ക്ലാസിൽ എപ്പോ..വന്നാലും ടീച്ചർമാർ നോക്കിവെയ്ക്കും; ബാക്കിയുള്ള കുട്ടികളുടെ മുന്നിൽ നിർത്തി കുത്തി നോവിക്കുന്നതും പതിവ് ; ഇടയ്ക്ക് പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് ഒറ്റക്ക് ഇരുത്തിയത് ആകെ തളർത്തി; ഒടുവിൽ മനസ്സ് നൊന്ത് വിദ്യാർത്ഥിനി ചെയ്തത്; വേദനയോടെ ഉറ്റവർ
വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ അധ്യാപകരുടെ കടുത്ത ശകാരത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. വാൽപ്പാറ റൊട്ടിക്കടയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 14 വയസ്സുകാരിയായ വിദ്യാർത്ഥിനിയാണ് ദാരുണമായി മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പഠനത്തിൽ മോശമാണെന്ന് ആരോപിച്ച് അധ്യാപകർ കുട്ടിയെ തുടർച്ചയായി മാനസികമായി പീഡിപ്പിക്കുകയും മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് പരസ്യമായി ശകാരിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സഹപാഠികളുടെ മുന്നിൽ വെച്ചുള്ള ശകാരവും, പഠനത്തിൽ മോശമായതിന്റെ പേരിൽ ക്ലാസ്സിൽ ഒറ്റയ്ക്കിരുത്തിയതും കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. സ്കൂളിൽ നിന്നും തുടർച്ചയായി നേരിട്ട ഈ ഒറ്റപ്പെടുത്തൽ കാരണം കുട്ടി കടുത്ത വിഷാദത്തിലേക്ക് വഴുതി വീണു.
ഇതിനെ തുടർന്ന്, സ്കൂളിൽ പോകാൻ കഴിയില്ലെന്ന് കുട്ടി വീട്ടിൽ വാശി പിടിക്കാൻ തുടങ്ങി. എന്നിട്ടും മാതാപിതാക്കൾ നിർബന്ധിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ ശ്രമിച്ചതോടെയാണ് ഈ കടുംകൈ ചെയ്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് കുട്ടി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഈ ദാരുണ സംഭവത്തിൽ വാൽപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായി പരിശോധിക്കും. അധ്യാപകർ കുട്ടിയോട് പെരുമാറിയ രീതിയും, വിദ്യാർത്ഥി അനുഭവിച്ച മാനസിക സമ്മർദ്ദവും അന്വേഷണ പരിധിയിൽ വരും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണം എത്രത്തോളം പ്രധാനമാണെന്ന ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്.