ആത്മഹത്യാഭീഷണി മുഴക്കി ഗര്‍ഭഛിദ്രം നടത്തിച്ചു; ഗര്‍ഭിണിയായിരിക്കുമ്പോഴും ബലാത്സംഗം; 'ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം' എന്ന് ലഘൂകരിച്ച് കാണാനാവില്ല; സുഹൃത്തിന് കൈമാറിയ ചാറ്റുകള്‍ അതിജീവിതയുടെ സമ്മതമില്ലാതെ ഒരു ചാനല്‍ പുറത്തുവിട്ടു; പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണവും പുറത്ത്; സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത് കുറ്റകൃത്യത്തിന്റെ തീവ്രത പരിഗണിച്ച്

സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത് കുറ്റകൃത്യത്തിന്റെ തീവ്രത പരിഗണിച്ച്

Update: 2025-12-04 18:44 GMT

തിരുവനന്തപുരം: യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയുടെ വിധിയില്‍ വ്യക്തമാക്കുന്നു.  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ 22 പേജുള്ള വിധിയില്‍ ജാമ്യ ഹര്‍ജി തള്ളിയത് കുറ്റകൃത്യത്തിന്റെ തീവ്രത കൂടി പരിഗണിച്ചാണെന്നും  പറഞ്ഞു.

രാഹുലിന്റെ പ്രവര്‍ത്തിയെ 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം' എന്ന് ലഘൂകരിച്ച് കാണാനാവില്ലെന്ന് ജഡ്ജി എസ്. നസീറ ഉത്തരവില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും, ബി.എന്‍.എസ് 89-ാം വകുപ്പില്‍ വരുന്ന ഈ കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി ജഡ്ജി ജാമ്യം നിഷേധിച്ചത്.

പ്രധാന കോടതി നിരീക്ഷണങ്ങള്‍

രാഹുലിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവകരമാണെന്നും, ചെയ്ത കുറ്റകൃത്യത്തിന്റെ തീവ്രത പരിഗണിച്ചാണ് നടപടിയെന്നും കോടതി വ്യക്തമാക്കി. രാഹുലിനൊപ്പം തുടര്‍ന്നു ജീവിക്കാമെന്ന പ്രത്യാശ മൂലമാണ് യുവതി ഗര്‍ഭഛിദ്രത്തിനു സമ്മതിച്ചത്. യുവതിക്ക് അനുഭവിക്കേണ്ടിവന്ന മാനസികസംഘര്‍ഷവും കോടതി വിധിയില്‍ എടുത്തുപറഞ്ഞു.

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വഴങ്ങണോ അതോ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തണോ എന്നുള്ള യുവതിയുടെ ധര്‍മസങ്കടം ചാറ്റുകളില്‍ വ്യക്തമാണ്. രാഹുല്‍ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഗുളിക കഴിക്കാന്‍ തീരുമാനിച്ചതെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.

ജാമ്യം നല്‍കിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണെന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

രാഹുലിന് ലൈംഗികപീഡനത്തില്‍ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്ന വസ്തുതകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍, ബലാത്സംഗ ആരോപണം തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ നിലവില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്ന് ലഘൂകരിക്കാനാവില്ല

ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭഛിദ്രത്തിന് സമ്മതിപ്പിച്ചത് എന്നതിന് അടക്കമുള്ള തെളിവുകള്‍ കോടതി എടുത്തുകാട്ടി. ഡോക്ടറുടെ അനുമതിയില്ലാതെ കഴിക്കാന്‍ പാടില്ലാത്ത മരുന്ന് യുവതിക്ക് കഴിക്കേണ്ടിവന്നതും കോടതി ഗൗരവമായെടുത്തു. ആദ്യത്തെ ശാരീരിക ബന്ധത്തിന് ശേഷം തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് ഉണ്ടായിരുന്നതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയത് എന്നുമുള്ള രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

യുവതിയുടെ മൊഴിയിലെ പ്രധാന വിവരങ്ങള്‍

പൊലീസിന് നല്‍കിയ മൊഴിയുടെയും രഹസ്യമൊഴിയുടെയും വിശദാംശങ്ങള്‍ കോടതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവുമായി അകന്ന സമയത്താണ് യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. വിവാഹജീവിതത്തിലെ തകര്‍ച്ചയില്‍ രാഹുല്‍ ആശ്വാസവാക്കുകളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു.

തന്നോടൊപ്പം ഒരു കുഞ്ഞുണ്ടായാല്‍ യുവതിയെ ജീവിതകാലം മുഴുവന്‍ കൂടെക്കൂട്ടാം എന്ന് രാഹുല്‍ വാഗ്ദാനം നല്‍കി. ഈ വാക്കുകള്‍ വിശ്വസിച്ചാണ് യുവതി ശാരീരിക ബന്ധത്തിന് മുതിര്‍ന്നത്. ഒരാഴ്ച മാത്രമാണ് രാഹുലുമായുള്ള അടുപ്പം ഉണ്ടായിരുന്നത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും ബലാത്സംഗം ചെയ്തതെന്നും യുവതി മൊഴിയില്‍ പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും രാഹുല്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്. ഗര്‍ഭിണിയായ ശേഷം രാഹുല്‍ നിലപാട് മാറ്റി ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിപ്പിച്ചത്.

പരാതി വൈകിയതിനെക്കുറിച്ചുള്ള പരാമര്‍ശം

യുവതി പരാതി നല്‍കാന്‍ വൈകിയതിനെക്കുറിച്ചും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്. പരാതി നല്‍കാന്‍ യുവതിക്ക് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. തെറ്റുകള്‍ മറന്ന് രാഹുല്‍ തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ആനന്ദകരമായ ഒരു ജീവിതം ലഭിക്കുമെന്നും താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കി. എന്നാല്‍, ശബ്ദസന്ദേശം പുറത്തുവന്നതിനു ശേഷം വിവിധ കോണുകളില്‍നിന്ന് വലിയ ആക്രമണമാണ് നേരിടേണ്ടിവന്നതെന്ന് യുവതി മൊഴി നല്‍കി. യുവതി സുഹൃത്തിന് കൈമാറിയ ചാറ്റുകള്‍ അവരുടെ സമ്മതമില്ലാതെ ഒരു ചാനല്‍ പുറത്തുവിട്ടത് തെറ്റായ പരാമര്‍ശങ്ങള്‍ക്കു കാരണമായെന്നും കോടതി കുറ്റപ്പെടുത്തി. മാതാപിതാക്കള്‍ ആത്മഹത്യയുടെ വക്കിലെത്തിയ അവസ്ഥയിലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുലിനെതിരെ രണ്ടാമതു റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആയതിനാല്‍ കോടതി അതു പരിഗണിച്ചില്ല. ജാമ്യം തള്ളിയ സാഹചര്യത്തില്‍, കേസിന്റെ തുടര്‍നടപടികള്‍ ഇനി നിര്‍ണായകമാകും.

Tags:    

Similar News