നിയമലംഘകനെ തടഞ്ഞ പ്രഭാവതിയമ്മയുടെ നടപടിക്ക് എങ്ങും കൈയടി; ആദരിച്ച് മോട്ടോര്‍വാഹന വകുപ്പ്; നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്കെതിരെ നടപടി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം

നിയമലംഘകനെ തടഞ്ഞ പ്രഭാവതിയമ്മയുടെ നടപടിക്ക് എങ്ങും കൈയടി

Update: 2026-02-13 11:07 GMT

കോഴിക്കോട്: ഫുട്പാത്തിലൂടെ ഇരുചക്രവാഹനവുമായെത്തിയ വ്യക്തിയെ തടഞ്ഞു നിര്‍ത്തിയ പ്രഭാവതിയമ്മയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ആദരം. കഴിഞ്ഞ ദിവസമായിരുന്നു ആക്ടീവയുമായെത്തിയ വ്യക്തിയെ ഫുട്പാത്തില്‍വച്ച് അമ്മ തടഞ്ഞത്. എന്നാല്‍ അമ്മയോട് ഒന്നും രണ്ടും പറഞ്ഞ് മുന്നോട്ട് തന്നെ പോകാന്‍ ശ്രമിച്ച ഇരുചക്രയാത്രികനെ കാലുകൊണ്ടു തടഞ്ഞു നിര്‍ത്തി. ഒടുവിലിയാള്‍ പ്രഭാവതിയമ്മയ്ക്ക് മുന്‍പില്‍ സുല്ലിട്ട് തിരിച്ചുപോയി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്.

ഈ വിഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നാലെ മോട്ടോര്‍വാഹന വകുപ്പിന്റേയും ശ്രദ്ധയില്‍പ്പെട്ടു. മോട്ടോര്‍വാഹനവകുപ്പ് പ്രഭാവതിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അമ്മ ചെയ്ത നല്ല പ്രവൃത്തിക്ക് ഞങ്ങളുടെ ഒരു ആദരം എന്നു പറഞ്ഞ വകുപ്പ് ഉദ്യോഗസ്ഥന്‍ ഇത്തരം ആളുകളുടെ ചിത്രങ്ങള്‍ ഇനിയുണ്ടെങ്കില്‍ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇനി ചിത്രങ്ങളൊന്നുമില്ലെന്നും തന്റെ ഫോണ്‍ വളരെ മോശമാണെന്നുമായിരുന്നു പ്രഭാവതിയമ്മയുടെ വാക്കുകള്‍.

അയാളുടെ നമ്പര്‍ ഒന്നും താന്‍ നോട്ട് ചെയ്തില്ലെന്നും വിനയത്തോടെ തന്നെയാണ് ഇരുചക്രയാത്രികന്‍ പെരുമാറിയതെന്നും അമ്മ പറയുന്നു. എന്നാല്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പറഞ്ഞ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഇത്തരം പ്രവൃത്തികള്‍ തുടരണമെന്നും പറയുന്നു. പ്രഭാവതിയമ്മയെ ആദരിക്കുന്ന വീഡിയോയും പുറത്തുവന്നു. സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കയ്യടിയായിരുന്നു പ്രഭാവതിയമ്മയുടെ വീഡിയോക്ക് ലഭിച്ചിരുന്നത്.

അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച വേങ്ങേരി സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി നിര്‍ദേശിക്കുന്ന തുക പിഴ ഈടാക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചു. എടപ്പാളിലെ മോട്ടോര്‍ വാഹനവകുപ്പിന്റ പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്ക്കും. കോടതി നിര്‍ദേശിക്കുന്ന തുക പിഴയായും ഈടാക്കും. നിയമലംഘനം തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോര്‍ വാഹനവകുപ്പിന്റ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ആദരിച്ചു.

Tags:    

Similar News