'വായുവില്‍ പരിക്കേറ്റ ലോകത്തെ ആദ്യ മന്ത്രി!' വീണാ ജോര്‍ജിന് കെഎസ്യുവിന്റെ വക ട്രോഫിയും നെക്ക് കോളറും; മന്ത്രിക്കായി ലുക്ക് ഔട്ട് നോട്ടീസുമായി പ്രതിപക്ഷം; പത്തനംതിട്ടയിലോ അതോ കോട്ടയത്തെ ഉഴിച്ചില്‍ കേന്ദ്രത്തിലോ? അഭിനയമെന്ന് പരിഹാസം; ഒടുവില്‍ മന്ത്രി എവിടെ എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ വിശദീകരണം

മന്ത്രി എവിടെ എന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പിന്റെ വിശദീകരണം

Update: 2026-02-27 16:12 GMT

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പരിക്കും ചികിത്സയും ചുറ്റിപ്പറ്റി സംസ്ഥാനത്ത് നാടകീയമായ രാഷ്ട്രീയ പോര് തുടരുന്നു. മന്ത്രിക്ക് വായുവിലൂടെ പരിക്കേറ്റെന്ന് പരിഹസിച്ച് കെഎസ് യു തപാല്‍ വഴി ട്രോഫി അയച്ചപ്പോള്‍, മന്ത്രി എവിടെയാണെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ഓഫീസ് അറിയിച്ചു.

പരിക്കോ അതോ അഭിനയമോ? കെഎസ് യുവിന്റെ 'മികച്ച നടി' അവാര്‍ഡ്

വായുവില്‍ പരിക്കേറ്റ ലോകത്തെ ആദ്യ മന്ത്രിയാണ് വീണാ ജോര്‍ജ് എന്ന് കെഎസ് യു പരിഹസിച്ചു. ഇതിന്റെ ഭാഗമായി 'മികച്ച അഭിനയത്തിനുള്ള' ട്രോഫിയും മെഡിക്കല്‍ നെക്ക് കോളറും കെഎസ് യു നേതാക്കള്‍ മന്ത്രിക്ക് തപാല്‍ വഴി അയച്ചുകൊടുത്തു.കേരളത്തിലെ ആരോഗ്യരംഗം ഐസിയുവില്‍ ആണെന്നും അതിനാലാണ് കരിങ്കൊടി സമരവുമായി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി വ്യക്തമാക്കി.

മന്ത്രി എവിടെ? തിരച്ചിലുമായി പ്രതിപക്ഷം

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോളോ അപ്പ് ചികിത്സ തേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രി തിരുവനന്തപുരത്ത് എത്തിയില്ലെന്ന ആരോപണവുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

'യാത്ര ചെയ്യാന്‍ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറങ്ങിയ മന്ത്രി എവിടെപ്പോയി? കോട്ടയത്തെ സ്വകാര്യ ഉഴിച്ചില്‍ കേന്ദ്രത്തിലാണോ അതോ വീട്ടിലാണോ?' - ഷമ്മാസ് ചോദിച്ചു.

ആരോഗ്യ വകുപ്പിന്റെ വിശദീകരണം

വിവാദങ്ങള്‍ക്ക് മന്ത്രിയുടെ ഓഫീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നാല് ദിവസം പൂര്‍ണ്ണ വിശ്രമത്തിലാണ് മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പത്തനംതിട്ടയിലെ വീട്ടിലിരുന്ന് മന്ത്രി പാലിക്കുന്നുണ്ട്. മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളത്.

Tags:    

Similar News