കേരള സാരിയണിഞ്ഞ് പ്രിയങ്ക ഗാന്ധി പാർലമെൻറിൽ; സത്യവാചകം ചൊല്ലിയത് ഭരണഘടന ഉയർത്തിപ്പിടിച്ച്; വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദ്യ പ്രസംഗം; ബഹളത്തെ തുടർന്ന് സഭ നിർത്തി വെച്ചു.. ഇന്നത്തെ താരം പ്രിയങ്ക തന്നെ

Update: 2024-11-28 06:15 GMT

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തത് കേരള സാരി അണിഞ്ഞെത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക ഗാന്ധി സത്യവാചകം ചൊല്ലിയത്. ആദ്യമായി എം.പിയായി പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ്സ് എം.പിമാരുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. പാർലമെന്റ് കവാടത്തിന് മുന്നിൽ കാത്തുനിന്ന എം.പിമാർ വലിയ ഉത്സാഹത്തോടെയാണ് പ്രിയങ്കയെ വരവേറ്റത്.

വ്യാഴാഴ്ച രാവിലെ 11 മണിക്കാണ്‌ സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.

കുടുംബാങ്ങൾക്കൊപ്പമാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. റോബർട്ട് വാദ്രയും മക്കളും, സോണിയ ഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടായിരുന്നു. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വാഗതം ചെയ്തത്. 'ജോടോ ജോടോ ഭാരത് ജോടോ' എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ്സ് അംഗങ്ങൾ സത്യപ്രതിജ്ഞക്കായി വരവേറ്റത്.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് മിനിട്ടുകൾക്കകം പാർലമെൻറിൽ ബഹളം ഉണ്ടായി. ഇതോടെ സഭ നിർത്തി 12 മണി വരെ നിർത്തിവെക്കുകയായിരുന്നു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്‍റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും.

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു വയനാട്ടിൽ പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാൾ കോൺഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാർലമെന്റിൽ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രിയങ്ക എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. സന്ദർശക ഗ്യാലറിയിൽ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ സോണിയ ഗാന്ധിയുമെത്തിയിരുന്നു. 

Tags:    

Similar News