താന്‍ ഇവിടെ വന്ന അന്ന് മുതല്‍ പ്രസിഡന്റ് ഉപദ്രവിക്കുകയാണെന്നും സഹിക്കാന്‍ വയ്യാതെയാണ് കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിച്ചതെന്നും സിന്ധു! വെള്ളനാട് ശശി 'സൂപ്പര്‍ ഹീറോയോ'? വനിതാ ഉദ്യോഗസ്ഥയെ മുറിയില്‍ പൂട്ടിയിട്ടിട്ടും കേസില്ല; സംരക്ഷിക്കുന്നത് രാഷ്ട്രീയ സ്വാധീനം? വെള്ളനാട് സംഭവിക്കുന്നത് എന്ത്? ഇത് പഞ്ചായത്ത് സെക്രട്ടറിയ്ക്കും രക്ഷയില്ലാ നാട്
തിരുവനന്തപുരം: നിയമവും നീതിയും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ പടിവാതില്‍ക്കല്‍ മുട്ടു മടക്കുകയാണോ? സ്വന്തം ഓഫീസിലെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും സംഘവും മുറിയില്‍ പൂട്ടിയിട്ടിട്ടും, ആത്മഹത്യാശ്രമം വരെ നടന്നിട്ടും കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ ദുരൂഹത ഏറുന്നു. കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മിലേക്ക് ചുവടുമാറിയ ശശിയെ രക്ഷിക്കാന്‍ ഭരണകൂടം നേരിട്ട് ഇടപെടുന്നു എന്ന ആരോപണമാണ് ഉയരുന്നത്.
പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിനെ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പഞ്ചായത്ത് വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച പ്രസിഡന്റ്, ഇത് ചോദ്യം ചെയ്ത സെക്രട്ടറിയെ അക്രമിക്കുകയായിരുന്നു. സഹികെട്ട് സെക്രട്ടറി ആത്മഹത്യാശ്രമം വരെ നടത്തിയ സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസിനോടും വെള്ളനാട് ശശി തട്ടിക്കയറി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഒരു സ്ത്രീയെ തടഞ്ഞുവെക്കുകയും ചെയ്തിട്ടും ശശിക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് സൂചന.
ഇതാദ്യമായല്ല വെള്ളനാട് ശശി ഇത്തരത്തില്‍ പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സെക്രട്ടറിയുടെ വാഹനം വഴിയില്‍ തടഞ്ഞിട്ട ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 2024-ല്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ച കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും രാഷ്ട്രീയ സ്വാധീനം ശശിക്ക് തുണയാവുകയാണ്. വെള്ളനാട് പഞ്ചായത്തില്‍ തന്നെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന ഒരു 'അഞ്ഞൂറാന്‍' ശൈലിയാണ് ശശി പിന്തുടരുന്നത് എന്നാണ് ആരോപണം.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഭരണകൂടം സ്വന്തം പാര്‍ട്ടിയിലെ ഒരു നേതാവ് വനിതാ ഉദ്യോഗസ്ഥയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോള്‍ മൗനം പാലിക്കുകയാണ്. ഗസറ്റഡ് ജീവനക്കാരുടെ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഭരണപക്ഷത്തെ പ്രധാന സംഘടന പോലും സെക്രട്ടറിക്കൊപ്പം നില്‍ക്കാതെ ഭരണകൂട താല്പര്യങ്ങള്‍ക്ക് വഴങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്.
താന്‍ ഇവിടെ വന്ന അന്ന് മുതല്‍ പ്രസിഡന്റ് ഉപദ്രവിക്കുകയാണെന്നും സഹിക്കാന്‍ വയ്യാതെയാണ് കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിച്ചതെന്നും സിന്ധു കരഞ്ഞുപറയുമ്പോഴും, നിയമം കണ്ണടച്ചിരിക്കുകയാണ്. രാഷ്ട്രീയ ചുവടുമാറ്റത്തിലൂടെ നേടിയെടുത്ത സംരക്ഷണ കവചം വെള്ളനാട് ശശിയെ ഇനിയും എത്രനാള്‍ തുണയ്ക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സിന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്ത്രീയെന്ന പരിഗണന നല്‍കാതെ പട്ടികജാതിക്കാരി എന്ന നിലയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്നും സിന്ധു പറഞ്ഞിരുന്നു. യോഗങ്ങളില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കുന്നുവെന്നും തന്നെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സിന്ധു വ്യക്തമാക്കിയിരുന്നു. തന്റെ വണ്ടി തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തു.
മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. താന്‍ എസ് സി വിഭാഗക്കാരിയായതിനാല്‍ കമ്മിറ്റിയില്‍ കയറ്റില്ല. അദ്ദേഹം പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന നിലപാടാണ് വെള്ളനാട് ശശിക്കെന്നും സിന്ധു ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും തങ്ങളെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് പരാതി കൊടുത്തിടത്തു നിന്ന് ലഭിച്ചിരുന്നതെന്നും സിന്ധു അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു.
പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമായിരുന്നു ഒരു കാലത്ത്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടര്‍ന്നാണ് ശശി പാര്‍ട്ടി വിട്ടത്. സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ വെള്ളനാട് ശശിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം പ്രതികരിച്ചത്.
