വണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്

വണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ?

Update: 2026-03-14 12:04 GMT

കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന് പിന്നില്‍ മുന്‍പ് കരുതിയതുപോലെ ജിം സന്തോഷ് സംഘമല്ലെന്നും, കടത്തൂര്‍ സംഘമാണെന്നുമാണെന്നുമാണ് നിഗമനം. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. അനീര്‍, ബ്ലാക്ക് വിഷ്ണു, റേഷന്‍ കട നൗഫല്‍, ഹുസൈന്‍ എന്നിവരാണ് പ്രതികള്‍. ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യം എന്നാണ് പൊലീസ് പറയുന്നത്.

പ്രാഥമിക നിഗമനം അനുസരിച്ച് 'ബ്ലാക്ക് വിഷ്ണു' ഉള്‍പ്പെട്ട കടത്തൂര്‍ സംഘമാണ് അതുലിനെ കൊലപ്പെടുത്തിയത്. ബ്ലാക് വിഷ്ണു കൊലയാളി സംഘത്തിലുണ്ടായിരുന്നു. ജിം സന്തോഷ് വധവുമായി ഈ കൊലപാതകത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസ് നിലവില്‍ പറയുന്നത്. 2025 മാര്‍ച്ചില്‍ ജിം സന്തോഷിനെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് കാല്‍ തകര്‍ത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മടങ്ങുന്ന വഴി അലുവ അതുലും സംഘവും മറ്റുരണ്ടുപേരെ ആക്രമിച്ചിരുന്നു. വവ്വാക്കാവില്‍ വച്ച് പുലര്‍ച്ചെ അനീര്‍ എന്ന യുവാവിനെയടക്കം രണ്ടുപേരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇവരുടെ പൊതുശത്രുവായിരുന്നു അനീര്‍. ഈ ആക്രമണമാണ് കടത്തൂര്‍ സംഘത്തെ പ്രകോപിപ്പിച്ചത്. അനീറിനെ ആക്രമിച്ച കേസിലെ പ്രതികളായതുകൊണ്ടാണ് സന്തോഷ് വധക്കേസില്‍ അതുലിനെ പോലീസ് പെട്ടെന്ന് തിരിച്ചറിഞ്ഞത്.അന്ന് ആക്രമിക്കപ്പെട്ട അനീറും സംഘവുമാണ് അതുലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍.

ജിം സന്തോഷിനെ കൊല്ലാന്‍ അലുവ അതുല്‍ ഉദ്ദേശിച്ചിരുന്നില്ല?

ഗൂണ്ടയായ ജിം സന്തോഷും കരുനാഗപ്പള്ളിയിലെ ഒരു ഫാം ഉടമയും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തര്‍ക്കങ്ങളാണ് ഈ ചോരക്കളിക്ക് തുടക്കമിട്ടത്. ഈ പ്രശ്‌നം നിയമപരമായി പരിഹരിക്കുന്നതിന് പകരം സന്തോഷിനെ വകവരുത്താന്‍ ഫാം ഉടമ തിരഞ്ഞെടുത്തത് ക്വട്ടേഷന്‍ പാതയായിരുന്നു. ഈ കൊലവിളി ഏറ്റെടുത്തതാകട്ടെ, ഓച്ചിറ കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്ന കുപ്രസിദ്ധ കുറ്റവാളി പങ്കജ് മേനോനും. പങ്കജ് മേനോന്‍, തനിക്ക് ജിം സന്തോഷുമായുള്ള മുന്‍വൈരാഗ്യം കൂടി തീര്‍ക്കാനുള്ള അവസരമായി ഈ ക്വട്ടേഷനെ ഉപയോഗിക്കുകയായിരുന്നു.

2025 മാര്‍ച്ച് 27-ന് പുലര്‍ച്ചെ രണ്ട് മണിയോടെ അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിന്റെ വീട്ടിലെത്തി. വീടിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതില്‍ തകര്‍ത്ത് അകത്തുകയറി. അമ്മയുടെ മുന്നിലിട്ട് സന്തോഷിന്റെ കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ക്കുകയും ശരീരമാസകലം വെട്ടുകയും ചെയ്തു. രക്തം വാര്‍ന്നാണ് സന്തോഷ് മരിച്ചത്. ഈ കേസില്‍ ഒന്നാം പ്രതിയായിരുന്നു അതുല്‍.




ജിം സന്തോഷ് അതീവ ഗുരുതരാവസ്ഥയില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്, മരണത്തിന് തൊട്ടുമുന്‍പ് തന്നെ വകവരുത്താന്‍ ശ്രമിച്ചവരുടെ പേരുകള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. അലുവ അതുല്‍, മൈന എന്ന ഹരി, പ്യാരി, രാജപ്പന്‍ എന്ന രാജീവ്, സാമുവല്‍, മനു, ചക്കര എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് തന്നെ വെട്ടിയതെന്ന് സന്തോഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ഈ മൊഴിയായിരുന്നു കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവ്.

ജിം സന്തോഷിനെ വധിക്കാന്‍ അതുലിനും സംഘത്തിനും ഉദ്ദേശമില്ലായിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന വിവരം. സന്തോഷിനെ അടിച്ചു കിടപ്പിലാക്കാന്‍ വേണ്ടിയായിരുന്നു സംഘം എത്തിയത്. സന്തോഷിന്റെ മരണം ആസ്മ സംബന്ധമായ ശ്വാസതടസ്സവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവും മൂലമാണെന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രൂരമായ ആക്രമണം ഇതിന് ആക്കം കൂട്ടി. ജിം സന്തോഷ് വധ കേസില്‍ അതുലും സംഘവും പെടാന്‍ കാരണം അനീറിനെ വെട്ടിയതുകൊണ്ടാണ്. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ആളാരെന്ന് പൊലീസിന് മനസ്സിലായത്. കാരണം അനീറിനെ മുമ്പും അവര്‍ ആക്രമിച്ചിരുന്നു.

'ഓപ്പറേഷന്‍ അതുല്‍': നടന്നത് ഇങ്ങനെ

ജാമ്യത്തിലിറങ്ങിയ അതുല്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്ന വഴി പുതിയകാവിലെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതിയും കാര്‍ ഓടിച്ചിരുന്നയാളുമായ മനുവിന് (കുക്കു) കൈയ്ക്ക് വെട്ടേറ്റു. അതുലിനെ തീര്‍ക്കാന്‍ തന്നെ ഉറച്ചാണ് അക്രമി സംഘം എത്തിയത്. മനുവിനെ പരിക്കേല്‍പ്പിച്ച ശേഷം അതുലിനെ ലക്ഷ്യം വെച്ച് മാരകമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.




പോലീസിന്റെ ഗുരുതര വീഴ്ച

അലുവ അതുല്‍ വധത്തില്‍ പോലീസിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതുലിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് അത് അവഗണിച്ചു.പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്ന വഴി ഇത്തരമൊരു കൊലപാതകം നടന്നത് സുരക്ഷാ സംവിധാനങ്ങളുടെ പരാജയമായി കണക്കാക്കപ്പെടുന്നു.

അലുവ അതുല്‍: ലഹരിയും ഗുണ്ടാഭീകരതയും

കൊല്ലപ്പെട്ട അതുല്‍ കരുനാഗപ്പള്ളി മേഖലയിലെ ഭീതിയുടെ അടയാളമായിരുന്നു. കൊലപാതകത്തിന് പുറമെ എം.ഡി.എം.എ കടത്തിലും ഇയാള്‍ പ്രതിയായിരുന്നു. മുന്‍പ് ഒരു ലഹരിമരുന്ന് വേട്ടയ്ക്കിടെ പോലീസിനെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും വഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്.

പോലീസിന്റെ പ്രതികരണം

ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചത് അനുസരിച്ച്, പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ എല്ലാ ഗുണ്ടകളെയും കസ്റ്റഡിയിലെടുക്കാന്‍ കടുത്ത നിര്‍ദ്ദേശം ഡിജിപി നല്‍കിക്കഴിഞ്ഞു.

കടത്തൂര്‍ സംഘവും അലുവ അതുലിന്റെ അനുയായികളും തമ്മിലുള്ള കുടിപ്പക കരുനാഗപ്പള്ളിയില്‍ ഇനിയും ചോരയൊഴുക്കുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. ലഹരി മാഫിയയുടെ പിന്തുണയുള്ള ഈ ഗുണ്ടാവാഴ്ചയ്ക്ക് അറുതി വരുത്താന്‍ പോലീസിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Tags:    

Similar News