ആദ്യം പ്രൊഫസറാകാന്‍ കാലിക്കറ്റിലെ ചട്ട ഭേദഗതി വിവാദം; ഇപ്പോള്‍ കുറച്ച് പെന്‍ഷന്‍ കൂടി കിട്ടാന്‍ സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ചില കൂട്ടി ചേര്‍ക്കലുകള്‍; വീട് നന്നായാലേ നാട് നന്നാകൂവെന്ന പഴമൊഴിക്കൊപ്പം സഞ്ചരിക്കുന്ന മന്ത്രി ബിന്ദു; ബില്ലില്‍ മന്ത്രിക്കും നേട്ടം; ഉന്നത വിദ്യാഭ്യാസത്തില്‍ വീണ്ടും ബിന്ദു വിപ്ലവം!

Update: 2025-03-02 02:41 GMT

തിരുവനന്തപുരം: യുജിസി നിയമം ഭേദഗതി ചെയ്തപ്പോള്‍ പ്രതിരോധ കണ്‍വെന്‍ഷന്‍ തീര്‍ത്ത സംസ്ഥാനമാണ് കേരളം. ഫെഡറലിസത്തിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന് പിടിമുറുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാര കൂടുതല്‍ നല്‍കുന്നുവെന്നതായിരുന്നു കേരളത്തിന്റെ പ്രതിഷേധം. ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ക്കൊപ്പം സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ മന്ത്രി ആര്‍. ബിന്ദുവും ഇതിനിടെ തയ്യാറാക്കി. ഇത് ജനാധിപത്യ പരമാണെന്ന് കേരളം പറയുന്നു. പക്ഷേ വീട് നന്നായാലേ നാട് നന്നാവൂ ആശയം ഈ ബില്ലിലുണ്ടെ്‌നാണ് സൂചന.

മന്ത്രിക്ക് വ്യക്തിപരമായി ഗുണകരമാകുന്ന വകുപ്പുകളും ഈ ബില്ലിലുണ്ട്. കോളേജ് അധ്യാപകര്‍ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നീ പദവികളിലെത്തിയാല്‍ ആ കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്നാണ് ബില്ലിലെ പുതിയ വ്യവസ്ഥ. മന്ത്രി ബിന്ദുവും മുമ്പ് മേയറായിരുന്നു. അധ്യാപക ജോലിയില്‍ നിന്നും അവധി എടുത്താണ് തൃശൂര്‍ കോര്‍പ്പറേഷനെ നയിച്ചത്. അതിലൂടെ ഉണ്ടാകുന്ന പെന്‍ഷന്‍ നഷ്ടം മന്ത്രി ബിന്ദു മാറ്റിയെടുക്കുകയാണ്. അതായത് സ്വന്തം കുടുംബത്തിലേക്ക് ഖജനാവില്‍ നിന്ന് കുറച്ചു കൂടി പെന്‍ഷന്‍ ബിന്ദു എടുക്കും. അങ്ങനെ സ്വന്തം കുടുംബത്തെ സേയ്ഫ് ആക്കും. ഇതിലൂടെ സമൂഹത്തിലെ കുറച്ച് ആളുകള്‍ക്കും ഗുണം കിട്ടും. അങ്ങനെ വ്യത്യസ്തയായവുകയാണ് മന്ത്രി ബിന്ദു.

ബില്‍ തിങ്കളാഴ്ച നിയമസഭ പരിഗണിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷപദവി വഹിച്ചിരുന്ന എയ്ഡഡ് കോളേജ് അധ്യാപകര്‍, ആ കാലയളവ് സര്‍വീസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതില്‍ ഏറെയും ഇടതുപക്ഷക്കാരാണ്. അങ്ങനെ മന്ത്രിക്കും സഖാക്കള്‍ക്കും കൂടുതല്‍ ആനുകൂല്യം കിട്ടുന്ന ഈ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കര്‍ ഒപ്പിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ വിഷയം പരാതിയായി രാജ്ഭവനില്‍ എത്താന്‍ സാധ്യത ഏറെയാണ്. 2005മുതല്‍ 2010-വരെ ആര്‍. ബിന്ദു തൃശ്ശൂര്‍ മേയറായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 2021-ലാണ് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് അവര്‍ രാജിവെച്ചത്. നിയമഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ മന്ത്രിയുടെ മേയര്‍ പദവിയുടെ കാലയളവുകൂടി പരിഗണിച്ച് കോളേജ് അധ്യാപിക എന്നനിലയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യം വാങ്ങാനാകുമെന്നാണ് ആക്ഷേപം. അഞ്ചുവര്‍ഷം മേയര്‍ ആയിരുന്നതുള്‍പ്പെടെ 26 വര്‍ഷത്തെ സര്‍വീസാണ് അവര്‍ക്ക് ലഭിക്കുക. എയ്ഡഡ് കോളേജ് അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി സര്‍വീസ് ചട്ടം 2021-ല്‍ ഭേദഗതിചെയ്തെങ്കിലും സുപ്രീംകോടതിയുടെ സ്റ്റേ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

കോര്‍പറേഷന്‍ മേയര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധ്യക്ഷന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളില്‍ നിയോഗിക്കപ്പെടുന്ന സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് പ്രസ്തുത പദവിയിലിരിക്കുന്ന കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്ന പുതിയ വകുപ്പ് അക്കാദമിക് മികവിനുള്ള നിയമഭേദഗതികള്‍ക്കൊപ്പം പുതുതായി കൂട്ടിച്ചേര്‍ത്തെന്നാണ് ആരോപണം. 'പ്ലസ് ടുവിലെത്തിയ ശേഷം ഗുണദോഷിച്ചിട്ടു കാര്യമില്ല, പൊലീസിനു മാത്രമായി ഒന്നും സാധിക്കില്ല; സ്‌കൂളുകളില്‍ പഠനം നടത്തും'

എയ്ഡഡ് കോളജ് അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് കേരള സര്‍വീസ് ചട്ടങ്ങളില്‍ 2021ല്‍ ഭേദഗതി വരുത്തിയെങ്കിലും അതില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരുമ്പോള്‍ തന്നെ നിയമഭേദഗതി കൊണ്ടുവരുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഗുണകരമാക്കുന്നതിനാണെന്നാണ് ആക്ഷേപം. നിയമസഭ പാസാക്കുന്ന സര്‍വകലാശാല ഭേദഗതി നിയമത്തില്‍ പുതിയ വകുപ്പ് എഴുതി ചേര്‍ക്കുന്നതോടെ ഉത്തരവിറക്കുന്നതിലുള്ള തടസങ്ങള്‍ നീങ്ങി കിട്ടും.

ബിന്ദുവിന് പ്രൊഫസര്‍ പദവി നല്‍കാനായി കാലിക്കറ്റ് സര്‍വകലാശാല യുജിസി ചട്ടങ്ങള്‍ മാറ്റിയെന്ന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി പരാതിയും നല്‍കിയിരുന്നു. മുന്‍കാല പ്രാബല്യത്തില്‍ പദവി നല്‍കിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു പരാതി. സര്‍വീസില്‍ നിന്ന് വിരമിച്ച കോളജ് അധ്യാപകര്‍ക്കുകൂടി പ്രൊഫസര്‍ പദവി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് പ്രകാരം സര്‍വീസില്‍ തുടരുന്നവര്‍ക്ക് മാത്രമേ പ്രൊഫസര്‍ പദവി നല്‍കാവൂ. മന്ത്രി ആര്‍.ബിന്ദു കേരള വര്‍മ കോളജില്‍ ഇംഗ്ലീഷ് അധ്യാപകയായിരിക്കവേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസര്‍ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി ഫയല്‍ ചെയ്തിരുന്നു.

മന്ത്രി പ്രൊഫസറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസ് ദുര്‍ബലപ്പെടുത്താനാണ് ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചതെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുന്നത് കേരള സര്‍വകലാശാല നിരാകരിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ് എത്തിയത്. പിന്നീട് മന്ത്രി ആര്‍ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥിയായ തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. പ്രൊഫസര്‍ അല്ലാതിരിന്നിട്ടും പ്രൊഫസര്‍ എന്ന പേരില്‍ വോട്ടു ചോദിച്ചു എന്നായിരുന്നു ഹരജിയിലെ ആരോപണം. ആര്‍ ബിന്ദുവിന്റെ തടസവാദം കോടതി അംഗീകരിച്ചു. ഹരജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News