റാലിയില്‍ പങ്കെടുക്കാന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ആളില്ല; കൂലിക്ക് ആളെ ഇറക്കി നടത്തിയ നാടകവും പൊളിഞ്ഞടിഞ്ഞു; ആയിരം വോട്ട് തികച്ച് കിട്ടില്ലെന്ന് ഉറപ്പായതോടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തടിതപ്പി അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കും; ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍

Update: 2024-10-23 13:21 GMT

പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം.

വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഡിഎംകെയുടെ സ്ഥാനാര്‍ഥി എം.എം.മിന്‍ഹാജിനെ പിന്‍വലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചേലക്കര മണ്ഡലത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും അന്‍വര്‍ അറിയിച്ചു.

കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കില്‍ ബിജെപി അധികാരത്തിലെത്തും എന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. രാഹുലിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. ഡി.എം.കെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്നും ശ്രദ്ധേയമാണ്.

എന്നാല്‍ ചേലക്കരയില്‍ വിട്ടുവീഴ്ചയില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കും

ഇന്ന് പാലക്കാട്ട് അന്‍വര്‍ ശക്തിപ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ ഷോയില്‍ പങ്കെടുപ്പിക്കാനായി എത്തിച്ചത് മണ്ഡലവുമായി യാതൊരു ബന്ധമില്ലാത്ത ആള്‍ക്കാരെയാണ്. പണം കൊടുത്ത് എത്തിച്ചതാകട്ടെ സിനിമാ ഷൂട്ടിംഗുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന ആളുകളെയാണ്. എന്നാല്‍, റാലി തുടുങ്ങിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ഇവരോട് സംസാരിച്ചു തുടങ്ങിയതോടെ പണി പാളി. ആര്‍ക്കും ഡിഎംകെയെയോ പി വി അന്‍വറിനെയോ അറിയില്ല.

നിഷ്‌കളങ്ങരായ ചില സ്ത്രീകള്‍ ഇതെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയും ചെയ്തു. ഞങ്ങള് വേറെ ഷൂട്ടിംഗിനൊക്കെ പോകും.. ഗുരുവായൂര്‍ അമ്പല നടയില്‍ സിനിമയുടെ ഷൂട്ടിംഗിനൊക്കെ പോയിട്ടുണ്ട്. ഇവിട റാലിക്ക് വന്നത് വേറൊരു ഏജന്റ് വിളിച്ചിട്ടാണ്. പണം എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ത്രീ പറഞ്ഞു.

അന്‍വറിന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിയുന്ന കാഴ്ചയാണ് പാലക്കാട് ഇന്ന് കണ്ടത്. തട്ടിക്കൂട്ട് രാഷ്ട്രീയ പാര്‍ട്ടി പോലും അല്ലാത്ത സംഘടനയുണ്ടാക്കി രാഷ്ട്രീയ ഗിമ്മിക്കുകളാണ് അന്‍വര്‍ നടത്തുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് ജാഥയായാണ് എത്തിയത്. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനില്‍ രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് ഡിഎംകെ അവകാശപ്പെട്ടതെങ്കിലും അതിന്റെ പകുതിയുടെ പകുതി ആളുകള്‍ പോലും പരിപാടിക്ക് എത്തിയതുമില്ല. ആള്‍ക്കാരെ എത്തിച്ചതാകട്ടെ പണം കൊടുത്തായിരുന്നു.

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകുമെന്നും ബിജെപി മണ്ഡലത്തില്‍ വിജയം നേടുമെന്നുമായിരുന്നു അന്‍വര്‍ നേരത്തെ പ്രതികരിച്ചത്.

Tags:    

Similar News