ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; ഡിഎംഒ ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധഭൂമിയായി തലസ്ഥാന നഗരി; ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് വി ഡി സതീശന്‍

മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് വി ഡി സതീശന്‍

Update: 2025-07-05 08:20 GMT

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ അധികൃതരുടെ അനാസ്ഥയടക്കം പുറത്തുവന്നതോടെ സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.

സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയിലാണ് പ്രതിഷേധം കടുക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.

തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്നു. പ്രവര്‍ത്തകരെ തടയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ തലസ്ഥാനം സംഘര്‍ഷഭൂമിയായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയാണ്. നിലവില്‍ വനിതാ പ്രവര്‍ത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മാര്‍ച്ച് തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസ് കോമ്പൗണ്ടില്‍ കയറിയതിനെ തുടര്‍ന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കണ്ണൂര്‍- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘര്‍ഷത്തില്‍ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്..

കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഇവര്‍, കുളിക്കുന്നതിനായി ശുചിമുറിയില്‍ പോയ സമയത്താണ് കെട്ടിടഭാഗം നിലംപൊത്തിയത്. ഇതോടെ ഇതിനടിയില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് അദ്ദേഹം പറഞ്ഞു.

Tags:    

Similar News