നവീന്‍ ബാബുവിനെ പ്രശാന്ത് കുടുക്കിയത് 'ദൃശ്യം' മോഡലില്‍; ഈ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല; ഗൂഡാലോചനാ വാദം പൊളിച്ച് കളക്ടറുടെ 'കുറ്റസമ്മതം' എന്ന വെളിപ്പെടുത്തലും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമ്പോള്‍

Update: 2024-11-08 07:42 GMT

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം കിട്ടുമ്പോള്‍ ചര്‍ച്ചയാകുന്നത് പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെ 'ദൃശ്യം' മോഡല്‍ ചതി. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രശാന്തനും ദിവ്യയുമായുള്ള ഇടപാടുകളും ഗൂഡാലോചനയും പ്രോസിക്യൂഷന്‍ വാദിച്ച് ജയിക്കാനായില്ല. ഇതിനൊപ്പം കളക്ടര്‍ അരുണ്‍ കെ വിജയനുമായുള്ള ദിവ്യയുടെ ഫോണ്‍ സംഭാഷണത്തില്‍ ഗൂഡാലോചനയില്ലെന്ന് കൂടി പറഞ്ഞു വച്ചു. പ്രോസിക്യൂഷന്റെ ഈ നിലപാടുകള്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയിലെ ദിവ്യയുടെ ഇടപെടലുകളെ സ്വാഭാവികമാക്കി. അതുകൊണ്ടാണ് കോടതിയ്ക്ക് ജാമ്യം നല്‍കേണ്ടി വന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ഇതെല്ലാം അംഗീകരിക്കപ്പെട്ടു. നവീന്‍ ബാബുവിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആസൂത്രിത ഗൂഡാലോചനാ വാദം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. എന്നാല്‍ പ്രശാന്തന്റെ വെളിപ്പെടുത്തല്‍ പരിശോധിച്ചാല്‍ തന്നെ ഗൂഡാലോചനയും ദൃശ്യം മോഡല്‍ തെളിവുണ്ടാക്കലും വ്യക്തമാണ്. ്

പ്രശാന്തന്റെ ഇടപെടലുമായി ബന്ധപ്പെട്ട വിശദ വീഡിയോ സ്‌റ്റോറിയുടെ ലിങ്ക് ചുവടെ


Full View

നവീന്‍ ബാബുവിന്റെ സ്ഥലമാറ്റ വിവരം മനസ്സിലാക്കി എഡിഎമ്മിനെ ഭാവിയില്‍ കൈക്കൂലിയില്‍ കുടുക്കാനുള്ള ബോധപൂര്‍വ്വ ശ്രമം നടന്നിട്ടുണ്ട്. എഡിഎമ്മിനെ പ്രശാന്തന്‍ വന്ന് കണ്ടതും അതിന്റെ ഭാഗം. രണ്ടു പേരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഒരിടത്തുണ്ടെന്ന് തെളിയിക്കാനായിരുന്നു ഇതെല്ലാം. ബാങ്കില്‍ നിന്നും വായ്പ എടുത്തതും കൈക്കൂലിയില്‍ വ്യാജ തെളിവുണ്ടാക്കാനാണോ എന്ന സംശയം ശക്തമാണ്. നവീന്‍ ബാബു കൈക്കൂലിക്കാരനല്ലെന്നും പെട്രോള്‍ പമ്പ് ഇടപാടില്‍ അസ്വാഭവികതയില്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ എത്തിച്ചില്ല. ഇതിനൊപ്പം നവീന്‍ ബാബു തെറ്റുപറ്റിയെന്ന് കളക്ടറോട് സമ്മതിച്ചുവെന്ന പ്രതിഭാഗം വാദത്തിന് കരുത്തുപകരുന്ന മൗനം തുടരുകയും ചെയ്തു.

നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്ത് ഒരു ദൃശ്യം മോഡല്‍ തട്ടിപ്പ് നടത്തിയാണ് നവീന്‍ ബാബുവിനെ കുടുക്കിയത്. നവീന്‍ ബാബുവിന് പ്രശാന്തിന്റെ ഫോണ്‍ നമ്പര്‍ ഒക്ടോബര്‍ 5 വരെ കയ്യിലില്ല. അവര്‍ തമ്മില്‍ ഒരു മുന്‍ പരിചയവും ഇല്ല. ഒരിടപാടും നടത്തിയിട്ടുമില്ല. കുറച്ച് മാസങ്ങളായി നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നു എന്ന് പറഞ്ഞിട്ടും ആദ്യമായി നവീന്‍ ബാബു ഫോണ്‍ നമ്പര്‍ വാങ്ങുന്നത് ഒക്ടോബര്‍ അഞ്ചിനാണെന്ന് പറയുന്നു. ഒക്ടോബര്‍ അഞ്ചിന് നവീന്‍ ബാബുവിനെ പ്രശാന്ത് കാണുന്നു.ഫോണ്‍ നമ്പര്‍ വാങ്ങുന്നു. ഒക്ടോബര്‍ ആറിന് വിളിച്ച് വരുത്തുന്നു. അവിടെ വെച്ച് പണം ആവശ്യപ്പെടുന്നും കൊടുത്തുവെന്നും ആരോപിക്കുന്നു. ഒക്ടോബര്‍ ആറിനാണ് പണം കൊടുത്തതെന്ന് ഏഷ്യാനെറ്റിന് കൊടുത്ത അഭിമുഖത്തില്‍ നിന്നും ഈ തീയ്യതി തെറ്റിയിറ്റില്ല എന്ന് വ്യക്തമാണ്.

എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് നവീന്‍ ബാബു ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ പ്രശാന്ത് മറുപടി പറഞ്ഞത് എന്റെ ഫോണ്‍ നമ്പര്‍ സാറിന്റെ കയ്യിലില്ലേ ഞാന്‍ നേരത്തെ തന്നിരുന്നില്ലേ എന്നാണ്. ഈക്കാര്യം കൈരളിയില്‍ കൊടുത്ത അഭിമുഖത്തില്‍ ഇല്ല. മാത്രമല്ല പണം ഇല്ലാന്ന് പറഞ്ഞയാള്‍ അന്ന് തന്നെ പണം ഉണ്ടാക്കി കൊടുത്തു. 50000 രൂപ റയ്ഹാന്റെ കയ്യിലുണ്ടായിരുന്നു. പിന്നെ താന്‍ കുറച്ച് ആളുകളുടെ കയ്യില്‍ നിന്നും പണം വാങ്ങി നല്‍കുകയായിരുന്നു എന്നും പറയുകയായിരുന്നു. എന്നാല്‍ പിപി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് കൈക്കൂലി നല്‍കാന്‍ വേണ്ടി കൊയ്യം സഹകരണ ബാങ്കില്‍ നിന്നും ഒക്ടോബര്‍ 5 ന് ഒരു ലക്ഷം രൂപ വായ്പ്പയെടുത്തെന്നാണ്. ലോണ്‍ കൊടുത്തിരിക്കുന്നത് പകല്‍ സമയത്താണ്. ഒക്ടോബര്‍ 5 ന് പകല്‍ സമയത്ത് സ്വര്‍ണം പണയപ്പെടുത്തി ലോണ്‍ എടുക്കുന്നു എന്നിട്ട് അന്ന് വൈകുനേരം നവീന്‍ ബാബുവിനെ കാണുന്നു. അന്നും നവീന്‍ ബാബു കൈക്കൂലി ചോദിച്ചിട്ടില്ല, ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിട്ടെ ഉള്ളു. ഒക്ടോബര്‍ ആറിനാണ് കൈക്കൂലി ചോദിക്കുന്നത്. അതായത് ഒക്ടോബര്‍ ആറിന് കൈക്കൂലി ചോദിക്കുമെന്ന് കാര്യം ഒക്ടോബര്‍ അഞ്ചിന് തന്നെ പ്രശാന്തിന് അറിയാമായിരുന്നു.

അതിനാല്‍ ബാങ്കില്‍ പോയി ലോണുമെടുത്തു. ഏഷ്യാനെറ്റില്‍ നല്‍കിയ അഭിമുഖത്തിലും ഇത് പറയുന്നുണ്ട് കൈക്കൂലി ചോദിക്കുമെന്ന് അറിയാമായിരുന്നതിനാല്‍ 50000 രൂപ കരുതിയിരുന്നതായി പ്രശാന്ത് പറയുന്നുണ്ട്. ബാക്കി തുക ആരുടേക്കോയെ കയ്യില്‍ നിന്നും വാങ്ങി നവീന്‍ ബാബുവിന് നല്‍കി. ഈ രണ്ട് അഭിമുഖത്തിലും വിട്ട് പോയ മറ്റൊരു കാര്യമുണ്ട്. കൊയ്യം സഹകരണ ബാങ്കില്‍ നിന്നും സ്വര്‍ണം പണയപ്പെടുത്തി പണം എടുത്തു എന്ന് പറയുന്നില്ല. കയ്യില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. സ്വര്‍ണം പണയപ്പെടുത്തി പണം എടുത്തു എന്നാണ് കോടതില്‍ പറഞ്ഞിരിക്കുന്നത്. ഈ രണ്ട് അഭിമുഖത്തിലും പറഞ്ഞിരിക്കുന്നത് എന്റെ കയ്യില്‍ പണമുണ്ടായിരുന്നു എന്നാണ്.

ഒക്ടോബര്‍ 5 ശനിയാഴ്ചയാണ്. ഞായറാഴ്ച ബാങ്ക് അവധിയാണ്. ഇതിനാലാണ് 5 ന് പണം എടുത്തു എന്ന് പറഞ്ഞിരിക്കുന്നത്. ഇത് ബോധപൂര്‍വം ദിവ്യ പറഞ്ഞിട്ട് കൈക്കൂലി കേസില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി അഞ്ചിന് വൈകുന്നേരം നവീന്‍ ബാബുവിനെ പ്രശാന്ത് പോയി കാണുന്നു. എന്നിട്ട് പ്രശാന്ത് തന്നെ നവീന്‍ ബാബുവിന് ഫോണ്‍ നമ്പര്‍ കൊടുക്കുന്നു. എന്നിട്ട് ആറിന് രാവിലെ 11 മണിക്ക് തന്നെയൊന്ന് വിളിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെടുന്നു. ഈ സമയം ടവര്‍ ലൊക്കേഷനില്‍ ഫോണ്‍ എത്തിക്കുന്നു. വളരെ നാടകീയമായി നവീന്‍ ബാബുവിനെ കുടുക്കുന്നു. പ്രശാന്ത് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നവീന്‍ ബാബു വിളിക്കാന്‍ കാരണം രേഖകള്‍ എല്ലാം ശരിയാക്കി കൊടുത്തിരുന്നു സ്വാഭികമായും അതിന്റെ എന്തെങ്കിലും ആവശ്യവുമായി വിളിക്കാന്‍ പറഞ്ഞാതാവാമെന്ന് വിചാരിച്ചു.

മാത്രമല്ല അഭിമുഖത്തില്‍ എനിക്ക് വേറെ ഒരു വരുമാനവും ഇല്ല എന്നെ രക്ഷിക്കണം എന്റെ കയ്യില്‍ കൈക്കൂലി കൊടുക്കാന്‍ ഇല്ലാന്നൊക്കെ പറയുന്ന പ്രശാന്ത് വാസ്തവത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അപ്പൊ ഇത് ബോധപൂര്‍വം പി പി ദിവ്യയും കണ്ണൂര്‍ സിപിഎം പാര്‍ട്ടിയുമൊക്കെ ചേര്‍ന്ന് നടത്തുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നവീന്‍ ബാബുവിന്റെ കയ്യില്‍ കിട്ടിയത് കൊണ്ട് അയാളെ അപായപ്പെടുത്താന്‍ ഇല്ലാതാക്കാന്‍ പ്രശാന്തിന്റെ കൊണ്ട് പി പി ദിവ്യ കളിച്ചൊരു നാടകമാണ് നടന്നത് എന്ന് വ്യക്തം.

Tags:    

Similar News