കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി; 583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി; സംസ്ഥാന ബജറ്റിന് തലേന്ന് പദ്ധതി അവതരിപ്പിച്ചത് ഇ ശ്രീധരന്റെ അതിവേഗ റെയില്‍പദ്ധതിക്ക് ബദലായി

കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം

Update: 2026-01-28 15:39 GMT

തിരുവനന്തപുരം: അതിവേഗ റെയില്‍വേ പദ്ധതി സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പു വിഷയമായി മാറുന്നു. കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യത്തില്‍ ഇ ശ്രീധരന്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍വേ പദ്ധതിക്ക് ബദലായി മറ്റൊരു അതിവേഗ റെയില്‍പാതയുമായി കേരളം രംഗത്തെത്തി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ ആസൂത്രണം ചെയ്ത് കെ റെയില്‍ പദ്ധതി പ്രാവര്‍ത്തികമാകില്ലെന്ന ഘട്ടത്തിലാണ് പുതിയ പദ്ധതി സംസ്ഥാനം അവതരിപ്പിച്ചത്.

583 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്.

ഡല്‍ഹി - മിററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറില്‍ 160 - 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആര്‍ആര്‍ടിഎസുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനം പൂര്‍ണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.

എന്‍സിആര്‍ടിസി വഴി ഡല്‍ഹി - എന്‍സിആര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ആര്‍ആര്‍ടിഎസ് പദ്ധതി ഡല്‍ഹി - എന്‍സിആര്‍ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡിപിആര്‍ സമര്‍പ്പിക്കപ്പെടുന്നത് അനുസരിച്ച് കേരളത്തിലെ ആര്‍ആര്‍ടിഎസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദര്‍ശന വേളയില്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയില്‍വേ സംവിധാനമായ ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പില്‍ കൂടെയുള്ള മോഡലിന് പകരം തൂണുകള്‍ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും ആയിരിക്കും.

ആര്‍ആര്‍ടിഎസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കും. കൊച്ചി മെട്രോയുമായും ഭാവിയില്‍ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആര്‍ആര്‍ടിഎസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി മെച്ചപ്പെടുകയും സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. പദ്ധതിച്ചെലവിന്റെ 20% സംസ്ഥാന സര്‍ക്കാര്‍, 20% കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60% അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ദില്ലി ആര്‍ആര്‍ടിഎസ് നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ഇ ശ്രീധരന്റെ അതിവേഗ പദ്ധതി എങ്ങനെ?

തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍ സമയവുമാണ് വേണ്ടിവരുന്ന അതിവേഗ റെയില്‍വേ പാതയ്ക്കാണ് ഇ ശ്രീധരന്‍ വിഭാവനം ചെയ്തത്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗം. കേരളത്തില്‍ 22 സ്റ്റോപ്പുകളാകും ഉണ്ടാവുക. സില്‍വര്‍ ലൈനില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ മൂന്നിലൊരു ഭാഗം ഭുമി മാത്രമേ അതിവേഗ റെയിലിന് വേണ്ടിവരികയുള്ളു. എഴുപത് ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാത്താവളങ്ങളെ ബന്ധിപ്പിക്കുന്നതാവും അതിവേഗ റെയില്‍ പദ്ധതി. പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആവശ്യത്തിന് മാത്രമേ സ്ഥലമേറ്റെടുക്കുകയുള്ളു. തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. ആ ഭൂമിയില്‍ കെട്ടിടങ്ങള്‍ കെട്ടാന്‍ അനുമതി ഉണ്ടാവില്ല. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

പരമാവധി ആളുകളെ കയറ്റണമെന്നതിനാല്‍ 25 കിലോമീറ്ററിനിടയില്‍ സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം. എടപ്പാള്‍. തിരൂര്‍, കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍

എട്ടുകോച്ചുകളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരമാവധി 16 കോച്ചുകള്‍ മാത്രമെ പാടുളളൂ. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ടെക്നോളജിയുള്ള കോച്ചുകള്‍ തന്നെയായിരിക്കും ഉപയോഗിക്കുക. 8 കോച്ചില്‍ 560 ആളുകള്‍ക്ക് സഞ്ചരിക്കാം. നിന്ന് പോകല്‍ സാധ്യമല്ല. ഒരുകിലോമീറ്റര്‍ ദൂരത്തിന് എല്ലാം ഉള്‍പ്പടെ ചെലവ് 200 കോടിയാണ്. ആകെ 86,000 കോടി ചെലവ് വരും. പണിപൂര്‍ത്തിയാകുമ്പോഴെക്കും ഒരുലക്ഷം കോടി ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

Tags:    

Similar News