ജമേലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നു വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പ്രതികരണം; വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങി; രണ്ട് മാസം പൂര്‍ണ്ണ വിശ്രമം
വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികള്‍ക്കു മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. വീല്‍ചെയറില്‍ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.'' ഫ്രാന്‍സിസ് മാര്‍പാപ്പ സഹായി നല്‍കിയ മൈക്കിലൂടെ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വിശ്വാസികള്‍ക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്. മാര്‍പാപ്പയ്ക്കു സംസാരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത രണ്ട് മാസം അദ്ദേഹം പരിപൂര്‍ണ വിശ്രമത്തിലായിരിക്കും. ശബ്ദം സാധാരണ നിലയില്‍ ആവാനുള്ളത് അടക്കം പരിചരണം തുടരും. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കാണ് മാര്‍പ്പാപ്പ മടങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഉണ്ടാകും.
മാര്‍പ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശ്വസന സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പയ്ക്ക് രണ്ടു മാസം വിശ്രമം നിര്‍ദേശിച്ചതായാണ് വിവരം. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ചാപ്പലില്‍ നിന്നുള്ള മാര്‍പാപ്പയുടെ ഫോട്ടോ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു പുറത്തുവിട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനില്‍ നിന്ന് പുറത്തുവരുന്ന മാര്‍പാപ്പയുടെ ആദ്യത്തെ ഫോട്ടോയായിരുന്നു ഇത്.
ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയ്ക്കായി ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു മാര്‍പാപ്പ. ആശുപത്രി ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പൊതുവേദിയില്‍ മാര്‍പാപ്പ പ്രാര്‍ഥനയ്‌ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9ന് ആണ് അവസാനം ഈ ചടങ്ങില്‍ പങ്കെടുത്തത്. ഏപ്രില്‍ 8ന് വത്തിക്കാനിലെ വസതിയില്‍ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കൂടിക്കാഴ്ചയ്ക്കു അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ട്.