പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും; അയേണ്‍ ഡോം എന്ന വജ്രായുധം വാങ്ങിയേക്കും; 9 വര്‍ഷത്തിനിടെ മോദിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനം; ഇസ്രയേല്‍ പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇസ്രയേലില്‍ എത്തും. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും
പ്രതിരോധം, സുരക്ഷ, തൊഴില്‍, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും. പ്രതിരോധരംഗത്തു കൂടുതല്‍ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് നവംബറില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേല്‍ സേനയുടെ കരുത്തായ അയേണ്‍ ഡോം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയ്ക്കുണ്ട്.
''ഇന്ത്യ - ഇസ്രായേല്‍ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്വ്യവസ്ഥ, എന്നിവയുള്‍പ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതല്‍ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും,' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ആഗോള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ആരോ, മധ്യദൂര മിസൈല്‍ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യഇസ്രയേല്‍ സ്വതന്ത്രവ്യാപാരക്കരാറിനുള്ള ആദ്യഘട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. നാളെ സമാപിക്കും. 2017ലാണ് നരേന്ദ്ര മോദി ഇസ്രയേല്‍ ആദ്യമായി സന്ദര്‍ശിച്ചത്. 9 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ അതിനു തിരഞ്ഞെടുത്ത സമയം വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ഇറാനില്‍ നിന്ന് ഇന്ത്യക്കാരോടു മടങ്ങാന്‍ നിര്‍ദേശിക്കുന്ന സമയത്താണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണു കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ ചില അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രയേല്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള ഭിന്നത കാരണം പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. നെതന്യാഹുവിനൊപ്പം ജറുസലേമിലെ മറ്റൊരു പരിപാടിയിയിലും മോദി പങ്കെടുക്കും. അതിന് ശേഷം ഹോളോകാസ്റ്റ് സ്മാരകമായ യാദ് വാഷെം സന്ദര്‍ശിക്കും.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളയെയാണ് നടക്കുക. മോദിയുടേത് ചരിത്ര സന്ദര്‍ശനമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ പ്രാദേശിക സഹകരണം വരെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
