'മാധ്യമങ്ങളടക്കം സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ; കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും മുട്ടയിടും; അതുപോലെ എനിക്ക് കവിത എഴുതാന്‍ തോന്നിയാല്‍ ഏത് ആള്‍ക്കൂട്ടത്തിലാണെങ്കിലും എഴുതും'; മുഖ്യമന്ത്രിക്കുള്ള വാഴ്ത്തുപാട്ടില്‍ വിശദീകരണവുമായി പൂവത്തൂര്‍ ചിത്രസേനന്‍

മുഖ്യമന്ത്രിക്കുള്ള വാഴ്ത്തുപാട്ടില്‍ വിശദീകരണവുമായി പൂവത്തൂര്‍ ചിത്രസേനന്‍

Update: 2025-01-16 07:17 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്തു പാട്ടെഴുതിയതില്‍ വിശദീകരണവുമായി കവി പൂവത്തൂര്‍ ചിത്രസേനന്‍. മാധ്യമങ്ങളടക്കം എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ എന്നതിനാലാണ് ഗാനം രചിച്ചതെന്ന് കവി പൂവത്തൂര്‍ ചിത്രസേനന്‍ പ്രതികരിച്ചു. സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം പൂവത്തൂര്‍ ചിത്രസേനന്‍ ഒരുക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയാണ് ഇതെഴുതാന്‍ ആവശ്യപ്പെട്ടതെന്നും ചിത്രസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണിയാണ് ഇതെഴുതാന്‍ ആവശ്യപ്പെട്ടത്. മൂന്നുമണിക്കൂര്‍ കൊണ്ടാണ് എഴുതിയത്. വെള്ളത്തിലെ തിര കണക്കെ വരികള്‍ ഇങ്ങനെ വരികയായിരുന്നു. ഒരു കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും പോയി മുട്ടയിടും. അതുപോലെ എനിക്ക് കവിത എഴുതണമെന്ന് തോന്നിയാല്‍ ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ചാണെങ്കിലും അതെഴുതും' -പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനന്‍ പറയുന്നു.

കേരളത്തിലെ എല്ലാ അശരണരെയും താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍. എന്റെ ഒരു കടമയായിട്ടാണ് ഞാന്‍ ഗാനം എഴുതിയത്. പുകഴ്ത്തല്‍ ആയിട്ട് മറ്റുള്ളവര്‍ക്ക് തോന്നാം. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. വിപ്ലവാത്മകമായ ഗാനം ആവണം എന്നായിരുന്നു നിര്‍ദേശം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടില്‍ അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രിയേക്കുറിച്ച് ഒരു ഗാനം എഴുതിയില്ലെങ്കില്‍ നമ്മളൊക്കെ ഒരു കവിയായി നടന്നിട്ട് എന്ത് കാര്യം.

കളിയാക്കലുകള്‍ കാര്യമാക്കുന്നില്ല, സ്തുതിഗാനം ആയിട്ടല്ല എഴുതിയത്. എന്റെ അച്ഛന്‍ മൂന്നു മഹാകാവ്യം എഴുതിയിട്ടുണ്ട്. അച്ഛനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത എഴുതിപ്പോകും. സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപെടില്ല. പക്ഷേ, അതില്‍ വിപ്ലവാത്മകമായ കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകതന്നെ ചെയ്യും. എത്ര കളിയാക്കലുകള്‍ വന്നാലും പ്രശ്നമില്ല. ഞാന്‍ എഴുതാനുള്ളത് എഴുതി.

മുഖ്യമന്ത്രി പാട്ടിനെ അഭിനന്ദിച്ചത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ട് മുഖ്യമന്ത്രിയെ പാടികേള്‍പ്പിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ, അതിന് നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ എന്നും ചിത്രസേനന്‍ പറഞ്ഞു. 'പാട്ട് ഹിറ്റാവാന്‍ കാരണം, അത് ജീവിതമാണ്. മനുഷ്യരെ ഒരു ഭരണാധികാരി എങ്ങനെ സംരക്ഷിച്ചുനിര്‍ത്തണം എന്നതിന് മാതൃക കാണിക്കുന്ന ഭരണാധികാരിയെ പറ്റി എഴുതുക മാത്രമാണ് ഞാന്‍ ചെയ്തത്. ആദ്യം കേകാവൃത്തത്തില്‍ എഴുതി. അതിന് ഉയിര് പോരെന്ന് തോന്നി. അപ്പോള്‍ മാറ്റിയെഴുതി.

ഇപ്പോള്‍ അതിന്റെ ഉയിര് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പിണറായി സഖാവ് കൂടി ഇതേക്കുറിച്ച് പറഞ്ഞു. എല്ലാവരും സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ പാട്ടിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണ്. ഒരുചിത്രത്തിലെന്ന പോലെ പിണറായിയുടെ ഭരണം ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ ജനങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും എന്തെന്ന് മനസ്സിലാക്കി അവരെ സഹായിക്കുന്ന ഭരണാധികാരി വേറെ ആരുണ്ടായിട്ടുണ്ട്. നല്ലൊരു വ്യക്തിയെ പുകഴ്ത്തുന്നതില്‍ എന്താണ് പ്രശ്‌നം എന്തിനാണ് വിമര്‍ശിക്കുന്നത് കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ പാര്‍ട്ടി നോക്കിയാണോ പിണറായി സഖാവ് സഹായിച്ചത് അല്ലല്ലോ മുഖ്യമന്ത്രിയെന്നത് നമ്മുടെ കാരണവരാണ്, സംരക്ഷകനാണ്.. ' ചിത്രസേനന്‍ വിശദീകരിച്ചു.

അതേ സമയം പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്‌പെഷല്‍ മെസഞ്ചറായി ദിവസ വേതനാടിസ്ഥത്തില്‍ പുനര്‍നിയമനം നല്‍കിയത് വിവാദമായിട്ടുണ്ട്. എന്നാല്‍ തന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് 100 പേര്‍ ആലപിക്കുന്ന ഗാനത്തെ തള്ളിപ്പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. താന്‍ പാട്ട് കേട്ടില്ലെന്നും വാര്‍ത്ത ശ്രദ്ധയില്‍പെട്ടെന്നും പറഞ്ഞ മുഖ്യമന്ത്രി, വല്ലാതെ അധിക്ഷേപിക്കുമ്പോള്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ നിങ്ങള്‍ അസ്വസ്ഥമാകുമെന്ന് തനിക്കറിയാമെന്നുമാണ്് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

സകലമാന കുറ്റങ്ങളും തന്റെ ചുമലില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ വലിയ വിഷമമുണ്ടാകും. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന്റെയൊന്നും ഭാഗമല്ലാതെ ഒരു കൂട്ടര്‍ നിലപാടെടുക്കുന്നതും കാണണം. തങ്ങളാരും വ്യക്തിപൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തിപൂജയിലൂടെ കാര്യങ്ങള്‍ നേടാന്‍ ഈ പാര്‍ട്ടിയില്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം ഒരുക്കിയത്. മുഖ്യമന്ത്രിയെ 'ചെമ്പടയുടെ കാവലാളാ'യും പടയുടെ നടുവില്‍ പടനായകനാ'യും 'ഫിനിക്സ് പക്ഷി'യായുമായാണ് വിശേഷിപ്പിക്കുന്നത്. 'കാവലാള്‍' എന്ന തലക്കെട്ടില്‍ ചത്രസേനന്‍ ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയത് നിയമ വകുപ്പ് ജീവനക്കാരനാണ്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നൂറ് വനിത ജീവനക്കാര്‍ പാടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, വാഴ്ത്തുപാട്ട് വിവാദമായതോടെ ഇതിന് മാറ്റം വരുത്തി, മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് പാടാനായിരുന്നു നീക്കം. എന്നാല്‍ ഗാനം ആലപിച്ച് തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വേദിയില്‍ മുഖ്യമന്ത്രി ഇരിക്കെ ഗാനാലാപനം തുടരുകയും ചെയ്തു.

'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍

കണക്കൊരാള്‍

ചെങ്കൊടി കരത്തിലേന്തി കേരളം

നയിക്കയായ്

തൊഴിലിനായി പൊരുതിയും

ജയിലറകള്‍ നേടിയും

ശക്തമായ മര്‍ദനങ്ങളേറ്റ ധീര സാരഥി

സമര ധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

മതതീവ്രവാദികളേ തച്ചുടച്ചുനീങ്ങവേ

പിന്‍തിരിഞ്ഞു നോക്കിടാതെ

മുന്നിലേക്ക് പോകയും

ഇരുളടഞ്ഞപാതയില്‍ ജ്വലിച്ച

സൂര്യനായീടും

ചെങ്കൊടി പ്രഭയിലൂടെ ലോകരിക്ക്

മാതൃകയായ്...'

-എന്നിങ്ങനെ പോകുന്നു പുതിയ പാട്ടിലെ വരികള്‍

അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. മൂന്നുവര്‍ഷം മുമ്പ് സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാറശ്ശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.

Tags:    

Similar News