'ബ്രഹ്‌മോസിലൂടെ പാക്കിസ്ഥാനില്‍ അര്‍ധരാത്രി സൂര്യനുദിച്ചു'; സൂപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; ഇന്ത്യ ചുട്ടെരിച്ച ഭീകരവാദ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ പാക്ക് ഭരണകൂടം; കണ്ടത് ട്രെയിലര്‍ മാത്രം; നല്ല നടപ്പെങ്കില്‍ പാക്കിസ്ഥാന് നന്ന്; ഇല്ലെങ്കില്‍ കഠിനശിക്ഷ; ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ്

ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ്

Update: 2025-05-16 09:45 GMT

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ചുട്ടെരിച്ച ഭീകരവാദ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനെ നിരീക്ഷിക്കുകയാണ്, അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാല്‍ നല്ലത്. അല്ലെങ്കില്‍ കഠിനശിക്ഷ പാക്കിസ്ഥാന് നല്‍കുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ബ്രഹ്‌മോസിലൂടെ പാക്കിസ്ഥാനില്‍ അര്‍ധരാത്രി സൂര്യനുദിച്ചു. രാജ്യം എങ്ങനെയാണ് പാക്കിസ്താനെതിരെ പ്രതിരോധം തീര്‍ത്തത് എന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങള്‍ ദൗത്യം നിറവേറ്റിയത്.

ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം ലോകരാഷ്ട്രങ്ങള്‍ കണ്ടു. പാക്ക് ഭീകര കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തു. കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി രൂപ പാക്കിസ്ഥാന്‍ നല്‍കാന്‍ തീരുമാനിച്ചു. പാക്കിസ്ഥാന്‍ ഫണ്ട് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. IMF പാക്കിസ്ഥാന് വായ്പ നല്‍കുന്നതില്‍ ഒന്നുകൂടി ആലോചിക്കണം. ഭുജ് വ്യോമതാവളത്തില്‍ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.

മുരിദ്കെയിലേയും ഭവല്‍പുരിലേയും ലഷ്‌കര്‍ തൊയ്ബയുടേയും ജെയ്ഷെ മുഹമ്മദിന്റേയും താവളങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ധനസഹായം പാക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന് നല്‍കുന്ന എല്ലാ ധനസഹായവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുന്നതാണെന്നും സിങ് പറഞ്ഞു. പാക്കിസ്ഥാന് ഇപ്പോള്‍ 'പ്രൊബേഷന്‍' അനുവദിച്ചിരിക്കുകയാണെന്നും നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കില്‍ പാക്കിസ്ഥാന് തന്നെയാണ് നല്ലതെന്നും അല്ലാത്തപക്ഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത ശിക്ഷാനപടി നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

തങ്ങളുടെ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാന്റെ വ്യോമ താവളങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യം ഭീകരരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല. നിങ്ങള്‍ കണ്ടത് ട്രൈലര്‍ മാത്രം.സിനിമ പുറകെ വരുന്നു എന്നും രാജ്നാഥ് സിംഗ്. തങ്ങളുടെ ഹൃദയങ്ങളില്‍ സായുധസേനയ്ക്ക് പ്രത്യേക ഇടമാണ് ഉള്ളത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങള്‍ക്ക് മനസിലായി, പാക്കിസ്ഥാന്‍ ഭീകരതയ്ക്ക് നല്‍കുന്ന സഹായം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ശരിയായ സമയം വരുമ്പോള്‍ മുഴുവന്‍ ചിത്രവും ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുത്ത 14 കോടി രൂപ ഐക്യരാഷ്ട്ര സഭ പോലും ഭീകരനെന്ന് മുദ്രകുത്തിയ മസൂദ് അസ്ഹറിനായി ചെലവിടാനാണ് പാക്ക് പദ്ധതിയെന്നും രാജ്നാഥ് സിങ് പറഞ്ഞു. മുരിദ്കെയിലേക്ക് പാക്ക് മന്ത്രി റാണ തന്‍വീര്‍ ഹുസൈന്‍ സന്ദര്‍ശനം നടത്തുകയും ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്ന പ്രദേശം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുമെന്നും പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശം.

1965-ലും 1971-ലും പാക്കിസ്ഥാനെതിരെ നേടിയ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭുജിന് ഇത്തവണത്തെ വിജയത്തിലും പങ്കുചേരാനായതായും ഭുജ് സന്ദര്‍ശിക്കാനായതില്‍ താനേറെ അഭിമാനിക്കുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യോമസേനയെ സിങ് അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയതില്‍ വ്യോമസേനയ്ക്ക് പ്രധാന പങ്കുണ്ട്. പാക്ക് ഭീകരതയെ തരിപ്പണമാക്കാന്‍ വെറും 23 മിനിറ്റ് മാത്രമേ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായി വന്നുള്ളൂ. പാക്കിസ്ഥാന്‍ പോലും ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ കരുത്തിനെ അംഗീകരിച്ചു. രാത്രിയുടെ അന്ധകാരത്തില്‍ പകലിന്റെ പ്രകാശം പരത്താന്‍ ബ്രഹ്‌മോസിനായതായും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News