ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഇന്നും എന്റെ ഉള്ളിൽ അതൊരു മുറിപ്പാടായി കിടക്കുന്നു; അന്ന് വീരപ്പന്റെ മുന്നിൽ വച്ച് രജനികാന്ത് ചെയ്തത് ജയലളിതയ്ക്ക് ഒട്ടും സഹിച്ചില്ല; തലൈവിയുമായുള്ള അകൽച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ എണ്ണി പറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്; തുറന്നുപറച്ചിൽ ഞെട്ടി തമിഴ് രാഷ്ട്രീയം!

Update: 2025-04-10 15:17 GMT

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു മുൻമന്ത്രിയും സിനിമാ നിർമ്മാതാവുമായ ആർ.എം. വീരപ്പന്റെ (ആർ.എം.വി)​ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചത്.തമിഴ് സിനിമാരംഗത്ത് ഉള്ളവരും മറ്റ് രാഷ്ട്രീയ നേതാക്കളും എല്ലാം അദ്ദേഹത്തെ ഓർമ്മിച്ചു. ഇപ്പോൾ ചരമവാർഷിക ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിലെ രജനികാന്തിന്റെ വെട്ടി തുറന്നുള്ള പറച്ചിലിൽ തമിഴ്നാട് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച പുരട്ചി തലൈവിയുമായുള്ള അകൽച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്.

സംഭവം നടക്കുന്നത് 1995ലാണ് അന്ന് മന്ത്രികൂടിയായിരുന്ന ആർ എം. വീരപ്പൻ നിർമിച്ച് രജനി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ബാഷ തിയേറ്ററുകളിൽ നൂറ് ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷവേദിയിൽ താരം നടത്തിയ പ്രസംഗമാണ് ജയലളിതയെ ചൊടിപ്പിച്ചത്. തമിഴ്നാട്ടിൽ ബോംബ് സംസ്‌കാരം നിലനിൽക്കുന്നുവെന്നായിരുന്നു രജനിയുടെ പ്രസംഗം.

സംവിധായകൻ മണിരത്നത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തിലായിരുന്നു രജനികാന്ത് പരാമർശം നടത്തിയത്. ഈ സമയം വേദിയിലുണ്ടായിരുന്നിട്ടും എതിർപ്പ് പ്രകടിപ്പിക്കാതിരുന്ന വീരപ്പനെ മന്ത്രിസഭയിൽ നിന്നു ജയലളിത പുറത്താക്കി. മന്ത്രി വേദിയിലിരിക്കുമ്പോൾ അങ്ങനെ പ്രസംഗിക്കാൻ പാടില്ലായിരുന്നെന്ന് അന്ന് തനിക്കറിയില്ലായിരുന്നെന്ന് രജനി പറഞ്ഞു. കുറച്ചുനാൾ ഉറക്കം നഷ്ടപ്പെട്ടു. ഇപ്പോഴും ആ വേദനയുണ്ട്. ജയലളിതയോട് ഇക്കാര്യം സംസാരിക്കാൻ ആലോചിച്ചെങ്കിലും വീരപ്പൻ തടഞ്ഞുവെന്നും രജനികാന്ത് പറയുന്നു.

സൂപ്പർസ്റ്റാറിന്റെ വാക്കുകൾ...

'ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ആർഎംവിയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല,, പിറ്റേന്ന് രാവിലെ ആർ.എം.വിയെ വിളിച്ച് സംഭവത്തിന് ക്ഷമ ചോദിച്ചു. പക്ഷേ മന്ത്രി ഇക്കാര്യം നിസാരമായി തള്ളിക്കളഞ്ഞു, അത് മറക്കാൻ പറഞ്ഞു, പകരം സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചു. 'ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം പെരുമാറി,' രജനികാന്ത് പറഞ്ഞു, 'ഈ സംഭവം ഒരു മുറിപ്പാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

'അന്നത്തെ മുഖ്യമന്ത്രിയോട് ഇത് വിശദീകരിക്കാമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, പക്ഷേ അവർ തന്റെ തീരുമാനം മാറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, നിങ്ങളുടെ പേര് നശിപ്പിക്കരുത്. കൂടാതെ, നിങ്ങൾ അവരുമായി ഒരു വാക്ക് പറഞ്ഞതിന് ശേഷം ഞാൻ തിരികെ മന്ത്രിയാകേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് അദ്ദേഹം ഒരു മികച്ച മനുഷ്യനും യഥാർത്ഥ കിംഗ് മേക്കറുമായത്,' രജനികാന്ത് വ്യക്തമാക്കി.

'അത് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ്, കാരണം അന്ന് വേദിയിൽ അവസാനമായി സംസാരിച്ചത് ഞാനായിരുന്നു, അതിനുശേഷം അദ്ദേഹത്തിന് അതിനോട് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല,' രജനീകാന്ത് പറഞ്ഞു. ജയലളിതയെ രാഷ്ട്രീയമായി എതിർക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് രജനികാന്ത് പറഞ്ഞു.

സൂപ്പർസ്റ്റാറിന്റെ തുറന്നുപറച്ചിലിൽ തമിഴ്നാട് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇതോടെ ഡോക്യുമെന്ററിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News