ബ്രഡ്ഡില്‍ ചോര മുക്കി തീറ്റിച്ചിരുന്ന പഴയ റാഗിങ് കാലം; ഇപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മൂന്നുമാസം പ്രത്യേക സുരക്ഷ; ഈ കാലാവധി കഴിഞ്ഞതോടെ നഗ്‌നരാക്കി പീഡനം; എതിര്‍ത്തവര്‍ക്ക് മര്‍ദ്ദനം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 'അമൃതംഗമയ' കാലം തിരിച്ചുവരുമ്പോള്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 'അമൃതംഗമയ' കാലം തിരിച്ചുവരുമ്പോള്‍
കോഴിക്കോട്: 80കളില്‍ കേരളമൊട്ടാകെ റാഗിങ്ങിനെതിരെ വലിയതോതില്‍ പ്രതിഷേധം ഉണ്ടാവാനുള്ള ഒരു കാരണം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയായിരുന്നു. ബ്രഡ്ഡില്‍ ചോര മുക്കി തീറ്റിക്കുക, അര്‍ധരാത്രി മോര്‍ച്ചറിയില്‍പോയി ശവം തൊടീക്കുക, തുടങ്ങിയ അക്കാലത്തെ ക്രൂരമായ റാഗിങ്ങ്് താങ്ങാനാവാതെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മാഹുതി. അതോടെ കേരളമൊട്ടാകെ റാഗിങ്ങിനെതിരെ വലിയ വികാരമുണര്‍ന്നു. എസ്എഫ്ഐ അടക്കമുള്ള സംഘടനകള്‍ ഈ ക്രൂരവിനോദത്തിനെതിരെ ശക്തമായ കാമ്പയിനുമായി രംഗത്തെത്തി. 'അമൃതംഗമയ' എന്ന എംടി- ഹരിഹരന്‍ ടീമൊരുക്കിയ, മോഹന്‍ലാല്‍ ചിത്രം മെഡിക്കല്‍ കോളജുകളില്‍ ആചാരംപോലെ ആയി മാറിയ അക്കാലത്തെ റാഗിങ്ങാണ് പ്രമേയമാക്കിയത്.
അതിനുശേഷം നാലുപതിറ്റാണ്ടുകളോളം റാഗിങ്ങ് എന്ന ക്രൂരതയെ ശക്തമായി ചെറുക്കാന്‍ കേരളത്തിലെ കാമ്പസുകള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം റാഗിങ്ങ് അതിശക്തമായി തിരിച്ചുവരികയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മെഡിക്കല്‍ കോളജുകളില്‍നിന്ന് ചെറിയ ചെറിയ റാഗിങ്് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് തടയിടാനായി പ്രത്യേക സമിതികളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നാം വര്‍ഷം വിദ്യാത്ഥികളെ ആദ്യമൂന്നുമാസം, പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയാണ് കോളജില്‍ എത്തിച്ചതും തിരിച്ചുപോയതും. സ്റ്റുഡന്റ് ഡീനിന്റെയടക്കം മേല്‍നോട്ടവും ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ മൂന്നുമാസം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. ഇക്കഴിഞ്ഞ ജനുവരി 28-ന് സീനിയേഴ്സില്‍ ചില ഹോസ്റ്റലിലെത്തി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയായിരുന്നു. നഗ്‌നരാക്കി അധിക്ഷേപിക്കാനാണ് ഇവര്‍ ശ്രമം നടത്തിയത്. ഇത് തടഞ്ഞ ചില ജൂനിയര്‍ വിദ്യാത്ഥികള്‍ക്ക് മര്‍ദ്ദനവുമേറ്റു.
കുട്ടികളെ ഭീഷണിപ്പെടുത്തി സീനീയേഴ്സ് വിവരം പുറത്തുവിടാതെ നോക്കുകയായിരുന്നു. പക്ഷേ വിവരം അറിഞ്ഞ ഒരു രക്ഷിതാവ് ഫെബ്രുവരി 2ന് പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ അഞ്ചംഗം അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 11 സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. നടപടിക്ക് വിധേയരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി, പരാതിയെക്കുറിച്ചും സ്വീകരിച്ച ശിക്ഷ നടപടികളെക്കുറിച്ചും പ്രിന്‍സിപ്പല്‍ ബോധ്യപ്പെടുത്തിയിരുന്നു.
തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് പൊലീസിനു പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പക്ഷേ പൊലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ആന്റി റാഗിങ്ങ് കമ്മറ്റിയുടേയോ, പരാതിക്കിരയായി എന്ന് പറയുന്ന വിദ്യാര്‍ത്ഥികളുടെയോ പരാതി ലഭിച്ചിട്ടില്ല എന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് ഇതിന് കാരണമായി പറയുന്നത്. അതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പിനുള്ള വലിയ രീതിയിലുള്ള ശ്രമം നടക്കുന്നുണ്ട്. പൊലീസ് നടപടിയെടുക്കാത്തത് ഇതിന്റെ ഭാഗമായാണ് എന്നാണ് പറയുന്നത്.