മാനന്തവാടിക്കാരന്‍ അമേരിക്കയിലേക്ക് നീങ്ങിയെന്ന് സൂചന; റിന്‍സണേയോ ഭാര്യയേയോ ഫോണില്‍ കിട്ടാത്ത വിഷമത്തില്‍ കുടുംബക്കാര്‍; അന്വേഷിക്കാന്‍ കേരളാ പോലീസും; ലബനന്‍ പേജര്‍ വിവാദം മലയാളിയെ ഞെട്ടിക്കുമ്പോള്‍

ഹിസ്ബുള്ളയ്ക്ക് കൈമാറിയ പേജറുകളുടെ പണമിടപാടുകള്‍ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളത്.

By :  Remesh
Update: 2024-09-20 09:45 GMT

കൊച്ചി: ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസിനെ കുറിച്ച് കേരളാ പോലീസും അന്വേഷണം തുടങ്ങി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിന്‍സണിന്റെ വയനാട്ടിലെ വീട്ടിലെത്തി വിവര ശേഖരണം നടത്തി. അതിനിടെ റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. റിന്‍സണ്‍ അമേരിക്കയിലാണെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് റിന്‍സണ്‍ നിലവില്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതതില്‍ നിന്ന് ലഭിക്കുന്ന വിവരം. മാനന്തവാടിയിലാണ് റിന്‍സണിന്റെ വീട്. കുറച്ചു കാലം മുമ്പും റിന്‍സണും ഭാര്യയും മകനും നാട്ടില്‍ വന്നു പോയിരുന്നു.

ലബനന്‍ പേജര്‍ വിവാദം അങ്ങനെ മാനന്തവാടിയേയും ഞെട്ടിക്കുകയാണ്. വിവാദങ്ങളെ കുറിച്ച് അറിഞ്ഞുവെന്നും റിന്‍സണ്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും മടങ്ങിയെത്തിയ ശേഷം ഇതേകുറിച്ച് അന്വേഷിക്കുമെന്നാണ് , ഡി എന്‍ മീഡിയ കമ്പനി സിഇഒ പ്രതികരിച്ചത്. അതേസമയം ഇങ്ങനെയെതാരു തെറ്റ് ചെയ്യുന്ന ആളല്ല റിന്‍സണെന്നും റിന്‍സണ്‍ തെറ്റ് ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് റിണ്‍സണിന്റെ അമ്മാവന്‍ തങ്കച്ചന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും ചതിപ്രയോഗമാകാമെന്നും അദ്ദേഹം പറഞ്ഞു. റിന്‍സനേയോ ഭാര്യയെയോ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിലെ തറവാട് വീടിന് അടുത്തുള്ളവര്‍ക്കും റിന്‍സണെ കുറിച്ച് നല്ല മതിപ്പാണ്.

റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്ഫോനത്തിന് ശേഷം നോര്‍ട്ടയുടെ വെബ്സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിന്‍സണ്‍ പേജറുകള്‍ വിതരണം ചെയ്തത് ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ്. ഈ കമ്പനിക്ക് റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ കൈമാറിയത് റിന്‍സണ്‍ ആണോ ഇതിന് ആരെയാണ് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കേരളത്തില്‍ ജനിച്ച നോര്‍വേ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ പങ്കിനെക്കുറിച്ച് നോര്‍വേ പോലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളതായിട്ടാണ് വിവരം. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ വാങ്ങാന്‍ ഇസ്രയേലിനെ സഹായിച്ചതില്‍ റിന്‍സന്റെ പങ്കാണ് അന്വേഷിക്കുന്നത്.

ഇസ്രയേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങില്‍ നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറാന്‍ ഇടനില നിന്നത് ഒരു ബള്‍ഗേറിയന്‍ ഷെല്‍ കമ്പനിയുടെ ഉടമയായ റിന്‍സണ്‍ ആണോയെന്നാണ് സംശയം. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലെ ഒരു റസിഡന്‍ഷ്യല്‍ വിലാസത്തില്‍ 2022 ഏപ്രിലില്‍ സ്ഥാപിതമായ നോര്‍ട്ട ഗ്ളോബല്‍ എന്ന കമ്പനിയുടെ ഉടമസ്ഥന്‍ റിന്‍സണ്‍ ജോസാണ്്. ഈ കമ്പനി വഴിയാണ് ഇസ്രായേലിന്റെ ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസ് സി കണ്‍സള്‍ട്ടിംഗില്‍ നിന്നുമാണ് പേജറുകള്‍ പോയത്. ബിഎസ്സി കണ്‍സള്‍ട്ടിങ് കടലാസ് കമ്പനി മാത്രമാണെന്നാണ് വിവരം.

ഹിസ്ബുള്ളയ്ക്ക് കൈമാറിയ പേജറുകളുടെ പണമിടപാടുകള്‍ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളത്. പേജര്‍ സ്ഫോടന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം നോര്‍ട്ട ഗ്ലോബല്‍ വെബ്സൈറ്റും റിന്‍സണുമെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. അതേസമയം ഇസ്രായേലിന്റെ നിഗൂഡ പദ്ധതിയായ പേജര്‍ സ്ഫോടനത്തെക്കുറിച്ചോ ഇസ്രായേലി ഏജന്റായി പ്രവര്‍ത്തിച്ച ക്രിസ്റ്റ്യാന ആര്‍സിഡിയാക്കോണോ-ബാര്‍സണിയെക്കുറിച്ചോ റിന്‍സണ് അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.

അവരുടെ ലോജിസ്റ്റിക്സ് എല്ലാം കൈകാര്യം ചെയ്തിരുന്നത് നോര്‍ട്ട ഗ്ലോബലാണ്. റിന്‍സന്റെ കമ്പനിയില്‍ ജീവനക്കാരില്ലെന്നും ബള്‍ഗേറിയന്‍ ഷെല്‍ കമ്പനി ഏജന്‍സിയായ ഏജന്റസ്യ സ നോവി ഫേമിയുമായി ബന്ധമുള്ള വിലാസത്തില്‍ നിന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News