ഗോവിന്ദന്റെ മകനുമായുള്ള കേസില്‍ ചില ഇടപെടല്‍ നടന്നു; തെളിവായി ഓഡിയോ ക്ലിപ്പ് താമസിയാതെ പുറത്തു വരും; തനിക്ക് എതിരെ പരാതി നല്‍കിയത് ഇപിയുടെ അടുപ്പക്കാരനായ പാര്‍ട്ടി കുടുംബാഗം; പോലീസ് വകഞ്ഞു മാറ്റി കൊണ്ടു പോകുമ്പോഴും ചിലത് പറഞ്ഞ് ചെന്നൈയിലെ വ്യവസായി; പി ശശിക്കെതിരേയും ഷെര്‍ഷാദിന്റെ പ്രതികരണം; പകപോക്കല്‍ അറസ്റ്റ് ചര്‍ച്ചകളില്‍
കൊച്ചി: വഞ്ചനാകേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് സിപിഎമ്മിനെതിരെ പ്രതികരണവുമായി രംഗത്ത്. പോലീസ് കസ്റ്റഡിയില്‍ കൊച്ചിയിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷെര്‍ഷാദിനെ മാധ്യമങ്ങളില്‍ നിന്ന് അകറ്റാന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ഷെര്‍ഷാദ് പ്രതികരിച്ചു. സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ മകനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പ്രതികാരമാണ് അറസ്റ്റ്. പാര്‍ട്ടി കുടുംബാംഗമാണ് പരാതിക്കാരന്‍. ഇപി ജയരാജന്റെ ആളാണ് ഇയാളെന്നും ഷെര്‍ഷാദ് പ്രതികരിച്ചു. ഗോവിന്ദന്റെ മകനുമായി ബന്ധപ്പെട്ട് കേസില്‍ ചിലര്‍ ശ്രമങ്ങള്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ഉടന്‍ പറത്തു വരുമെന്നും വെളിപ്പെടുത്തി. ജയില്‍ മോചിതനായ ശേഷം കുടുതല്‍ പ്രതികരിക്കുമെന്നും ഷെര്‍ഷാദ് പറഞ്ഞു. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായിയാണ് ഷെര്‍ഷാദ്.
2023ല്‍ പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ഷെര്‍ഷാദ്. പലരില്‍ നിന്നായി ഈ സ്ഥാപനം പണം വാങ്ങിയിരുന്നു. കൊച്ചിയില്‍നിന്നുള്ള രണ്ടുപേരില്‍നിന്ന് 40 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാര്‍ഷിക റിട്ടേണ്‍, അഞ്ച് ശതമാനം ഷെയര്‍ എന്നിവയായിരുന്നു നിക്ഷേപത്തിനുള്ള വാഗ്ദാനം. എന്നാല്‍, ഇവ ഒന്നുംതന്നെ ഷെര്‍ഷാദ് നല്‍കിയില്ലെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷെര്‍ഷാദിനും സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശരവണനുമെതിരേയാണ് കേസ്. നാടകീയമായി അറസ്റ്റും ചെയ്തു. കൊച്ചിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഷെര്‍ഷാദ് പ്രതികരിച്ചത്. ചെന്നൈയില്‍ നിന്നാണ് ഷെര്‍ഷാദിനെ കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരേയും ഷെര്‍ഷാദ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശശിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് പോലീസ് പറഞ്ഞതായിട്ടാണ് ഷെര്‍ഷാദിന്റെ വെളിപ്പെടുത്തല്‍.
സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട് സമീപ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആളാണ് ഷെര്‍ഷാദ്. കത്ത് ചോര്‍ത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരേ ഇദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള മലയാളസിനിമാ നിര്‍മാതാവിനെതിരെ ചെന്നൈയിലെ സിനിമാ ബന്ധമുള്ള മലയാളി ബിസിനസുകാരന്‍ മുഹമ്മദ് ഷെര്‍ഷാദ് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കു നല്‍കിയ പരാതി കോടതി രേഖയായി എന്ന ആരോപണം ഏറെ ചര്‍ച്ചയായിരുന്നു. പരാതി ചോര്‍ത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാമെന്ന് ആരോപിച്ച് ഷെര്‍ഷാദ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തു വന്നിരുന്നു. രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മാനനഷ്ട കേസില്‍ വിവാദകത്ത് ഭാഗമായതോടെ പാര്‍ട്ടിക്ക് നല്‍കിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചോദ്യം.
എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍ അടക്കം എസ്എഫ്‌ഐ നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ആരോപണ വിധേയനായ യുകെ മലയാളിയും സംഘടനാ ചുമതലയിലുണ്ടായിരുന്നുവെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ഷെര്‍ഷാദ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നേതാക്കളുമായി ഉള്‍പ്പെടെ മുന്‍ നിര സി പി എം നേതാക്കളുമായി പ്രവാസി തട്ടിപ്പുകാരന് അടുത്ത ബന്ധമുണ്ട്.യുകെയില്‍ ഇയാളുടെ കൂടെയുള്ള മലയാളികള്‍ മുഖേന ലഭിച്ച തെളിവുകള്‍ തന്റെ പക്കലുണ്ട്. അവിടുത്തെ ബാങ്ക് അക്കൗണ്ടില്‍ വന്ന കോടികളുടെ ഇടപാടുകളടക്കം പരിശോധിക്കണമെന്നും എവിടെ നിന്നാണ് ഈ തുക വരുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എം വി ഗോവിന്ദന്റെ മകന്‍ ശ്യാമുമായി വര്‍ഷങ്ങളുടെ ബന്ധം യുകെക്കാരനുണ്ട്. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുമ്പാണ് ശ്യാമും ഇയാളും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത്. കുടുംബപരമായി തന്നെ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ ഇയാളുടെ വീട്ടിലെത്തിയതെന്നും മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു. പുസ്തക പ്രകാശന പരിപാടിയിലും ഗോവിന്ദന്‍ മാഷ് ഭാഗമായി. അത് കണ്ട് താന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. താന്‍ പറഞ്ഞതൊക്കെ കേട്ടിട്ടും മാഷിന്റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടായില്ല. താനും പിന്നീട് തന്റെ തിരക്കിലേക്ക് മടങ്ങി. ഇതിനിടെയാണ് പാര്‍ട്ടി സമ്മേളന പ്രതിനിധിയായി രാജേഷ് കൃഷ്ണ വരുന്ന വിവരം അവിടെ നിന്ന് ഇയാള്‍ കാരണം ബുദ്ധിമുട്ടിലായ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞത്. അതിന്റെ ഭാഗമായാണ് താന്‍ ഇടപെട്ടത്. തമിഴ്നാട്ടിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ധവാളെ സഖാവിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന് പരാതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കി. ആ കത്താണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ മാനനഷ്ട കേസിനോടനുബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്നത്. കത്ത് എങ്ങനെ യുകെ മലയാളിയ്ക്ക് കിട്ടി എന്ന് ചോദിച്ചാണ് താന്‍ എംവി ഗോവിന്ദന്‍ മാഷിന് ഇമെയിലായി പരാതി നല്‍കിയത്. അതും പുറത്തായി. ഗോവിന്ദന്‍ മാഷിന്റെ മകന്‍ ശ്യാമാണ് അതിന് പിന്നിലെന്നാണ് സംശയമെന്ന് മുഹമമദ് ഷെര്‍ഷാദ് പറഞ്ഞു.
തന്റെ കുടുംബത്തിലുള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടായ വേളയിലാണ് താന്‍ പ്രവാസിയെ കുറിച്ച് അന്വേഷിച്ചത്. 2016 വരെ യുകെയില്‍ ബെഡ് സ്‌പേസ് ഷെയര്‍ ചെയ്ത് താമസിച്ചയാളാണ് ഇയാള്‍.. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ലോകകേരള സഭയില്‍ ഇയാള്‍ ഭാഗമായി. അതിനുള്ള യോഗ്യത ഉണ്ടായിരുന്നോ എന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അന്ന് പി ശ്രീരാമകൃഷ്ണന്‍ മുഖേനയാണ് ലോക കേരള സഭയില്‍ എത്തിയത്. കൊല്ലത്തെ കടല്‍-കായല്‍ ശുചീകരണ പദ്ധതിയില്‍ ബ്രിട്ടീഷ് പൗരന്‍ മുഖേന കിംഗ്ഡം എന്ന പേരില്‍ ഒരു കടലാസ് കമ്പനിയുണ്ടാക്കി അതിലൂടെ പണമെത്തിച്ചു. അതില്‍ മൂന്നിലൊന്ന് ഭാഗം തുക മാത്രമാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. ബാക്കി വകമാറ്റുകയായിരുന്നു. കിംഗ്ഡം കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പലവിധത്തിലുള്ള ഇടപാടുകള്‍ നടത്തിയതെന്നും രാജേഷ് കൃഷ്ണ ചൂണ്ടിക്കാട്ടി. ഗോവിന്ദന്‍ മാഷിന്റെ മകന്‍ ശ്യാമുമായി വര്‍ഷങ്ങളുടെ ബന്ധം ഇയാള്‍ക്കുണ്ട്. എന്നാല്‍ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുന്‍പാണ് ശ്യാമും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളത്. അവര്‍ തമ്മില്‍ കുടുംബപരമായി തന്നെ നല്ല ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ലണ്ടനിലെ വീട് സന്ദര്‍ശിക്കുന്നത് എന്നും മുഹമ്മദ് ഷര്‍ഷാദ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ സിപിഎം സെക്രട്ടറിയ്ക്കെതിരെ നിലപാട് എടുത്ത വ്യക്തിയാണ് കേരളാ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
