വൃശ്ചികപ്പാതിയിലും തുലാവര്‍ഷ പെയ്ത്ത്; കോട്ടയവും പത്തനംതിട്ടയുമടക്കം ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; തെക്കന്‍ കേരളത്തിലും മഴ കനക്കുന്നു; ശബരിമല തീര്‍ത്ഥാടകര്‍ രാത്രി പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Update: 2024-12-01 18:23 GMT

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്തെ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, സ്‌കൂള്‍, പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഇടുക്കിയില്‍ പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്രാ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും.അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.

നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ തുലാവര്‍ഷം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഡിസംബര്‍ മൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലര്‍ട്ടാണ്. നാലിന് കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലര്‍ട്ടാണ്. അടുത്ത അഞ്ച് ദിവസം തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് പ്രവചനം.

രാത്രി പമ്പയില്‍ ഇറങ്ങരുത്

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകിയവേളയില്‍ പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മഴ ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ടയിലും കോട്ടയത്തും റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശുര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അവധി പ്രഖ്യാപിച്ചു

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മുഴുവന്‍ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Tags:    

Similar News