108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്; 316 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് നല്‍കിയത് 517 കോടിക്ക്; അഞ്ചു വര്‍ഷത്തിനു ശേഷം കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ അതേ കമ്പനി ക്വട്ടേഷന്‍ നല്‍കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തല

108 ആംബുലന്‍സ് പദ്ധതിയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയത് 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്

Update: 2025-08-27 11:34 GMT

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തി മുതിര്‍ന്ന നതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍ പരം കോടി രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.

2019-24 കാലഘട്ടത്തില്‍ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലന്‍സ് കൂടി ചേര്‍ത്തു 316 ആക്കി. എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചിലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്കു കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയുടെ കമ്മിഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട്. - ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.

തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്നത്. സെക്കന്‍ഡരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് 2019 ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രണ്ടിരട്ടി തുകയ്ക്ക് കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ ഈ കരാര്‍ നല്‍കിയത്. ബഹുരാഷ്ട്ര ഗ്രൂപ്പായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആര്‍ഐ. ആദ്യം ടെന്‍ഡര്‍ നല്‍കിയ രണ്ടു കമ്പനികളില്‍ ഒന്നിനെ അയോഗ്യമാക്കിയ ശേഷം അത് ടെന്‍ഡര്‍ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെന്‍ഡറില്‍ ഴ്‌സ മായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ പ്രത്യേക കാബിനറ്റ് നടപടി എടുത്തു.

2019 ല്‍ ആംബുലന്‍സ് നടത്തിപ്പിന് ടെന്‍ഡര്‍ കൊടുത്ത ജിവികെ ഇഎംആര്‍ഐ രേഖപ്പെടുത്തിയ തുക യാതൊരു സ്‌ക്രൂട്ടിനിയും കൂടാതെ കാബിനറ്റിനു മുമ്പാകെ വെച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ പ്രത്യേക അനുമതി നല്‍കിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അന്ന് 316 ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് 517 കോടി.

എന്നാല്‍ ഇക്കുറി ടെന്‍ഡര്‍ പ്രക്രിയയില്‍ മറ്റു കമ്പനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട ്ആംബുലന്‍സുകളും 6 നിയോനേറ്റല്‍ ആംബുലന്‍സുകളും അടക്കം 19 ആംബുലന്‍സുകള്‍ അധികമുണ്ടായിട്ടും ഈ കമ്പനി ക്വോട്ട് ചെയ്തത് 293 കോടി മാത്രം. ഇന്ധനവിലയിലും സ്െപയര്‍പാര്‍ട്സ് വിലയിലും അഞ്ചു വര്‍ഷം മുമ്പത്തേക്കാള്‍ ഏതാണ്ട് 30 ശതമാനം വര്‍ധനവും കൂടുതല്‍ ആംബുലന്‍സുകളും ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ വന്‍തുക നല്‍കിയതെന്തിനാണ് എന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

ഒരു പദ്ധതിയുടെ മൊത്തെ നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷന്‍ അടിക്കുന്ന പ്രവര്‍ത്തനമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍്ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനര്‍ട്ടിലും നടന്നത് പദ്ധതിചിലവിന്റെ അത്രയും തന്നെ തുകയുടെ ക്രമക്കേടാണ്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മിഷന്‍ സര്‍്ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. ഈ തീവെട്ടിക്കൊള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും വിശദീകരണം നല്‍കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News