ബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ല; പക്ഷേ രാഹുലിനെ കുടുക്കിയത് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചത്; 'ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല': ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതിന് തെളിവുകള്‍; മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ല; പ്രഥമദൃഷ്ടാ കുറ്റക്കാരന്‍; സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്

സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്

Update: 2025-12-04 14:16 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ് പുറത്തുവന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് (Prima Facie) കോടതി നിരീക്ഷിച്ചു.

'വിവാദം ഉണ്ടാക്കാന്‍ മാത്രമുള്ള പരാതി' എന്ന രാഹുലിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം, രാഹുലിന് കുറ്റകൃത്യത്തില്‍ പ്രാഥമിക പങ്കാളിത്തമുണ്ട്. തെളിവുകളുടെ ഗൗരവം പരിഗണിച്ച്, മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണ അധികാരം ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം നല്‍കിയാല്‍ ഹര്‍ജിക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും (Influence the witnesses), തെളിവുകള്‍ നശിപ്പിക്കാനും (Tamper with the evidence) സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍കൂര്‍ ജാമ്യം എന്നത് ഒരു അസാധാരണ ആനുകൂല്യമാണ് എന്നും, അത് 'പതിവ് നടപടി'യായി കണക്കാക്കാനാവില്ലെന്നും ജയ് പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് കോടതി ഓര്‍മ്മിപ്പിച്ചു.പരാതിക്കാരന്റെ വിദ്വേഷം തീര്‍ക്കാനോ വ്യക്തിപരമായ വൈരാഗ്യം (grudge or personal vendetta) തീര്‍ക്കാനോ വേണ്ടി ഒരാളെ ഉപദ്രവിക്കുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് മുന്‍കൂര്‍ ജാമ്യത്തിന്റെ ലക്ഷ്യം.നിലവിലെ കേസില്‍, മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനുള്ള അസാധാരണമായ സാഹചര്യം (exceptional circumstance) കാണുന്നില്ലെന്ന് കോടതി തീര്‍പ്പാക്കി.

ഗര്‍ഭച്ഛിദ്രം: 'ഭയം മൂലമുള്ള സമ്മതം, സമ്മതമല്ല'

രാഹുലിനെ കുടുക്കിയത് ബലാത്സംഗ ആരോപണമല്ല, മറിച്ച് ഗര്‍ഭച്ഛിദ്രത്തിനായി ഭീഷണിപ്പെടുത്തി എന്ന ഗുരുതരമായ കുറ്റമാണ്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 28 അനുസരിച്ച്, ഭയം (Fear of Injury) മൂലമോ തെറ്റിദ്ധാരണ മൂലമോ നല്‍കുന്ന സമ്മതം യഥാര്‍ത്ഥ സമ്മതമായി കണക്കാക്കാനാവില്ല.പ്രതിയുടെ സമ്മര്‍ദ്ദവും (Pressure), ഒരുമിച്ചൊരു ജീവിതം കിട്ടുമെന്ന പ്രതീക്ഷയും കാരണമാണ് പരാതിക്കാരി ഗര്‍ഭച്ഛിദ്രത്തിന് സമ്മതിച്ചത് എന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നു. 'കുഞ്ഞിനെ നിലനിര്‍ത്താനുള്ള' പരാതിക്കാരിയുടെ വൈകാരികമായ ആഗ്രഹവും, അതിനെതിരെയുള്ള രാഹുലിന്റെ നിര്‍ബന്ധബുദ്ധിയും വോയിസ് ചാറ്റുകളിലൂടെയും സന്ദേശങ്ങളിലൂടെയും വ്യക്തമാണ്. രാഹുലിന്റെ ഭീഷണിക്ക് വഴങ്ങിയാണ് ഗുളിക കഴിക്കാന്‍ തയ്യാറായതെന്ന ആരോപണങ്ങള്‍ കോടതി തള്ളിയില്ല.

പ്രതിഭാഗം വാദവും കോടതിയുടെ നിരീക്ഷണങ്ങളും

പരാതിക്കാരി വിവാഹിതയായ സ്ത്രീയാണ്. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന വാദം നിലനില്‍ക്കില്ല. ബന്ധം പൂര്‍ണ്ണമായും പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു (purely consensual). ഗര്‍ഭച്ഛിദ്രത്തിനായി ഗുളിക ആവശ്യപ്പെട്ടത് പരാതിക്കാരി സ്വയം ആണെന്ന് തെളിയിക്കാന്‍ 2-ാം പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ഓഡിയോ ക്ലിപ്പും (Ext. P4 audio clip) ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റും (ഋഃ.േ ജ5) പ്രതിഭാഗം ഹാജരാക്കി.

ഓഡിയോ ക്ലിപ്പിനെ തള്ളിപ്പറയാതെ തന്നെ, പ്രതി ഗര്‍ഭച്ഛിദ്രത്തിനായി നിര്‍ബന്ധിക്കുന്ന വോയിസ് ചാറ്റുകളും സന്ദേശങ്ങളും അടങ്ങിയ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പരാതിക്കാരിക്ക് കുഞ്ഞിനെ നിലനിര്‍ത്താനുള്ള വൈകാരികമായ ആഗ്രഹം ചാറ്റുകളില്‍ വ്യക്തമാണ്. പ്രതിയുടെ നിര്‍ബന്ധത്തിനും സ്വന്തം ആഗ്രഹത്തിനും ഇടയിലുള്ള അവരുടെ സംഘര്‍ഷം ചാറ്റുകളില്‍ കാണാം.സെക്ഷന്‍ 28, ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം: ഭയം (fear of injury) മൂലമോ, തെറ്റിദ്ധാരണ (misconception of fact) മൂലമോ നല്‍കുന്ന സമ്മതം, യഥാര്‍ത്ഥ സമ്മതമായി കണക്കാക്കില്ല. പ്രതിയുടെ സമ്മര്‍ദ്ദവും, ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും മൂലമാണ് ഗര്‍ഭച്ഛിദ്രത്തിന് സമ്മതം നല്‍കിയതെന്ന് പ്രാഥമികമായി തെളിവുകള്‍ സൂചിപ്പിക്കുന്നു.

ബലാല്‍സംഗ ആരോപണത്തിന് ഈ ഘട്ടത്തില്‍ തെളിവുകളില്ല

ബലാത്സംഗ ആരോപണം ഈ ഘട്ടത്തില്‍ തെളിവുകള്‍ കൊണ്ട് ബലപ്പെടുത്തുന്നില്ലെങ്കിലും, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന കുറ്റത്തിന്റെ ഗൗരവം വളരെ വലുതാണ്. പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഉടന്‍ അയക്കും. ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍ വീണ്ടെടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന പ്രാഥമിക തെളിവുകള്‍ (prima facie materials) നിലവില്‍ ലഭ്യമാണ്. ഈ കുറ്റകൃത്യത്തിന്റെ (സെക്ഷന്‍ 89) ഗൗരവം വലുതാണ് (magnitude of the offence is grave). ചുരുക്കത്തില്‍, ബലാത്സംഗം എന്നതിലുപരി, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു.

Tags:    

Similar News