ബസില്‍ കയറും പോലെ വിമാനത്തിലും കയറണം; പുത്തന്‍ സ്വപ്‌നവുമായി സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍; തദ്ദേശീയമായി ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ബെംഗളൂവില്‍ പദ്ധതി; യാത്രാ ദൈര്‍ഘ്യം കുറയും; വിദൂര ഗ്രാമങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ പറക്കും; അടിപൊളി ഐഡിയയ്ക്ക് കയ്യടി
ന്യൂഡൽഹി: സൊമാറ്റോ, ബ്ലിങ്കിറ്റ് സ്ഥാപകനായ ദീപീന്ദർ ഗോയൽ നൂതന വ്യോമയാന രംഗത്തേക്ക് ചുവട് വെക്കുന്നു. തദ്ദേശീയമായി ആദ്യ ജെറ്റ് എൻജിനുകൾ നിർമിക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി ബെംഗളൂരുവിൽ ഒരു പ്രൊപ്പൽഷൻ ഗവേഷണ സംഘത്തെ രൂപീകരിച്ചതായും ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഗോയൽ പറഞ്ഞു. നിലവിലുള്ള സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുക മാത്രമല്ല ഇന്ത്യയിലെ കാര്യക്ഷമവും ഭാരം കുറഞ്ഞതുമായ ഗാസ് ടർബൈൻ എഞ്ചിനുകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഉയർന്ന ഫ്രീക്വൻസിയിൽ സഞ്ചരിക്കാൻ കഴിയുന്ന ജെറ്റ് എൻജിനുകൾ രാജ്യത്തിന്റെ വ്യോമയാന മേഖലയിലെ പുതിയ ചുവട് വെയ്‌പ്പാകും. കുറഞ്ഞ ചെലവിൽ ഇവ നിർമിക്കുക എന്നത് കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതി ഇന്ത്യയുടെ വ്യോമയാന, പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് ഇത് ഒരു വലിയ മുതൽക്കൂട്ട് ആകുമെന്നാണ് കണക്ക് കൂട്ടൽ. ഈ 24 സീറ്റർ വിമാനങ്ങൾ ആഡംബര സൗകര്യങ്ങളുള്ള വിമാനത്താവളങ്ങൾ ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വളരെ ചെറിയ സ്ഥലങ്ങളിൽ നിന്ന് തന്നെ പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിയും. യാത്രാ സമയങ്ങൾ കുറയ്ക്കാനും വ്യോമ പാതയിൽ നിന്നും ഒഴിവാക്കപ്പെട്ട വിദൂര പ്രദേശങ്ങളെ പട്ടണങ്ങളുമായി ബന്ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും.
ലിങ്ക്ഡ് ഇന്നിലെ പോസ്റ്റിലൂടെയാണ് ഗോയൽ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ഇന്ത്യ മുമ്പ് ഗ്യാസ് ടർബൈൻ എഞ്ചിനുകൾ നിർമ്മിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ ലക്ഷ്യത്തിന് അടുത്തെത്തിയിട്ടുണ്ട്, എൽ.എ.ടിയിൽ, ഇത്തവണ ഞങ്ങൾ ഫിനിഷിംഗ് ലൈൻ മറികടക്കാൻ ആഗ്രഹിക്കുന്നു.' ബാംഗ്ലൂരിൽ ഒരു പ്രൊപ്പൽഷൻ ഗവേഷണ സംഘത്തെ രൂപീകരിച്ചു, ഗ്യാസ് ടർബൈൻ എഞ്ചിനുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്നും പോസ്റ്റിൽ പറയുന്നു.
ബെംഗളൂരുവിൽ ഒരു പ്രത്യേക ലാബിലാണ് പദ്ധതി നടക്കുന്നത്. ഗ്യാസ് ടർബൈൻ എഞ്ചിനുകൾ ആധുനിക വ്യോമയാനത്തിന്റെ ആവശ്യ ഘടകമാണ്. ഇത് രാജ്യത്ത് തന്നെ നിർമ്മിക്കുന്നത് എയ്‌റോസ്‌പേസ് മേഖലയ്ക്ക് ഒരു വലിയ ചുവടുവയ്പ്പായിരിക്കും. ഷോർട്ട് ടേക്ക്-ഓഫ്, ലാൻഡിംഗ് (STOL) വിമാനങ്ങൾ, യുഎവികൾ, മറ്റ് നൂതന വ്യോമയാന സംവിധാനങ്ങൾ എന്നിവയ്ക്ക് ഊർജ്ജം പകരാൻ കഴിയുന്ന 'ഭാരം കുറഞ്ഞതും കാര്യക്ഷമവുമായ' എഞ്ചിനുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും എൽ.എ.ടി എയ്‌റോസ്‌പേസ് പദ്ധതിയിടുന്നു.
ബെംഗളൂരുവിൽ കമ്പനി ആരംഭിക്കാൻ പോകുന്ന ഗവേഷണ കേന്ദ്രത്തിൽ 'ജ്വലനം, ടർബോമെഷീനറി, തെർമൽ സിസ്റ്റങ്ങൾ, മെറ്റീരിയലുകൾ' എന്നിവയ്ക്കുള്ള ലാബുകൾ ഉണ്ടായിരിക്കും. കോർപ്പറേറ്റ് മേൽനോട്ടത്തിലല്ല പദ്ധതി ലക്ഷ്യമിടുന്നത്, പകരം എഞ്ചിനീയർമാരാണ് എൽ.എ.ടിയെ നയിക്കുന്നതെന്ന് ഗോയൽ പറഞ്ഞു. അംഗീകാരങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. സ്ലൈഡുകളെയോ മീറ്റിംഗുകളെയോ പിന്തുടരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപീന്ദർ ഗോയൽ റെസ്റ്റോറന്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമായ സൊമാറ്റോയുടെ സഹസ്ഥാപകനും സിഇഒയുമാണ്. 2008 ൽ പങ്കജ് ഛദ്ദയുമായി സഹകരിച്ച് അദ്ദേഹം സൊമാറ്റോ സ്ഥാപിച്ചു, തുടക്കത്തിൽ ഫുഡിബേ എന്ന പേരിൽ ഒരു റെസ്റ്റോറന്റ് ലിസ്റ്റിംഗും ശുപാർശ വെബ്‌സൈറ്റും ആയിരുന്നു. അതിനുശേഷം നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കാൻ സൊമാറ്റോ വികസിച്ചു, കൂടാതെ ഭക്ഷ്യ-സാങ്കേതിക വ്യവസായത്തിലെ ഒരു പ്രധാനി കൂടിയാണ് ദീപീന്ദർ ഗോയൽ.