'റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു'; മാനന്തവാടിക്കാരനും കുടുംബവും എവിടെ എന്ന് അന്വേഷിച്ച് വിവിധ ഏജന്‍സികള്‍; ഏതെങ്കിലും അന്വേഷകരുടെ 'സേഫ് കസ്റ്റഡിയില്‍' ആവാനും സാധ്യത; നോര്‍ട്ടയില്‍ ദുരൂഹത മാത്രം

നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്ന ഒരു ബിസിനസ് ട്രിപ്പ് റിന്‍സണ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ റിന്‍സണ്‍ ട്രിപ്പിലാണെന്ന് ആരും കരുതുന്നില്ല.

Update: 2024-09-21 01:20 GMT


ബള്‍ഗേറിയ: ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തിരോധാനം. ഇദ്ദേഹം എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ലെന്ന് യുകെ ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിന്‍സന്റെ കുടുംബത്തെ കുറിച്ചും ആര്‍ക്കും ഒരു വിവരവുമില്ല. മാനന്തവാടിയിലെ ബന്ധുക്കളും റിന്‍സനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വിശദീകരിക്കുന്നത്.

'റിന്‍സണ്‍ സ്വയമറിയാതെ ഇസ്രായേലിനെ സഹായിച്ചു' എന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിവാദത്തില്‍ റിന്‍സന്റെ നിലപാട് വിശദീകരണം നിര്‍ണ്ണായകമാണ്. നേരത്തേ തന്നെ പ്ലാന്‍ ചെയ്തിരുന്ന ഒരു ബിസിനസ് ട്രിപ്പ് റിന്‍സണ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ റിന്‍സണ്‍ ട്രിപ്പിലാണെന്ന് ആരും കരുതുന്നില്ല. അതിനിടെ ബിഎസി കമ്പനിയുടെ സിഇഒ ക്രിസ്റ്റിന ബാര്‍സോണി ആര്‍സിഡിയാകോനോ നിലവില്‍ ഹംഗേറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിന്‍സണും സമാനമായ രീതിയില്‍ അന്വേഷണ ഏജന്‍സികളുടെ സംരക്ഷണയിലാണോ എന്നത് വ്യക്തമല്ല. എന്നാല്‍ ഒരു ഏജന്‍സിയും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നില്ല.

ആക്രമണത്തെ കുറിച്ച് റിന്‍സണ് അറിവില്ലെന്ന് മറ്റ് നിരവധി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹിസ്‌ബൊള്ളയുടെ ആശയവിനിമയ ശൃംഖലയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ചും, നിരവധി പേരുടെ മരണത്തിനിടയാക്കിയുമാണ് പേജറുകള്‍ പൊട്ടിത്തെറിച്ചത്. പേജറുകളില്‍ നേരത്തേക്കൂട്ടി സ്‌ഫോടക വസ്തു നിറച്ചിരുന്നെന്നും, അതല്ല പേജറുകളുടെ ബാറ്ററി പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്നുമെല്ലാം ഊഹാപോഹങ്ങള്‍ വരുന്നുണ്ട്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. പേജറുകളുടെ ഏതെങ്കിലുമൊരു ബാച്ചിലെ ഉല്‍പ്പന്നങ്ങളില്‍ ആരെങ്കിലും കൃത്രിമം വരുത്തിയതാകാം. അതല്ലെങ്കില്‍ സ്‌ഫോടകവസ്തു നിറച്ച പേജറുകളില്‍ ഗോള്‍ഡ് അപ്പോളോ എന്ന ലേബല്‍ പതിപ്പിച്ച് ലെബനണിലേക്ക് അയച്ചതുമാകാം. എന്നാല്‍ ഒന്നിനും ഇനിയും വ്യക്തത വന്നിട്ടില്ല.

സ്‌ഫോടനത്തില്‍ റിന്‍സണ്‍ ജോസിന്റെ പങ്ക് ഇപ്പോഴും അന്താരാഷ്ട്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ റിന്‍സണ്‍ ജോസ് നോര്‍വേ പൗരനാണ്. തലസ്ഥാനമായ ഓസ്ലോയില്‍ കുടുംബസമേതം സ്ഥിര താമസം. സ്ഫോടന പരമ്പര തുടങ്ങിയ 17 മുതല്‍ റിന്‍സണിന്റെ വിവരങ്ങള്‍ ലഭ്യമല്ല. നോര്‍വേ, ബള്‍ഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജന്‍സികള്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. പേജറുകളുടെ സപ്ലൈ ശൃംഖലയില്‍ കമ്പനി ഉണ്ടോയെന്നാണ് സംശയം.

പേജറുകള്‍ക്ക് കമ്പനി വഴി പണം കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്, നോര്‍ട്ട ലിങ്ക്. രജിസ്‌ട്രേഷന്‍ ബള്‍ഗേറിയയില്‍. സോഫിയ നഗരത്തിലെ ബഹുനില മന്ദിരമാണ് വിലാസം. എന്നാല്‍ ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. ലെബനനിലെ പേജര്‍-വാക്കിടോക്കി സ്‌ഫോടനത്തിനുപിന്നാലെ ഇസ്രയേലും സായുധസംഘമായ ഹിസ്ബുള്ളയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ ശക്തമാക്കിയതോടെ, പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമാണ്. അതുകൊണ്ടു തന്നെ വിവിധ രാജ്യങ്ങള്‍ നടത്തുന്ന അന്വേഷണം നിര്‍ണ്ണായകവുമാണ്.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലുണ്ടായ പേജര്‍ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലേക്ക് സൈനികനടപടി കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചു.

Tags:    

Similar News