ഓംപ്രകാശിന്റെയും മറ്റൊരു സംഘത്തിന്റെയും കുടിപ്പക പറഞ്ഞു തീര്‍ക്കാന്‍ രണ്ട് പ്രമുഖ ഡിവൈഎസ് പിമാര്‍ ഇടപെട്ടത് അടക്കം നാണക്കേട് പലത്; ഇതിലൊരാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകരും ഗുണ്ടകള്‍! കുപ്രസിദ്ധ ഗുണ്ടകളെ പൂട്ടാന്‍ ലിസ്റ്റ് തയാറാക്കുന്നു; 'ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിക്കും'; തൃശൂരിലെ ഇളങ്കോ ഇഫക്ട് വീണ്ടും
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളെ സഹായിക്കുന്നവരെ കണ്ടെത്താന്‍ പോലീസ്. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയനേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തേ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങള്‍ തയ്യാറാക്കും. ഇതിനൊപ്പം ഇവരെ സഹായിക്കുന്നവരേയും കണ്ടെത്തും. എന്നാല്‍ ജയിലില്‍ ഉള്ളില്‍ കഴിയുന്ന ക്വട്ടേഷന്‍ ഗുണ്ടകള്‍ക്കെതിരെ വിവര ശേഖരണമുണ്ടാകില്ല. കേരളത്തില്‍ പല ഗുണ്ടകളും ഇപ്പോള്‍ ജയിലില്‍ കിടന്നാണ് ക്വട്ടേഷന്‍ ജോലി നടത്തുന്നത്. ടിപി കേസ് പ്രതികള്‍ ഇത്തരത്തില്‍ പല കേസുകളിലും ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പ്രതിയായിട്ടുണ്ട്. അങ്ങനെ ക്വട്ടേഷന്‍ ചെയ്യുന്നവര്‍ ഒഴിച്ച് ബാക്കിയെല്ലാം ഗുണ്ടകളുടേയും വിശദാംശങ്ങളാണ് പോലീസ് തേടുന്നത്.
20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധ ഗുണ്ടകളില്‍ ആദ്യത്തെ പത്തുപേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണു ഡിജിപി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ്, തമ്മനത്തെ ഗുണ്ടകള്‍, എയര്‍പോര്‍ട്ട് സാജന്‍ തുടങ്ങിയവരുടെ എല്ലാം വിശദ പട്ടിക തയ്യാറാക്കും. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണു രഹസ്യാന്വേഷണവിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുണ്ടെന്നാണ് നിഗമനം. ഇത്തരക്കാരെ കണ്ടെത്താനും ശ്രമിക്കും. ഗുണ്ടകളുടെ വ്യക്തിപരമായതും കുടുംബങ്ങളുടെയും വിവരങ്ങള്‍, വിദ്യാഭ്യാസം, ജോലി, വരുമാനമാര്‍ഗം, കുറ്റകൃത്യങ്ങളിലെ പങ്കാളികള്‍ തുടങ്ങി 50ഓളം വിവരങ്ങളാണു ശേഖരിക്കുന്നത്. പേരും ഫോട്ടോയും മുതല്‍ രക്തഗ്രൂപ്പും ജനന തീയതിയും മൊബൈല്‍ നമ്പറും വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും.
കുറ്റകൃത്യം നടത്തി വിദേശത്തേക്കു കടക്കുന്നത് തടയുന്നതിനായി ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ് നമ്പര്‍ എന്നിവയുടെ നമ്പറുകളും ശേഖരിക്കും. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗുണ്ടകളാണെങ്കില്‍ അക്കാര്യങ്ങളും വിശദീകരിക്കും. ഇവരുടെ സോഷ്യല്‍ മീഡീയാ അക്കൗണ്ടുകള്‍ നിരന്തരം നിരീക്ഷണത്തിലാക്കും. ഇവരുമായി സാമുഹിക മാധ്യമത്തിലൂടെ ആശയ വിനിമയം നടത്തുന്നവരെ കണ്ടെത്താനും ശ്രമിക്കും. ഗുണ്ടകളെ പിടികൂടാന്‍ പോകുമ്പോള്‍ പിസ്റ്റള്‍ കയ്യില്‍ കരുതണമെന്നും മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കാന്‍ തയാറായാല്‍ അവരെ കീഴ്‌പ്പെടുത്താനും സ്വയരക്ഷയ്ക്കും വെടിവയ്ക്കാന്‍ മടിക്കേണ്ടെന്നും പൊലീസിനു നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. നിയമപ്രകാരം ഇത്തരം അവസരങ്ങളില്‍ പിസ്റ്റള്‍ ഉപയോഗിക്കാമെങ്കിലും പൊലീസില്‍ അതു കീഴ്വഴക്കമാക്കിയിരുന്നില്ല. തൃശൂരില്‍ ുണ്ടയുടെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടിയ ശേഷം പൊലീസ് സംഘത്തെ വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു.
2 പൊലീസ് വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. ഇവരെ കൂടുതല്‍ പൊലീസെത്തിയാണു കീഴ്‌പ്പെടുത്തിയത്. പിറ്റേദിവസം ഗുണ്ടകളെ കൈകാലുകള്‍ക്കു പരുക്കേറ്റ നിലയില്‍ പൊലീസ് ആശുപത്രിയിലെത്തിച്ചു. 'ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചപ്പോള്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു' എന്ന തൃശൂര്‍ കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ മറുപടിയും പ്രചരിച്ചിരുന്നു. ജനങ്ങളുടെ രക്ഷയ്ക്കും സ്വയരക്ഷയ്ക്കും പൊലീസിന് പിസ്റ്റള്‍ ഉപയോഗിക്കാമെന്നും പൊലീസിനെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ അപ്പോള്‍തന്നെ കൊടുക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് പറഞ്ഞിരുന്നു. തൃശൂരില്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന രാത്രി പട്രോളിങ് രീതി കേരളത്തിലാകെ നടപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി മുഴുവന്‍ ജില്ലാതലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു സ്‌ട്രൈക്കിങ് ടീമും സബ്ഡിവിഷന്‍ തലത്തില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സ്‌ട്രൈക്കിങ് ടീമും സജ്ജമായിരിക്കും. ഇതു നടപ്പാക്കിയതിനാലാണു തൃശൂരിലെ ഗുണ്ടകളെ 15 മിനിറ്റിനുള്ളില്‍ പുതിയ പൊലീസ് സംഘത്തെ അയച്ച് കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. 15 ദിവസം കൂടുമ്പോള്‍ വാറണ്ടുള്ളവരുടെയും ഗുണ്ടാ പട്ടികയില്‍ ഉള്ളവരുടെയും വീടുകളില്‍ പരിശോധന നടത്താനും നിര്‍ദേശിച്ചു.
ഗുണ്ടാ കേസുകളില്‍പെടുന്നവരെ കാപ്പ ചുമത്തി ഒരു വര്‍ഷം വരെ നാടുകടത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കാനും നിര്‍ദേശിച്ചിരുന്നു. ജൂലൈ വരെയുള്ള 7 മാസത്തിനിടെ തൃശൂര്‍ ഡിഐജി 150 ഗുണ്ടകളെയാണ് കാപ്പ കേസില്‍ ജില്ലയ്ക്കു പുറത്താക്കിയത്. എസ്പിയുടെ റിപ്പോര്‍ട്ടില്‍ തൃശൂര്‍ കലക്ടര്‍ 110 പേരെ കരുതല്‍ തടങ്കലില്‍ അയച്ചു. ഇത്തരം മാതൃക മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിന് വേണ്ടിയാണ് ഗുണ്ടകളുടെ കണക്കെടുപ്പ് എടുക്കുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡു ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു. അടുത്തകാലത്ത് 850-ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായത്. കൂടുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ഒരു ഡിവൈ.എസ്.പി.യും 15 ഇന്‍സ്‌പെക്ടര്‍മാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെയും മറ്റൊരു സംഘത്തിന്റെയും കുടിപ്പക പറഞ്ഞുതീര്‍ക്കാന്‍ രണ്ട് പ്രമുഖ ഡിവൈ.എസ്.പി.മാര്‍ ഇടപെട്ടത് അടക്കം ചര്‍ച്ചായിരുന്നു. ഇതിലൊരാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകരും ഗുണ്ടകളായിരുന്നു. രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ഗുണ്ടാ ബന്ധത്തിന്റെയും ക്രിമിനല്‍ക്കേസുകളുടെയും പേരില്‍ തിരുവനന്തപുരം സിറ്റി പരിധിയിലെ ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നുപേരെ പിരിച്ചുവിട്ടു. തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പോലീസ് അസോസിയേഷന്റെ നേതാവും നടപടിക്കിരയായി. മംഗലപുരം സ്റ്റേഷനിലെ എസ്.എച്ച്.ഒ.അടക്കം മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കണ്ണൂരില്‍ മണല്‍മാഫിയ ബന്ധത്തിന്റെ പേരില്‍ ഏഴ് ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടുവെന്നതും വസ്തുതയാണ്.
തൃക്കാക്കര, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ക്രിമിനല്‍ക്കേസ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. തിരുവനന്തപുരത്ത് പത്തും കോട്ടയത്ത് മൂന്നും തൃശ്ശൂരില്‍ രണ്ടും ആലപ്പുഴയില്‍ രണ്ടും എറണാകുളം, റെയില്‍വേ, വിജിലന്‍സ് എന്നിവിടങ്ങളില്‍ ഒരോ ഉദ്യോഗസ്ഥരെ വീതവും ഈ സര്‍ക്കാര്‍ വന്നശേഷം ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു.