ജാമ്യം കിട്ടാന്‍ 'മാപ്പ് പറഞ്ഞു'; എന്നിട്ടും നടന്നില്ല! അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; 'ചെയ്തത് തെറ്റായിപ്പോയി, വീഡിയോ പിന്‍വലിക്കാം' എന്ന അപേക്ഷ കോടതി തള്ളി; അതിജീവിതകളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ
തിരുവനന്തപുരം: എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ചീഫ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
'പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും'
രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ നിര്‍ണ്ണായകമായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ രാഹുല്‍ ഈശ്വര്‍ ആദ്യമായല്ല മോശമായി ചിത്രീകരിക്കുന്നത്. ഇതിന് മുന്‍പും ഇത്തരത്തിലുള്ള കേസുകള്‍ രാഹുലിനെതിരെ ഉണ്ടായിട്ടുണ്ട്.
രാഹുല്‍ ഈശ്വര്‍ സ്ഥിരമായി ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു. ഈ കേസില്‍ ജാമ്യം നല്‍കിയാല്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജയിലില്‍ നിരാഹാരം; രാഹുല്‍ മെഡിക്കല്‍ കോളേജില്‍
ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പോലീസ് ഉടന്‍ തന്നെ അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം, സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജയിലില്‍ പ്രവേശിപ്പിച്ച രാഹുല്‍ ഈശ്വര്‍ നാല് ദിവസമായി നിരാഹാര സമരത്തിലാണ്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് കൊണ്ടുപോകാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.രാഹുല്‍ ഈശ്വര്‍ കോടതിയില്‍ നിലപാട് മയപ്പെടുത്തിയെങ്കിലും കോടതി അതംഗീകരിച്ചില്ല. താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
കോടതിയില്‍ മലക്കംമറിച്ചില്‍; പോലീസ് കടുപ്പിച്ചു
യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍, യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ആദ്യം അറിയിച്ചത്. എന്നാല്‍, പിന്നീട് അദ്ദേഹം നിലപാട് മാറ്റി.
'എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയെന്നും പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ബോധിപ്പിച്ചു.'അന്വേഷണവുമായി സഹകരിക്കുന്നുണ്ട്, പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, അന്വേഷണവുമായി പ്രതി ഒട്ടും സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
അതേസമയം, ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വറിന് പിന്‍വലിക്കേണ്ടി വന്നു. ജില്ലാ കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കാനാകില്ലെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് നിലപാടെടുത്തു.
അഭിഭാഷകന്‍ കൂടിയായ പ്രതിയുടെ ഈ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഈശ്വറിന്റെ പ്രാരംഭ വാദമായ, 'എഫ്.ഐ.ആറിലെ വിവരങ്ങളാണ് പോസ്റ്റ് ചെയ്തതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും' ഉള്ളതിനെ കോടതി ചോദ്യം ചെയ്തു. 'ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആര്‍. പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോ?' എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
