'ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കയ്യുംവെട്ടും കാലുംവെട്ടും'; അന്‍വറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം; എല്ലാവര്‍ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്ന് അന്‍വര്‍; അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും പ്രതികരണം

അന്‍വറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം

Update: 2024-09-27 13:55 GMT

നിലമ്പൂര്‍: സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.

'പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും', എന്നാണ് മുദ്രാവാക്യം. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎല്‍എക്കെതിരെ നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ പിവി അന്‍വറിന്റെ കോലവും കത്തിച്ചു.

ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഏരിയാ തലത്തില്‍ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തത്.

തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ സംസാരിച്ചു. അന്‍വര്‍ സെന്‍സ് പോയ് വല്ലതും വിളിച്ചു പറഞ്ഞാല്‍ പാര്‍ട്ടി പൊളിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിന് ഇടക്കിടയ്ക്ക് സെന്‍സ് പോകാന്‍ പാടുണ്ടോ എന്നും ചോദിച്ചു. കൂടെ നില്‍ക്കുന്നവരെ നെഞ്ചില്‍ ചേര്‍ത്ത് വെക്കുമെന്നും ആ നെഞ്ചില്‍ ചവിട്ടരുതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിയുടെ രക്തത്തില്‍ കുതിര്‍ന്ന ചെങ്കൊടി തൊട്ടു കളിച്ചാല്‍ പൊറുക്കില്ല. പാര്‍ട്ടിക്ക് എതിരായ ആക്രമണം വന്നാല്‍ പ്രതിരോധികേണ്ടി വരും. കുഞ്ഞാലിയുടെ മാതൃക പിന്തുടരാന്‍ തയ്യാറുള്ള ആയിരങ്ങള്‍ നിലമ്പൂരില്‍ ഉണ്ട്. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാല്‍ വെട്ടുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു. അന്‍വര്‍ രാജി വെക്കുന്നില്ലെങ്കില്‍ വെക്കേണ്ടെന്നും ഇഷ്ടം പോലെ നടന്നോളൂവെന്നും പറഞ്ഞ അദ്ദേഹം സിപിഐഎം നേതാക്കളെ അധിക്ഷേപിക്കാന്‍ വരേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പിവി അന്‍വറിന്റെ മണ്ഡലമായ നിലമ്പൂരിലായിരുന്നു സിപിഎം പ്രകടനത്തില്‍ ആദ്യം കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്. എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഈ പ്രകടനത്തിലും അന്‍വറിനെതിരെ കൊലവിളി ഉയര്‍ന്നു. 'നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായം' എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു സിപിഎമ്മിന്റെ പ്രകടനം. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ അന്‍വറുമായി ബന്ധമുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

അതേസമയം, ഭീഷണി മുദ്രാവാക്യത്തില്‍ പി വി അന്‍വര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളുവെന്നും എതിര്‍ത്തു മുദ്രാവാക്യം വിളിച്ചവര്‍ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ രീതിയില്‍ എടക്കരയിലും മലപ്പുറത്തും പി.വി അന്‍വറിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അന്‍വര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അന്‍വറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.

അതേസമയം, അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യത്തില്‍ കരുതലോടെയാണ് യുഡിഎഫ് നീങ്ങുന്നത്. സിപിഎമ്മിന്റെ തുടര്‍ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.അന്‍വറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം

Tags:    

Similar News