേപാലത്തിനടുത്തേക്ക് നടന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞു. ഇതില്‍ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലില്‍ തലയിടിച്ച് ചോരവാര്‍ന്നു തുടങ്ങിയതോടെ സുധ കരയാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ഷാജി സുധയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് സുധയുടെ ശരീരം റെയില്‍വേ പാളത്തില്‍ കൊണ്ടുപോയി ഇട്ടത്. എന്നാല്‍, ട്രയിന്‍ പോകുന്ന പാളമായിരുന്നില്ല ഇത്.
ഇതിനിടെ സുധയുടെ സഹോദരി ഷാജിയെ വിളിക്കുന്നുണ്ടായിരുന്നു. സുധ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയി എന്ന് ഷാജി സഹോദരിയോട് പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. യുവതിയും ഷാജിയും ഒന്നിച്ച് നടന്നു പോകുന്നത് ഈ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയുളുടെ ശരീരത്തിലുള്ള രക്തക്കറയും ദൃശ്യത്തില്‍ വ്യക്തമായിരുന്നു.
ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിനുസമീപം ട്രെയിന്‍ ഓടാത്ത പാളത്തില്‍ മൃതദേഹം കണ്ടത്. ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിന്‍ തട്ടിയല്ലെന്ന് വ്യക്തമായത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് പോലീസ് എത്തിയത്.
കോട്ടയം മൂലേടം ദിവാന്‍കവല മൂലക്കളത്തില്‍ ബേബിയുടെയും അശ്വതിയുടെയും മകളാണ് സുധ. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുന്‍ ജീവനക്കാരിയായ അശ്വതി വഴിയാണു മകള്‍ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് സുധ കുറെക്കാലം താമസിച്ചിരുന്നത്. മൂലേടത്ത് ഇടയ്ക്കുവന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം മൂലേടത്തെ വീട്ടില്‍ എത്തിച്ചു.
