രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ, മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും; ബലാല്‍സംഗ കേസില്‍ മൊഴി നല്‍കാന്‍ സമ്മതം അറിയിച്ച് അന്വേഷണ സംഘത്തിന് 23 കാരിയുടെ മെയില്‍; ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ഒളിവില്‍ കഴിയുന്ന എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു

മൊഴി നല്‍കാന്‍ രണ്ടാമത്തെ പരാതിക്കാരിയും

Update: 2025-12-04 16:00 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാല്‍സംഗ പരാതി നല്‍കിയ 23 കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കും. മൊഴിയെടുക്കുന്നതിനുള്ള സമയം ചോദിച്ച് പോലീസ് അയച്ച ഇ-മെയിലിന് മറുപടിയായി യുവതി സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുവതി ഉടന്‍ ക്രൈംബ്രാഞ്ചിന് രേഖാമൂലം പരാതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്യും.

കെ.പി.സി.സി. പ്രസിഡന്റിന് ഇ-മെയില്‍ വഴി ലഭിച്ച പരാതി ഡി.ജി.പിക്ക് കൈമാറിയതിന് പിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേര് വെളിപ്പെടുത്താതെയായിരുന്നു പരാതി. 2023-ല്‍ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്ത ശേഷം വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.ബെംഗളൂരു സ്വദേശിയായ 23-കാരിയും മൊഴി നല്‍കാന്‍ തയ്യാറായത് അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായി.

തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍, ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ എസ്. രാജീവ് രാഹുലിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകും.

രണ്ട് യുവതികളുടെ പരാതികളും, ഡിജിറ്റല്‍ തെളിവുകളുടെ ബലത്തില്‍ കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ സ്ഥാപിച്ചെടുത്തതും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിക്കും നിയമപരമായ നിലനില്‍പ്പിനും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ആദ്യ ലൈംഗിക പീഡന പരാതിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍, ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍ എസ്. രാജീവ് രാഹുലിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകും.

കഴിഞ്ഞ ദിവസത്തെ വാദത്തിനുശേഷം പ്രോസിക്യൂഷന്‍ ഹാജരാക്കിയ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും ഡോക്ടറുടെ മൊഴിയടക്കമുള്ള രേഖകളും പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്.

രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ അവര്‍ കോടതിയില്‍ ഹാജരാക്കി.: പരാതി വ്യാജമാണെന്നും സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നു എന്ന് സ്ഥാപിക്കുന്ന ചാറ്റുകളും വിവാഹ ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു.'വിവാദം ഉണ്ടാക്കാന്‍ മാത്രമുള്ള പരാതി' എന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം, രാഹുലിന് കുറ്റകൃത്യത്തില്‍ പ്രാഥമിക പങ്കാളിത്തമുണ്ട്. തെളിവുകളുടെ ഗൗരവം പരിഗണിച്ച്, മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം നല്‍കിയാല്‍ ഹര്‍ജിക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.നിലവിലെ കേസില്‍, മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണമായ സാഹചര്യം കാണുന്നില്ലെന്ന് കോടതി തീര്‍പ്പാക്കി.

Tags:    

Similar News