മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ; തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി നടത്തിയ പോരാട്ടം സിബിഐയെ എത്തിച്ചു; വിചാരണ കോടതിയിലെ വിധിയെ കൂപ്പു കൈയ്യോടെ സ്വീകരിച്ച അമ്മ; ഹൈക്കോടതിയുടെ ശിക്ഷാ മുക്തിയില്‍ മനസ്സുലയുന്നത് ഈ അമ്മയുടേത്; ഉരുട്ടിക്കൊലയില്‍ നിയമ പോരാട്ടം ഇനിയും തുടരും
തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തുമ്പോള്‍ ദൈവത്തോട് നന്ദി പറഞ്ഞ ഒരമ്മയുണ്ട്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വര്‍ഷത്തിനു ശേഷമാണു അന്ന് ആ വിധി. പ്രഭാവതിയമ്മ വിധി കേട്ട് പൊട്ടിക്കരഞ്ഞു. നീതി കിട്ടിയെന്ന് ഉറക്കപ്പറഞ്ഞു. ഈ അമ്മയെ നിരാശപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി. നഗരത്തിലെ പാര്‍ക്കില്‍നിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27നു രാത്രി പത്തരയോടെയാണു മരിച്ചത്. കേരളത്തെ ഇളക്കിമറിച്ച കൊലക്കേസായി അത് മാറി. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്. സിബിഐയുടെ അന്വേഷണം വിചാരണ കോടതി ശരിവച്ചു. അങ്ങനെയാണ് വിധി വന്നത്. ഈ വിധി ഹൈക്കോടതി റദ്ദാക്കുമ്പോള്‍ ആ അമ്മ നിരാശയിലാണ്. എന്നെ കൂടി കൊന്നു കളയൂ.... ഇതാണ് ഇന്ന് ആ അമ്മ പറയുന്നത്. ഉറപ്പായും ഹൈക്കോടതി വിധിക്കെതിരെ ഈ അമ്മ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തും.
'എന്റെ മകന് നീതി കിട്ടി. ഒരു മക്കള്‍ക്കും ഇനി ഇതുപോലെയൊരു അവസ്ഥ വരരുത്. അവര്‍ക്കു കിട്ടിയത് ഉചിതമായ വിധി. ഞാന്‍ വധശിക്ഷ തന്നെയാണു പ്രതീക്ഷിച്ചത്..' വിചാരണ കോടതിയുടെ വിധി വരുമ്പോള്‍ പൂര്‍ണ സംതൃപ്തിയോടെ പ്രഭാവതിയമ്മ പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയാണ്. അതിന് 13 വര്‍ഷം മുന്‍പു ഫോര്‍ട്ട് സ്റ്റേഷനില്‍ മകന്‍ ഉദയകുമാറിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതിനുശേഷം നീതിക്കുവേണ്ടി ഈ അമ്മ ഒറ്റയ്ക്കു നടന്ന കനല്‍വഴിയോളമില്ല ഒന്നും എന്ന വിലയിരുത്തലുകള്‍ സജീവമായി. പിഞ്ചിയ വെള്ളസാരിയുമുടുത്തു കയ്യിലൊരു കുടയുമായി സഹോദരന്‍ മോഹനന്റെ കൈപിടിച്ച് പ്രഭാവതിയമ്മ കോടതി മുറ്റത്തെത്തുമായിരുന്നു ആ വിചാരണക്കാലത്തെല്ലാം. 'ഇനിയൊരമ്മയ്ക്കും എന്റെ ഗതിയുണ്ടാകരുത്, നീതിക്കായി ഒരുപാടലഞ്ഞു, ഒരു ഓണത്തിനാണ് മകനെ പിടിച്ചത്, ഈ ഓണത്തിന് മുമ്പേ അവര്‍ക്ക് ശിക്ഷ കിട്ടി. ഇതൊരു പാഠമാകണം, ഞാന്‍ കരയില്ല' വാര്‍ധക്യം ബാധിച്ച ആ കണ്ണുകളില്‍ അന്ന് തെളിഞ്ഞുകത്തിയത് വിജയത്തിന്റെ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. മകനെ കൊന്നവര്‍ക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തില്‍ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്ത അമ്മ നടത്തിയ നിയമയുദ്ധമാണു വിചാരണ കോടതിയില്‍ ജയിച്ചത്. പക്ഷേ ഹൈക്കോടതിയില്‍ വിധി മറിച്ചവുകയും ചെയ്തു. പ്രഭാവതിയുടെ ഏക മകനായിരുന്നു ഉദയകുമാര്‍. മകന് ഒരു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. വീട്ടുജോലിക്കു പോയാണു മകനെ വളര്‍ത്തിയത്. കേസില്‍ പ്രധാന സാക്ഷി വരെ കൂറുമാറി. കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍നിന്നു ശ്രമമുണ്ടായി. പലതവണ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയി. ചുളിവു വീണ വിറയാര്‍ന്ന ശരീരത്തിലെ മരവിക്കാത്ത മനസ്സുമായി മുമ്പോട്ട് പോയി. അങ്ങനെ സിബിഐയും അന്വേഷണത്തിന് എത്തി. ഈ സിബിഐയ്ക്കുണ്ടായ വീഴ്ചകളാണ് വിധി റദ്ദാക്കാന്‍ ഹൈക്കോടതി ചൂണ്ടികാട്ടുന്നത്. ഇത് പ്രഭാവതിയമ്മ പ്രതീക്ഷിക്കാത്ത വിധിയായി മാറുകയാണ്.
'കേസൊക്കെ നടത്താന്‍ ആളുണ്ടോ?' കേട്ടാല്‍ നിഷ്‌കളങ്കമെന്നു തോന്നുന്ന ഈ ചോദ്യവുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പൊലീസ് ഉദ്യോഗസ്ഥനെത്തി. ദുര്‍ബലയായ ഒരു അമ്മ ഏതറ്റം വരെ പോകുമെന്നറിയാനുള്ള തന്ത്രമായിരുന്നു ആ ചോദ്യം. ഉദ്യോഗസ്ഥനെ പറഞ്ഞുവിട്ടതാകട്ടെ, കേസിലെ മുഖ്യപ്രതികളും. ആരും സഹായിക്കാനില്ലെന്നു പ്രഭാവതിയമ്മ മറുപടി പറഞ്ഞു. പാവങ്ങളായതിനാല്‍ കേസില്‍ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നു മുഖ്യപ്രതികളെ അറിയിച്ചതും ഈ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു. ഇതുകേട്ട പ്രതികളുടെ കണക്കുകൂട്ടലുകള്‍ വിചാരണ കോടതിയില്‍ പിഴച്ചതായിരുന്നു പിന്നീടുള്ള ചരിത്രം. പണവും സ്വാധീനവുമില്ലാത്തവര്‍ക്കും നീതി ലഭ്യമാകുമെന്ന തത്വം വിജയിക്കുന്ന തരത്തിലായിരുന്നു വിചാരണ കോടതിയിലെ വിധി വരെയുള്ള സംഭവങ്ങള്‍. സിബിഐയെ അന്വേഷണത്തിന് എ്ത്തിച്ചത് അടക്കം ഈ ്അമ്മയുടെ പോരാട്ട മികവായിരുന്നു. സഹോദരന്‍ മോഹനന്‍ കൂലിപ്പണിയെടുക്കുന്ന തൊട്ടടുത്തുള്ള ചാല മാര്‍ക്കറ്റ് എവിടെയെന്നു പോലും പ്രഭാവതിയമ്മയ്ക്ക് അറിയാത്ത കാലമുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ പോയിട്ടില്ലാത്ത പ്രഭാവതിയമ്മ എറണാകുളത്തു ഹൈക്കോടതിയില്‍ പോയി. ലോഡ്ജുകളില്‍ മുറിയെടുത്തു താമസിച്ചു. മിക്ക ദിവസങ്ങളിലും മുറ്റത്തെ തുളസിത്തറയില്‍ പ്രാര്‍ഥന നടത്തിയശേഷം ഒരു ഓട്ടോയില്‍ യാത്ര തുടങ്ങും. കോടതി വരാന്തകളില്‍ മണിക്കൂറുകള്‍ കാത്തുനിന്നു. അങ്ങനെയാണ് അന്വേഷണത്തിന് സിബിഐ എത്തിയത്.
മകനോടൊപ്പം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്നു പിടിയിലായ സുരേഷ്‌കുമാര്‍ ആദ്യം ഉദയകുമാറിന് അനുകൂലമായി മൊഴി നല്‍കി. ഒരു ദിവസം വീട്ടിലെത്തി പ്രഭാവതിയമ്മയോടു ചോദിച്ചത് മൂന്നുലക്ഷം രൂപ. കൊടുക്കാന്‍ പത്തു പൈസയില്ലായിരുന്നു. മറുഭാഗത്തു വമ്പന്‍ ഓഫറുകളാണു മുഖ്യസാക്ഷിയെ കാത്തിരുന്നതെന്നു സഹോദരന്‍ മോഹനന്‍ പറഞ്ഞിരുന്നു. മുഖ്യസാക്ഷി കൂറുമാറിയപ്പോള്‍ പോലും കേസ് മറിയില്ലെന്ന ഉറച്ച ബോധ്യമാണ് ഈ അമ്മയെ നയിച്ചത്. സൈക്കിളിലാണ് ഓണത്തിനു ലഭിച്ച ബോണസ് അടക്കമുള്ള തുകയുമായി അമ്മയ്ക്കും തനിക്കും വസ്ത്രമെടുക്കാന്‍ നെടുങ്കാടു കീഴാറന്നൂരിലെ വീട്ടില്‍നിന്ന് ഉദയന്‍ പോയത്. തെളിവുകള്‍ക്കൊപ്പം പിടിച്ചെടുത്ത ഈ സൈക്കിള്‍ ജഡ്ജിക്കു മുന്നില്‍ പ്രഭാവതിയമ്മ വീണ്ടും തിരിച്ചറിയുകയും ചെയ്തിരുന്നു. സൈക്കിളിനു പുറമേ ഉദയന്റെ ഷര്‍ട്ടും മുണ്ടുമെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു. നീതി തേടിയുള്ള പോരാട്ടത്തില്‍ എന്നും പ്രഭാവതിയമ്മയ്‌ക്കൊപ്പമുണ്ടായിരുന്നത് സഹോദരന്‍ മോഹനനും സിപിഐ നേതാവ് പി.കെ.രാജുവും മാത്രമായിരുന്നു. രാജു എന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറാണ്. ആദ്യഘട്ടത്തില്‍ സഹായത്തിനുണ്ടായിരുന്ന പലരും പിന്‍വലിഞ്ഞെങ്കിലും അവസാനം വരെയുണ്ടായിരുന്നത് ഇവര്‍ മാത്രമായിരുന്നു. ബന്ധുക്കളായി അധികമാരുമില്ലാത്ത പ്രഭാവതിയമ്മയ്ക്കു സഹോദരന്‍ മാത്രമായിരുന്നു തുണ. വിചാരണ കാലത്ത് അടക്കം കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ നല്‍കാനും കോടതിയുടെ വരാന്തകളില്‍ ഒപ്പം താങ്ങായും തണലായും രാജുവുണ്ടായിരുന്നു. 2005ല്‍ സംഭവം നടക്കുമ്പോള്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റായിരുന്നു രാജു. സിബിഐയ്ക്ക് അന്വേഷണച്ചുമതല നല്‍കണമെന്ന് ആവശ്യപ്പെടാന്‍ മുന്നിലുമുണ്ടായിരുന്നു. ഖാദി ബോര്‍ഡ് ചെയര്‍പഴ്‌സനായ ശോഭന ജോര്‍ജ് 2005 മുതല്‍ പ്രഭാവതിയമ്മയ്ക്കു പ്രതിമാസം നിശ്ചിത തുക സഹായമായി നല്‍കുന്നതെല്ലാം വിചാരണ കോടതി വിധി വന്നപ്പോള്‍ ചര്‍ച്ചകളില്‍ എത്തിയിരുന്നു.
ഉദയകുമാറിന്റെ കഥ രാജ്യാന്തര ചലചിത്ര മേളയിലെ അഭ്രപാളിയില്‍ അടക്കം തെളിഞ്ഞിരുന്നു. 2005 സെപ്തംബര്‍ 27, കേരളത്തിന് കളങ്കമായ ദിവസം. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ മോഷണം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നു. ആക്രിക്കടയിലെ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയും പീഡനം. രാത്രി എട്ടുമണിയോടെ മരണം. കള്ളസാക്ഷികളെ സൃഷ്ടിച്ച് കേസ് തേച്ചുമായിച്ചുകളയാന്‍ പൊലീസ്. എന്നാല്‍ ഉദയകുമാറിന്റെ അമ്മയുടെ നീതിക്കായുള്ള പോരാട്ടം വിജയിച്ചത് 2018 ല്‍ പ്രതികളില്‍ രണ്ടുപേരുടെ വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുത്തരവിലൂടെയായിരുന്നു. ജീവിതത്തില്‍ പ്രഭാവതിയമ്മ താണ്ടിയ കനല്‍വഴികള്‍ അധസ്ഥിത ജനത്തോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലര്‍ത്തുന്ന അപകടകരമായ നിസംഗത കൂടിയാണ് വരച്ചിട്ടത്. സിംഗപ്പൂര്‍ ദക്ഷിണ ഏഷ്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടിയിട്ടുണ്ട്. അമ്മ പ്രഭാവതിയമ്മയെ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവന്‍ മേളയില്‍ മികച്ച നടിക്കുള്ള രജതചകോരവും ലഭിച്ചു. അങ്ങനെ ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ഉദയകുമാറിനോടുള്ള ക്രൂരത ചര്‍ച്ചയായിരുന്നു.
ഒന്നും രണ്ടും പ്രതികളായ, ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി പ്രത്യേക സിബിഐ കോടതി വ്യക്തമാക്കിയിരുന്നു. അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി ആ കോടതി വിധിച്ചു. കൊല നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാം പ്രതി എഎസ്‌ഐ: കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയില്‍ മരിച്ചതിനാല്‍ ശിക്ഷ ബാധകമായില്ല. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ആദ്യ മൂന്നു പ്രതികളാണു കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായത് എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തിയത്. ഇതാണ് ഹൈക്കോടതി റദ്ദാക്കുന്നത്.