ആർ.എസ്.എസ് ശാഖയിൽ ലൈംഗീക പീഡനം ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; 'ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നു'; ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനവും ഒരു വിപത്ത്; സമഗ്ര അന്വേഷണം നടത്തണമെന്നും പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: ആർ.എസ്.എസ് ശാഖകളിൽ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ഐ.ടി ജീവനക്കാരനായ കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി (24) ആണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ചത്. യുവാവിന്റെ ആരോപണങ്ങൾ ശരിയാണെങ്കിൽ, അത് ഭയാനകമാണെന്നും, ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും ഈ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനാൽ ആർഎസ്‌എസ് നേതൃത്വം ഉടനടി നടപടിയെടുക്കണം പ്രിയങ്ക എക്‌സിൽ കുറിച്ചു.
ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്ന് പ്രിയങ്ക പറഞ്ഞു. നാല് വയസ്സുള്ളപ്പോൾ ശാഖയിൽ വെച്ച് ഒരു ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ആർ.എസ്.എസിലെ ഒന്നിലധികം പേരിൽ നിന്ന് തുടർച്ചയായി ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ അനന്തു ആരോപിച്ചിട്ടുണ്ട്. ഇത് തന്നെ വിഷാദരോഗത്തിന് അടിമയാക്കിയെന്നും, താൻ മാത്രമല്ല ഇരയായതെന്നും, ആർ.എസ്.എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും യുവാവ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെ ഭയാനകമെന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, വിഷയത്തിൽ ആർ.എസ്.എസ് നേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ നിശബ്ദത വെടിയണമെന്നും ആവശ്യപ്പെട്ടു. ലൈംഗിക പീഡനത്തിനു പുറമെ ക്രൂരമായ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് അനന്തുവിന്റെ കുറിപ്പിൽ പറയുന്നു. താൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടനയായതുകൊണ്ട് എല്ലാം അറിയാമെന്നും, ജീവിതത്തിൽ ഒരിക്കലും ഒരു ആർ.എസ്.എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും കുറിപ്പിലുണ്ട്.
The RSS must allow these allegations to be investigated fully. In his suicide message Anandu Aji alleged that he was abused again and again by multiple members of the RSS.
— Priyanka Gandhi Vadra (@priyankagandhi) October 12, 2025
He clearly stated that he was not the only victim and rampant sexual abuse is taking place in RSS camps.… pic.twitter.com/IS4dDaQv7O
താൻ അനുഭവിക്കുന്ന ഒ.സി.ഡി (Obsessive-Compulsive Disorder) എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്നും, താൻ മാത്രമല്ല പല കുട്ടികളും ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അവർക്ക് കൗൺസിലിംഗ് നൽകണമെന്നും യുവാവ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് പൂർണ്ണമായ അന്വേഷണത്തിന് ആർ.എസ്.എസ് തയ്യാറാകണമെന്നും, അനന്തുവിന്റെ ആരോപണങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ വിഷയമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.