സംവിധായകന് തിരക്കഥ നല്‍കിയത് എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെ; രണ്ടാമൂഴം സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്‌നമെന്നത് തെറ്റായ പ്രചരണം; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.ടിയുടെ മകള്‍ അശ്വതി
പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.ടിയുടെ മകള്‍ അശ്വതി
കോഴിക്കോട്: 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കണമെന്ന എം.ടി.വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനൊരുങ്ങി കുടുംബം. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താല്‍പര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചര്‍ച്ച തുടങ്ങിയിരുന്നു.
എന്നാല്‍ സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്‌നമാണെന്നുള്ള പ്രചരണം തെറ്റാണെന്ന് എം.ടിയുടെ മകള്‍ അശ്വതി പ്രതികരിച്ചു. എംടിയുടെ രണ്ടാമൂഴം നോവല്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ഇറക്കാനുള്ള ഒരുക്കങ്ങളുടെ പ്രാഥമിക ഘട്ടത്തിലാണ്. എന്നാല്‍ ഈ സിനിമ ചെയ്യാനായി സംവിധായകനെ നിര്‍ദേശിച്ചത് പ്രശസ്ത സംവിധായകന്‍ മണിരത്നമാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ പ്രചാരണം വ്യാജമാണെന്ന് എം.ടിയുടെ കുടുംബം പ്രതികരിച്ചു.
രണ്ടാമൂഴം സിനിമയ്ക്ക് ആവശ്യമായ എല്ലാ റഫറന്‍സ് മെറ്റീരിയലുകളുടെയും വിശദാംശങ്ങള്‍ സീന്‍ ബൈസീന്‍ എങ്ങനെയായിരിക്കണമെന്നും കഥാപാത്രങ്ങളുടെ മാനറിസവും വേഷവിധാനവും പ്രോപ്പര്‍ട്ടികളുടെ വിവരണങ്ങളും വരെ എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അശ്വതി പറഞ്ഞു.
വിവിധ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വര്‍ഷങ്ങള്‍ക്കു മുന്‍പേ എംടി പൂര്‍ത്തിയാക്കിയിരുന്നു.
സംവിധായകനായ മണിരത്‌നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. ഇതിനായി ആറ് മാസത്തോളം അദ്ദേഹത്തെ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട സിനിമയായതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പറഞ്ഞ മണിരത്‌നം പിന്നീട് പിന്‍മാറി. മണിരത്‌നമാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാര്‍ശ ചെയ്തതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അഞ്ചുമാസം മുമ്പ് ഈ സംവിധായകന്‍ എം.ടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി.
പല വന്‍കിട കമ്പനികളും തിരക്കഥ സിനിമയാക്കാന്‍ സമീപിച്ചിരുന്നെങ്കിലും നടക്കാതെ പോയി.രണ്ടാമൂഴത്തിനായി ശ്രീകുമാര്‍ മേനോനുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും നിര്‍മ്മാണം നീണ്ടുപോയത് നിയമ നടപടികളിലേക്ക് നീങ്ങുകയും ശ്രീകുമാര്‍ മേനാന്‍ കരാറില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തുന്നു. പിന്നീടാണ് മകള്‍ അശ്വതി നായരെ എംടി തിരക്കഥ ഏല്‍പ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകന്റെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നായിരിക്കും രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.
എംടിയുടെ 9 ചെറുകഥകള്‍ ചേര്‍ത്ത് 9 സംവിധായകര്‍ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയില്‍ റിലീസ് ചെയ്ത 'മനോരഥങ്ങള്‍' എന്ന സിനിമ നിര്‍മിച്ചത് എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന നിര്‍മാണക്കമ്പനിയാണ്. ഏറെ താമസിയാതെ സംവിധായകന്‍ കോഴിക്കോട്ടെത്തുമെന്നും ശേഷം അദ്ദേഹവും എംടിയുടെ കുടുംബവും ചേര്‍ന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.